കൊച്ചി: സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് മോശമായ രീതിയില്‍ സംസാരിക്കുന്നത് ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുമെന്ന് കേരള ഹൈക്കോടതി. സഹപ്രവർത്തക നല്‍കിയ ലൈംഗികാതിക്ര പരാതി റദ്ദാക്കണമെന്ന പ്രതിയുടെ അപേക്ഷ തള്ളിക്കൊണ്ടാണ് കോടതി നിലപാട് വ്യക്തമാക്കിയത്. കെ എസ് ഇ ബി യിൽ ഉദ്യോഗസ്ഥനായിരുന്ന ആർ രാമചന്ദ്രൻ നായരുടെ ഹർജിയാണ് കോടതി തള്ളിയത്. ശരീഘടന മികച്ചതാണെന്ന് പറയുകയും ഫോണിൽ ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചതിനുമായിരുന്നു ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി ആർ രാമചന്ദ്രന്‍ നായർക്കെതിരെ പൊലീസ് കേസെടുത്തത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) സെക്ഷൻ 354A(1)(iv), 509, സെക്ഷൻ 120(സെക്ഷൻ 120() എന്നീ വകുപ്പുകള്‍ ചുമത്തി 2017 ലാണ് ആലുവ പൊലീസ് കെ എസ് ഇ ബി ഉദ്യോഗസ്ഥനെതിരെ കേസെടുത്തത്. മികച്ച ബോഡി സ്ട്രക്ചർ എന്ന് പറയുന്നതില്‍ ലൈംഗികച്ചുവയില്ലെന്നും അതിനാല്‍ കേസ് റദ്ദാക്കണമെന്നുമായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ ആവശ്യം ജസ്റ്റിസ് എ ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ച് തള്ളുകയും പ്രോസിക്യൂഷൻ്റെ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നുവെന്നും വ്യക്തമാക്കി.
ഏത് പുരുഷനും ഒരു സ്ത്രീയോട് ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തുന്നത് ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരും’ കോടതി പറഞ്ഞു. കേസിൽ ആരോപിക്കപ്പെടുന്ന ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ ഐപിസിയുടെ 354 എ (1) (iv) വകുപ്പിന് കീഴിൽ വരും. അതുപോലെ, ഹരജിക്കാരൻ്റെ ആവർത്തിച്ചുള്ള സന്ദേശങ്ങൾ കെപി ആക്ടിൻ്റെ സെക്ഷൻ 120(o) പ്രകാരവും നിയമവിരുദ്ധമാണെന്നും കോടതി ചൂട്ടിക്കാട്ടി. പ്രതിക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ കോടതി കേസുമായി മുന്നോട്ട് പോകാൻ അധികാരപരിധിയിലുള്ള മജിസ്‌ട്രേറ്റിനോട് നിർദേശിക്കുകയും ചെയ്തു.
പ്രതിയുടെ ആവശ്യത്തിനെതിരെ പരാതിക്കാരിയും കോടതിയില്‍ ശക്തമായ വാദമുന്നയിച്ചിരുന്നു. മുൻപും തനിക്കെതിരേ സമാനമായ പ്രവൃത്തി ഹർജിക്കാരന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി. കെ എസ് ഇ ബി വിജിലൻസ് ഓഫീസർക്കടക്കം പരാതി നൽകിയിട്ടും മോശമായ പെരുമാറ്റം തുടർന്നു.നമ്പർ ബ്ലോക്ക് ചെയ്തിട്ടും മറ്റ് നമ്പറുകളിൽനിന്ന് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയക്കുന്നത് തുടർന്നുവെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു. ഇത് സംബന്ധിച്ച തെളിവുകളും അവർ കോടതിയില്‍ ഹാജരാക്കി.
2017 മാർച്ച് 31 ന് ജോലി സമയത്ത് പ്രതി തൻ്റെ ശരീരഘടനയെക്കുറിച്ച് ലൈംഗിക ഉദ്ദേശത്തോടെ അഭിപ്രായപ്പെട്ടുവെന്നാണ് കെ എസ് ഇ ബി യിലെ സീനിയർ അസിസ്റ്റന്റ് കൂടിയായ സ്ത്രീയുടെ പരാതി. 2017 ജൂൺ 15, 17, 20 തീയതികളിൽ ഇതോ പ്രതി മൊബൈൽ ഫോണിലേക്ക് അശ്ലീലമായ സന്ദേശങ്ങള്‍ അയച്ചുവെന്നും എഫ് ഐ ആറില്‍ പറയുന്നുണ്ട്. 2013 മുതൽ പ്രതിയുടെ ഭാഗത്ത് നിന്നും സമാനമായ പ്രവർത്തി ഉണ്ടാകുന്നുണ്ടെന്നും കെ എസ് ഇ ബി അധികൃതർക്കും പോലീസിനും നിരവധി പരാതികൾ നൽകിയിട്ടും പ്രശ്ന പരിഹാരം ഉണ്ടായില്ലെന്നും സ്ത്രീ ആരോപിക്കുന്നുണ്ട്.