25 in Thiruvananthapuram

മഹാരാഷ്ട്രയിൽ കുതിച്ച് മഹായുതി; ലീഡ് 130 കടന്നു..30 സീറ്റ് കടക്കാനാകാതെ എംവിഎ….

Posted by: TV Next November 23, 2024 No Comments

മുംബൈ: എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെച്ച് മഹാരാഷ്ട്രയിൽ ബി ജെ പി നയിക്കുന്ന മഹായുതി സഖ്യത്തിന് വൻ കുതിപ്പ്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 130 ഓളം സീറ്റിന് മുകളിലാണ് എൻ ഡി എ ലീഡ് ചെയ്യുന്നത്. അതേസമയം കനത്ത നിരാശയിലാണ് എം വി എ ക്യാമ്പ്. വോട്ടെണ്ണൽ തുടങ്ങി ഒന്നര മണിക്കൂർ പിന്നിടുമ്പോഴും വെറും 32 ഓളം സീറ്റുകളിൽ മാത്രമാണ് എം വി എയ്ക്ക് ലീഡ്. മറ്റുള്ളവർ 8 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്.

മഹാരാഷ്ട്രയിൽ ഇക്കുറി എംവിഎയ്ക്കും എൻഡിഎയ്ക്കും അഭിമാനപ്പോരാട്ടമായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ ആവേശത്തിലാണ് കോൺഗ്രസ് നയിക്കുന്ന മഹാവികാസ് അഘാഡി സഖ്യം തിരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങിയത്. ലോക്സഭയിൽ ബി ജെ പിയുടെ കോട്ടകളെല്ലാം തകർത്ത് 25 സീറ്റുകൾ നേടാൻ സഖ്യത്തിന് സാധിച്ചിരുന്നു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 12 സീറ്റുകളുടെ നഷ്ടമായിരുന്നു ബി ജെ പിക്ക് ഉണ്ടായിരുന്നത്. ഈ നേട്ടം ആവർത്തിക്കാൻ സാധിക്കുമെന്നായിരുന്നു എം വി എ ക്യാമ്പിന്റെ വിലയിരുത്തൽ.

എന്നാൽ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ തന്നെ വ്യക്തമായ സ്വാധീനം നേടാൻ മഹായുതി സഖ്യത്തിന് സാധിച്ചു. ഇവിഎമ്മിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോഴും മഹാവികാസ് അഘാഡി സഖ്യത്തിനെ ബഹുദൂരം പിന്നിലാക്കിയാണ് മഹായുതി സഖ്യം മുന്നേറിയത്. നിലവിലെ മുന്നേറ്റം തുടർന്നാൽ സംസ്ഥാനത്ത് ബി ജെ പിക്ക് അധികാരത്തുടർച്ച ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഭരണം ലഭിച്ചാലും ആരാകും മുഖ്യമന്ത്രിയാകുകയെന്നത് സംബന്ധിച്ച് മഹായുതിയിൽ വലിയ തർക്കത്തിനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. നിലവിൽ ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെയാണ് മുഖ്യമന്ത്രി. എംവിഎയെ തഴെയിറക്കി അധികാരം നിലനിർത്തേണ്ടതിനാലായിരുന്നു ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയുള്ള ഒത്തുതീർപ്പിന് അന്ന് ബി ജെ പി തയ്യാറായത്.

ഇക്കുറി തനിച്ച് ബി ജെ പിക്ക് കൂടുതൽ സീറ്റുകൾ നേടാൻ സാധിച്ചില്ലെങ്കിൽ ശിവസേന പക്ഷം മുഖ്യമന്ത്രി സീറ്റിനായി അവകാശവാദം ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല. എൻ സി പി നേതാവ് അജിത് പവാർ ആണ് ഉപമുഖ്യമന്ത്രി. എൻസിപിയും പ്രധാന വകുപ്പുകൾ ആവശ്യപ്പെട്ടേക്കും.