28 in Thiruvananthapuram

പ്രധാനമന്ത്രി മോദി നാളെ കേരളത്തിൽ; തൃശൂർ തേക്കിൻകാട് മൈതാനം ചുറ്റി റോഡ് ഷോ

Posted by: TV Next January 2, 2024 No Comments

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിൽ എത്തും. ഉച്ചയോടെ കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രി തൃശൂരിലേക്ക് പോകും.തേക്കിൻകാട് മൈതാനം ചുറ്റി അദ്ദേഹത്തിന്റെ റോഡ് ഷോയും നാളെ നടക്കും. റോഡ് ഷോയ്ക്ക് ശേഷം മഹാളാ സമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിക്കും.

ഇന്ന് തമിഴ്നാട്ടിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി തമിഴ്നാട്ടിൽ എത്തുന്നത്. റോഡ്, റെയിൽ, വ്യോമ ​ഗതാ​ഗത മേഖലയിലാണ് പദ്ധതികൾ. 19500 കോടിയുടെ വികസന പദ്ധതികളാണ് അദ്ദേഹം ഉദ്ഘാടനം ചെയ്യുന്നത്.

അതേ സമയം, തൃശൂരിലെ റോഡ് ഷോയും പൊതു സമ്മേളനവും അടക്കമുള്ള പരിപാടികളിലായി രണ്ടര മണിക്കൂറോളം അദ്ദേഹം ചെലവഴിക്കും. 3 മണിക്ക് ഹെലി കോപ്റ്റർ കുട്ടനെല്ലൂർ ഹെലിപ്പാഡിൽ ആകും പ്രധാനമന്ത്രി എത്തുന്നത്. തുടർന്ന് റോഡ് മാർ​ഗം തൃശൂരിലേക്ക്. കളക്ടർ ഉൾപ്പെടെയുള്ളവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും. ബി ജെ പിയുടെ നേതൃത്വത്തിൽ കുട്ടനെല്ലൂരിലും ജില്ലാ ആശുപത്രിക്ക് സമീപവും സ്വീകരണം ഒരുക്കുന്നുണ്ട്. 3.30 ന് സ്വരാജ് റൗണ്ടിലെത്തുന്നത് മുതൽ നായ്ക്കനാലിലെ സമ്മേളന വേദിയിലേക്കുള്ള ഒരു കിലോ മീറ്ററാണ് റോഡ് ഷോ. 4.15 ന് പൊതു സമ്മേളനം. കേന്ദ്ര മന്ത്രിമാരും ദേശീയ നേതാക്കളും അണിനിരക്കുന്ന വേദയിൽ സുരേഷ് ​ഗോപിയും ഉണ്ടാവും. 5. 30 ന് പ്രധാനമന്ത്രിയുടെ മടക്ക യാത്ര. പ്രധാനമന്ത്രിയെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി.

രണ്ട് മണിക്കൂറോളം ആണ് അദ്ദേഹം തൃശൂരിൽ ഉണ്ടാവുക. ഇതിന്റെ ഭാ​ഗമായി ന​ഗരത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് രാവിലെ മുതൽ തന്നെ ന​ഗരം എസി പി ജിയുടെ നിയന്ത്രണത്തിലാകും. സമ്മേളനം നടക്കുന്ന തേക്കിൻകാട് മൈതാനത്തേക്ക് കർശന പരിശോധനയോടെയാണ് ആളുകളെ കടത്തിവിടുന്നത്. സ്‌റ്റേജിന്റെ നിർമ്മാണം ഇന്ന് പൂർത്തിയാവും. എസ് പി ജി ഉദ്യോ​ഗസ്ഥർ, കളക്ടർ വി ആർ കൃഷ്ണ തേജ, സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ നടക്കുന്നത്. നാളെ രാവിലെ മുതൽ ന​ഗരത്തിലും പരിസര പ്രദേശത്തും ​ഗതാ​ഗത നിയന്ത്രണം ഉണ്ടാവും. സുരക്ഷ മുൻനിർത്തി രാവിലെ മുതൽ സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനിയിലും സമീപത്തെ റോഡുകളിലും വാഹന പാർക്കിം​ഗ് അനുവദിക്കില്ല.