28 in Thiruvananthapuram

ഉത്തര്‍പ്രദേശില്‍ 40 സീറ്റ് ചോദിച്ച് കോണ്‍ഗ്രസ്, ബീഹാറില്‍ പന്ത്രണ്ടും വേണം; നിലപാട് കടുപ്പിക്കുന്നു

Posted by: TV Next January 4, 2024 No Comments

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യ സഖ്യത്തില്‍ ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍ വളരെ കൂടുതല്‍ സീറ്റുകള്‍ തന്നെ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര്‍പ്രദേശിലെ 80 സീറ്റില്‍ 40 എണ്ണത്തില്‍ ഭരിക്കുമെന്നും കോണ്‍ഗ്രസ് നിലപാടെടുത്തിരിക്കുകയാണ്.

അതേസമയം യുപിയില്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസ്. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി രണ്ടില്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാന്‍ തയ്യാറല്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ അടക്കം അഖിലേഷിനെയും എസ്പിയെയും അവഗണിച്ചിരുന്നു കോണ്‍ഗ്രസ്.

യുപിയില്‍ കോണ്‍ഗ്രസ് ദുര്‍ബലമാണെന്ന് എസ്പി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇത് സത്യവുമാണ്. അങ്ങനെയുള്ളപ്പോള്‍ നാല്‍പ്പത് സീറ്റ് കോണ്‍ഗ്രസിന് മത്സരിക്കാനായി നല്‍കുന്നത് ആത്മഹത്യപരമാണ്. അതല്ലെങ്കില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുന്നത് പരിഗണിക്കേണ്ടി വരും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഒരു സീറ്റില്‍ പോലും വിജയിക്കുക അസാധ്യമായിരിക്കും.

അതേസമയം ബീഹാറില്‍ പത്ത് മുതല്‍ പന്ത്രണ്ട് സീറ്റില്‍ വരെ മത്സരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ബീഹാറില്‍ 40 സീറ്റാണ് ഉള്ളത്. എന്നാല്‍ ഇത്രയും സീറ്റുകള്‍ ജെഡിയുവും ആര്‍ജെഡിയും കോണ്‍ഗ്രസിന് നല്‍കാന്‍ സാധ്യതയില്ല. പ്രധാന കാരണം കഴിഞ്ഞ നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയിട്ടും 19 സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണ് ബീഹാറില്‍ പാര്‍ട്ടിയുള്ളത്.കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കുന്നത് സഖ്യത്തിന്റെ വിജയസാധ്യതയെ തന്നെ ബാധിക്കുമെന്ന് പ്രതിപക്ഷത്തെ മറ്റ് നേതാക്കള്‍ക്ക് അറിയാം. എന്നാല്‍ മത്സരിക്കേണ്ട മണ്ഡലങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോവുകയാണ്. മത്സരിച്ചാല്‍ വിജയിക്കുമെന്ന് സാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടികയാണ് കോണ്‍ഗ്രസ് തയ്യാറാക്കുന്നത്.

നിലവില്‍ യുപിയിലെ 40 സീറ്റുകളുടെ പട്ടികയാണ് തയ്യാറാക്കുന്നത്. ഇന്ന് നടക്കുന്ന കോണ്‍ഗ്രസ് യോഗത്തില്‍ ഇത് അവതരിപ്പിച്ചേക്കും. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് ശക്തമായ മുന്നേറ്റം നടത്താനാവുമെന്നാണ് കോണ്‍ഗ്രസ് അവകാശവാദം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിഎസ്പി കൂടുതല്‍ സീറ്റുകള്‍ നേടിയത് പോലെ ഇത്തവണ തങ്ങളെ പരിഗണിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.


ആംറോഹ, സഹാരണ്‍പൂര്‍, ലഖിംപൂര്‍ ഖേരി, ബിജ്‌നോര്‍, മൊറാദാബാദ്, ലഖ്‌നൗ, റായ്ബറേലി, അമേഠി, ബാരബങ്കി എന്നീ സീറ്റുകള്‍ ഉറപ്പായും വിജയിക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇവയില്‍ ന്യൂനപക്ഷ വോട്ടുകള്‍ വളരെ കൂടുതലാണ്. ഇവ എസ്പിയുടെ അനുകൂല മേഖല കൂടിയാണ്. ബീഹാറില്‍ കാത്തിഹാര്‍, കിഷന്‍ഗഞ്ച്, പൂര്‍ണിയ, ഔറംഗബാദ്, ഭാഗല്‍പൂര്‍, ബക്‌സര്‍, സസാറാം, മോട്ടിഹാരി, നവാഡ, പട്‌ന എന്നിവയാണ് കോണ്‍ഗ്രസ് മത്സരിക്കാനായി പരിഗണിക്കുന്നത്. നേരത്തെ ഈ റിപ്പോര്‍ട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും സോണിയാ ഗാന്ധിക്കും സംസ്ഥാന നേതൃത്വം നല്‍കിയതാണ്. 291 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കാനായി തീരുമാനിച്ചിരിക്കുന്നത്.