തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറിസ്റ്റില്‍ പ്രതിഷേധിച്ച് ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പന്തം കൊളുത്തി പ്രകടനം. വി ടി ബല്‍റാം, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നൈറ്റ് മാര്‍ച്ച് എന്ന പ്രതിഷേധം. മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പൊലീസ് ക്ലിഫ് ഹൗസിലും പരിസരപ്രദേശത്തും ഒരുക്കിയത്.
രാജ്ഭവന് മുന്നില്‍ നിന്നും ആരംഭിച്ച് ക്ലിഫ് ഹൗസ് പരിസരത്തേക്കായിരുന്നു മാര്‍ച്ച്. നൂറുകണക്കിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരന്നു. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള ബാനറുകള്‍ വലിച്ചുകീറുകയും ഫ്‌ളക്‌സ് ബോര്‍ഡുകളിലേക്ക് ചെളി എറിയുകയും ചെയ്തു. സര്‍ക്കാര്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും ഡി വൈ എഫ് ഐ ബോര്‍ഡുകളും പ്രവര്‍ത്തകര്‍ നശിപ്പിച്ചു.
സമരജ്വാല എന്ന പേരിലായിരുന്നു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചില്‍ വി ടി ബല്‍റാം, അബിന്‍ വര്‍ക്കി എന്നിവര്‍ സംസാരിച്ചു. തീവ്രവാദിയെ അറസ്റ്റ് ചെയ്യുന്നത് പോലെ ഇരുട്ടിന്റെ മറവിലെത്തി രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള എന്ത് സാഹചര്യമാണ് ഉണ്ടായതെന്ന് ബല്‍റാം ചോദിച്ചു. മുഖ്യമന്ത്രി മുദ്രവാക്യത്തെ പോലും ഭയക്കുന്ന ഭീരുവാണ് എന്നും അദ്ദേഹം പരിഹസിച്ചു.
മുഖ്യമന്ത്രി കേരളത്തെ കലാപകേന്ദ്രമാക്കി മാറ്റുകയാണ് എന്നും കെ സുരേന്ദ്രനെതിരെ ചെറുവിരല്‍ അനക്കാന്‍ മുഖ്യമന്ത്രിക്ക് ആര്‍ജവമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് ഇരട്ടനീതിയാണ് നടപ്പാക്കുന്നത് എന്നും വി ടി ബല്‍റാം കുറ്റപ്പെടുത്തി. എറണാകുളം, പാലക്കാട് ജില്ലകളിലും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുമെന്ന് അബിന്‍ വര്‍ക്കി അറിയിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്ന് ഇന്നും നിഷ്ഠുരമായ പെരുമാറ്റമാണ് ഉണ്ടായത് എന്നും അബിന്‍ പറഞ്ഞു. വനിതാ പ്രവര്‍ത്തകരെ തിരഞ്ഞു പിടിച്ചു ആക്രമിച്ചു. സമരചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത രീതിയാണിത്. ബൂട്ടിട്ട് ചവിട്ടാന്‍ ഇത് ബ്രിട്ടീഷ് രാജ് അല്ല എന്നും അബിന്‍ വര്‍ക്കി ഓര്‍മിപ്പിച്ചു. ബ്രിട്ടീഷ് രാജിനെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് കേരള പൊലീസ് പ്രവര്‍ത്തിച്ചത് എന്നും ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകും എന്നും അദ്ദേഹം പറഞ്ഞു. വനിതപ്രവര്‍ത്തകരെ ആക്രമിച്ച പോലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്നും അബിന്‍ വര്‍ക്കി ആവശ്യപ്പെട്ടു.
അതേസമയം അതിശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറും പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കം എന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.