24 in Thiruvananthapuram

മഹാരാജാസ് കോളേജിലെ കത്തിക്കുത്ത് കേസ്; കെഎസ്‌യു പ്രവർത്തകൻ ഇജിലാൽ അറസ്‌റ്റിൽ

Posted by: TV Next January 19, 2024 No Comments

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ കെഎസ്‌യു പ്രവർത്തകൻ ഇജിലാൽ അറസ്‌റ്റിൽ. കേസിലെ എട്ടാം പ്രതിയാണ് കണ്ണൂർ സ്വദേശിയായ ഇജിലാൽ. എസ്എഫ്ഐയുടെ പരാതിയിലാണ് ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ ദിവസം കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.


അതേസമയം, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ കേസിൽ മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. കെഎസ്‌യു, ഫ്രട്ടേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. വധശ്രമം ഉൾപ്പെടെ 9 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി അബ്‌ദുൾ മാലിക്കാണ് കേസിലെ ഒന്നാം പ്രതി.

അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആറിൽ പറയുന്നത്. അതേസമയം, ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ തീരുമാനിച്ചിരുന്നു.


കോളേജ് പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന യോഗത്തിലാണ് കോളേജ് അടച്ചിടാൻ തീരുമാനിച്ചത്. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായ നാസർ അബ്‌ദുൾ റഹ്മാനാണ് സംഘർഷത്തിൽ കുത്തേറ്റത്. സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവങ്ങളുടെ തുടക്കം. കുത്തേറ്റ നാസര്‍ അബ്‌ദുള്‍ റഹ്മാന്‍ നാടകോത്സവത്തിന്റെ ചുമതലക്കാരനാണ്. രാത്രി 11.30ന് നാടക പരിശീലനത്തിന് ശേഷം ഇറങ്ങുമ്പോഴാണ് സംഘര്‍ഷമുണ്ടായതും നാസറിന് കുത്തേല്‍ക്കുകയും ചെയ്‌തതെന്നാണ്‌ റിപ്പോർട്ട്. വടിവാളും ബിയർ കുപ്പിയും മറ്റ് മാരകായുധങ്ങളുമായി എത്തിയായിരുന്നു ആക്രമണം നടന്നത്.


14 പേരടങ്ങുന്ന സംഘമാണ് നാസറിനെ ആക്രമിച്ചതെന്ന് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ തമീം റഹ്മാന്‍ ആരോപിച്ചു. കെഎസ്‌യു പ്രവര്‍ത്തകനായ അമല്‍ ടോമി, ഫ്രറ്റേണിറ്റി പ്രവര്‍ത്തകന്‍ ബിലാല്‍ എന്നിവര്‍ അക്രമി സംഘത്തിലുണ്ടായിരുന്നുവെന്നും എസ്എഫ്‌ഐ ആരോപണത്തിൽ പറയുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.