26 in Thiruvananthapuram

‘മകളുടെ വിവാഹം 17 ന്, അറസ്റ്റ് ചെയ്യുമെന്ന് ഭയം’; സുരേഷ് ഗോപിയുടെ ഹർജിയിൽ സർക്കാർ നിലപാട് തേടി ഹൈക്കോടതി

Posted by: TV Next December 30, 2023 No Comments

കൊച്ചി: മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും ബി ജെപി നേതാവുമായ സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി. ജസ്റ്റിസ് സി.പ്രതീപ്കുമാർ ആണ് ഹർജി പരിഗണിച്ചത്. ഹർജി 8 ന് വീണ്ടും പരിഗണിക്കും.

ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ ചോദ്യം ചോദിക്കാന്‍ വന്ന വനിതാ റിപ്പോര്‍ട്ടറുടെ തോളില്‍ പിടിക്കുകയായിരുന്നു സുരേഷ് ഗോപി. മാധ്യമപ്രവർത്തക കൈ തട്ടി മാറ്റിയെങ്കിലും വീണ്ടും സുരേഷ് ഗോപി ഇത് ആവർത്തിക്കുയായിരുന്നു. തുടർന്ന് സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് മാധ്യമപ്രവർത്തക പോലീസിൽ പരാതി നൽകുകയായിരുന്നു. കോഴിക്കോട് നടക്കാവ് പോലീസാണ് കേസെടുത്തത്.

മോശം ഉദ്ദേശത്തോടെ സുരേഷ് ഗോപി സ്പര്‍ശിച്ചെന്ന് കാണിച്ചുള്ള പരാതിയിൽ 354 A വകുപ്പ് ചുമത്തിയാണ് പോലീസ് കേസ് എടുത്തത്. കേസിൽ നവംബർ 18 ന് സുരേഷ് ഗോപിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. എന്നാൽ ഐപിസി 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം കൂടി കേസിൽ പോലീസ് ഉൾപ്പെടുത്തി. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്.

അഞ്ചുവർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമായതിനാൽ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ട്. ജനുവരി 17-ന് മകളുടെ വിവാഹം ഗുരുവായൂരിലും റിസപ്ഷൻ തിരുവനന്തപുരത്തും നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം നൽകണമെന്നും ഹർജിയിൽ പറയുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ പണം നഷ്ടപ്പെട്ട നിക്ഷേപകർക്കുവേണ്ടി പ്രതിഷേധമാർച്ച് നടത്തിയതിലുള്ള വൈരാഗ്യമാണ് കേസെടുക്കാൻ കാരണമെന്നും ഹർജിയിൽ പറയുന്നുണ്ട്. മാധ്യമങ്ങളെ കണ്ട ശേഷം പോകാനൊരുങ്ങിയ തന്നെ മാധ്യമപ്രവർത്തക തടഞ്ഞുനിർത്തുകയായിരുന്നുവെന്നതടക്കമുള്ള വാദങ്ങളും ഹർജിയിൽ ഉന്നയിക്കുന്നുണ്ട്. അതേസമയം സംഭവത്തിൽ നേരത്തേ സുരേഷ് ഗോപിമാപ്പ് പറഞ്ഞിരുന്നു. വാത്സല്യത്തോടെയാണ് മാധ്യമപ്രവര്‍ത്തകയോട് പെരുമാറിയതെന്നും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. എന്നാൽ മാപ്പ് തള്ളിയ പരാതിക്കാരി കേസുമായി മുന്നോട്ട് പോവുകയായിരുന്നു. തൊഴിൽ എടുക്കുന്ന എല്ലാ സ്ത്രീകൾക്കും നേരെയുള്ള അവഹേളനമാണിതെന്നായിരുന്നു പരാതിക്കാരി തുറന്നടിച്ചത്. കേസിൽ താമരശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് പരാതിക്കാരി രഹസ്യമൊഴി നൽകിയിരുന്നു.

Updated: Saturday, December 30, 2023