ലക്‌നൗ: വാരണാസിയിലെ ഗ്യാൻവാപി മസ്‌ജിദ് നിർമ്മിക്കുന്നതിന് മുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നുവെന്ന കണ്ടെത്തലുമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) റിപ്പോർട്ട്. പതിറ്റാണ്ടുകൾ പഴക്കമുള്ള നിയമ പോരാട്ടത്തിൽ നിർണായക വഴിത്തിരിവ് ആയേക്കാവുന്ന ഈ സംഭവ വികാസം ഹർജിക്കാരായ ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകർ ഇന്നലെയാണ് പ്രഖ്യാപിച്ചത്.
മസ്‌ജിദ് സമുച്ചയത്തിൽ സ്ഥിരമായി ആരാധന നടത്താനുള്ള അവകാശം ആവശ്യപ്പെട്ട് നാല് ഹിന്ദു സ്ത്രീകളായ ഹർജിക്കാരുടെ പ്രധാന അഭിഭാഷകൻ വിഷ്‌ണു ശങ്കർ ജെയിനാണ് പ്രഖ്യാപനം നടത്തിയത്, 839 പേജുള്ള രേഖ ഈ നിർണായക ഹിന്ദു, മുസ്ലീം പക്ഷങ്ങൾക്ക് നൽകി മിനിറ്റുകൾക്ക് ശേഷം റിപ്പോർട്ട് മാധ്യമങ്ങൾക്ക് മുൻപിൽ പരസ്യമാക്കി.
‘ശാസ്ത്രീയ പഠനങ്ങൾ/സർവേകൾ, വാസ്‌തുവിദ്യാ അവശിഷ്‌ടങ്ങൾ, തുറന്നുകാട്ടപ്പെട്ട സവിശേഷതകൾ, മറ്റ് കരകൗശലവസ്‌തുക്കൾ, ലിഖിതങ്ങൾ, കല, ശിൽപങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനത്തിന്റെ അടിസ്ഥാനത്തിൽ, നിലവിലുള്ള കെട്ടിടം നിർമ്മിക്കുന്നതിന് മുമ്പ് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് പറയാൻ കഴിയും” എഎസ്ഐ റിപ്പോർട്ട് പറയുന്നു. “എഎസ്ഐ അവരുടെ നിർണായക കണ്ടെത്തൽ നടത്തി, ഇത് വളരെ പ്രധാനപ്പെട്ട ഒന്നാണ്,” ഒരുപാട് തെളിവുകൾ കണ്ടെത്തിയെന്നും എഎസ്ഐ റിപ്പോർട്ടിനെ ഉദ്ധരിച്ച് വിഷ്‌ണു ശങ്കർ ജെയിൻ പറഞ്ഞു. 15-ാം നൂറ്റാണ്ടിലെ മസ്‌ജി കൈകാര്യം ചെയ്യുന്ന അഞ്ജുമാൻ ഇൻ്റെസാമിയ മസ്‌ജിദ് കമ്മിറ്റി റിപ്പോർട്ടിൽ കൂടുതൽ പഠിക്കാനുണ്ട് എന്നായിരുന്നു പ്രതികരിച്ചത്.
നേരത്തെ ഗ്യാന്‍വാപിയില്‍ നിലനില്‍ക്കുന്ന മസ്‌ജിദിന്റെ തൂണുകളും മറ്റും സംബന്ധിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഉദ്യോഗസ്ഥര്‍ ശാസ്ത്രീയ പഠനം നടത്തിയിരുന്നു. ഇതിനൊടുവിലാണ് ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്ത് മസ്‌ജിദ് പുനര്‍നിര്‍മാണം നടത്തുകയായിരുന്നെന്ന് സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ തന്നെ തൂണുകളും മറ്റും ചെറിയ മാറ്റങ്ങള്‍ വരുത്തി മസ്‌ജിദിനുവേണ്ടി ഉപയോഗിക്കുകയായിരുന്നെന്നും സര്‍വേയില്‍ പറയുന്നുണ്ടെന്ന് ജെയിൻ അറിയിച്ചു. തൂണുകളിലും മറ്റും ഹിന്ദു ക്ഷേത്രങ്ങളുടേതിന് സമാനമായ കൊത്തുപണികളുണ്ടായിരുന്നെന്നും, അവ രൂപമാറ്റം വരുത്തിയ ശേഷം പള്ളി നിര്‍മ്മാണത്തിനായി ഉപയോഗിക്കുകയായിരുന്നെന്നും സര്‍വേ പറയുന്നു. മസ്‌ജിദിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മതില്‍ മുന്‍പ് നിലനിന്നിരുന്ന ക്ഷേത്രത്തിന്റെ ഭാഗമാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
കൂടാതെ ഹിന്ദു ദേവതകളുടെ ശില്‍പങ്ങളും കൊത്തുപണികളുമുള്ള വസ്‌തുക്കള്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതായും അഭിഭാഷകന്‍ പറയുന്നുണ്ട്. സര്‍വേ റിപ്പോര്‍ട്ട് ഉടൻ പരസ്യമാക്കുന്നതിന് നേരത്തേ വാരാണസി ജില്ലാ ജഡ്‌ജി അനുമതി നിഷേധിച്ചിരുന്നു. കേസിന്റെ അപകട സാധ്യത കണക്കിലെടുത്തായിരുന്നു തീരുമാനം. അയോധ്യയിലെ രാമജന്മഭൂമി-ബാബരി മസ്‌ജിദ് തര്‍ക്കത്തിനുശേഷം രാജ്യത്ത് നിലനില്‍ക്കുന്ന നിരവധി സമാന കേസുകളിൽ ഒന്നാണ് ഗ്യാന്‍വാപിയിലേത്.