30 in Thiruvananthapuram

വീണത് 15 അടി മുകളിൽ നിന്ന്, കോൺക്രീറ്റിൽ തലയടിച്ചു; ഉമ തോമസ് വെന്റിലേറ്ററിൽ…

Posted by: TV Next December 30, 2024 No Comments

കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്നുള്ള വീഴ്‌ചയിൽ ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്കേറ്റുവെന്ന് ഡോക്‌ടർമാർ. എംഎൽഎ നിലവിൽ വെന്റിലേറ്ററിലാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. നിലവിൽ എംഎൽഎ അബോധാവസ്ഥയിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ശ്വാസകോശത്തിനും നട്ടെല്ലിനും തലച്ചോറിനും പരിക്കേറ്റതായാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.

എങ്കിലും ഉടൻ ശസ്ത്രക്രിയ ആവശ്യമില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. വിദഗ്‌ധ ഡോക്‌ടർമാരുടെ സംഘം സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. പതിനഞ്ച് അടിയോളം ഉയരത്തിൽ നിന്ന് വീണ എംഎൽഎയുടെ തല കോൺക്രീറ്റിലാണ് ചെന്നിടിച്ചത്. പാലാരിവട്ടം റിനെ ആശുപത്രിയിലാണ് ഉമ തോമസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരുന്ന നിലയിലായിരുന്നു എംഎംഎയെ ആശുപത്രിയിൽ എത്തിച്ചത

 

പ്രാഥമിക പരിശോധനയുടെ ഭാഗമായി സിടി സ്‌കാൻ ഉൾപ്പെടെ നടത്തിയിരുന്നു. ഇതിലാണ് ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതായി കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ തന്നെ ചികിത്സക്കായി വിദഗ്‌ധ സംഘത്തെ നിയോഗിക്കുകയായിരുന്നു. ഇവരാണ് നിലവിൽ ഉമ തോമസിന്റെ ചികിത്സയുടെ മേൽനോട്ടം വഹിക്കുന്നത്. അതേസമയം, ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിന്റെ വിഐപി ഗ്യാലറിയിൽ നിന്നാണ് ഉമ തോമസ് വീണത്. പതിനഞ്ചടിയോളം ഉയരത്തിൽ നിന്ന് താഴേക്ക് വീണ എംഎൽഎയുടെ തല കോൺക്രീറ്റിൽ ഇടിച്ചുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മുറിവിൽ നിന്ന് രക്തം വാർന്ന് തുടങ്ങിയിരുന്നു. ജോയ് ആലുക്കാസ് അവതരിപ്പിക്കുന്ന മൃദംഗനാദം പരിപാടിക്കിടെയായിരുന്നു അപ്രതീക്ഷിത അപകടം നടന്നത്. 12,000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തിയുള്ള പരിപാടിയായിരുന്നു ഇവിടെ സംഘടിപ്പിച്ചിരുന്നത്. പ്രമുഖ ചലച്ചിത്ര താരം ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി നടന്നിരുന്നത്.

 

 

 

 

 

 

അതിനിടെ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ലാതെയായിരുന്നു ഇവിടെ പരിപാടി സംഘടിപ്പിച്ചതെന്ന ആക്ഷേപം ശക്തമാണ്. ബാരിക്കേഡായി ഇവിടെ സാധാരണ റിബൺ മാത്രമാണ് കെട്ടിയിരുന്നതെന്നാണ് ആരോപണം. താൽക്കാലിക ബാരിക്കേഡിൽ പിടിച്ച് ഇരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് എംഎൽഎ അപകടത്തിൽപ്പെട്ടത്.

സംഭവം നടക്കുമ്പോൾ പരിപാടിയുള്ള സ്ഥലത്ത് സേഫ്റ്റി ഗാർഡുമാരോ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരോ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്. സീറ്റ് ക്രമീകരണത്തെ കുറിച്ചും പരാതികൾ ഉയരുന്നുണ്ട്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്.