തിരുവനന്തപുരം: എൽ ഡി എഫിലെ രണ്ട് എം എൽ എമാരെ കൂറുമാറ്റാൻ എൻ സി പി എം എൽ എ തോമസ് കെ തോമസ് 100 കോടി വാഗ്ദാനം ചെയ്തിരുന്നുവെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉന്നയിച്ചതെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. ഈ സംഭവമാണ് തോമസ് കെ തോമസിന്റെ മന്ത്രിമോഹത്തിന് തിരിച്ചടിയായതെന്നും റിപ്പോർട്ടിൽ പറയുന്നു.
ജനാധപത്യ കേരള കോൺഗ്രസ് എം എൽ എ ആന്റണി രാജു, ആർ എസ് പി-ലെനിനിസ്റ്റ് എം എൽ എ കോവൂർ കുഞ്ഞുമോൻ എന്നിവർക്ക് 50 കോടി വീതമാണ് തോമസ് കെ തോമസ് വാഗ്ദാനം ചെയ്തതത്രേ. ബി ജെ പി സഖ്യകക്ഷിയായ എൻ സി പി (അജിത് പവാർ) പക്ഷത്തേക്ക് ചേരാനായിരുന്നു ക്ഷണമെന്നാണ് വിവരം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്താണ് ഇത്തരമൊരു വാഗ്ദാനം മുന്നോട്ട് വെച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
നിയസഭ തിരഞ്ഞെടുപ്പിന് പിന്നാലെ മന്ത്രിസ്ഥാനം മോഹം വെച്ച് തോമസ് കെ തോമസ് ചരടുവലി നടത്തിയിരുന്നുന്നു. വിജയിച്ചില്ലെന്ന് മാത്രമല്ല പാർട്ടി സംസ്ഥാന നേതൃത്വത്തിന്റേയും മുഖ്യമന്ത്രിയുടേയും പിന്തുണ എ കെ ശശീന്ദ്രനായിരുന്നു. ഇതിൽ കടുത്ത നിരാശയിലായിരുന്നു തോമസ് കെ തോമസ്. ഈ സമയത്തായിരുന്നു അജിത് പവാർ പക്ഷം പാർട്ടിയുടെ പേരും ചിഹ്നവും സ്വന്തമാക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി തോമസ് കെ തോമസിനെ സമീപിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തോമസ് കെ തോമസ് തന്നെ സമീപിച്ചതായി ആന്റണി രാജു സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം.
ഇക്കാര്യം തനിക്ക് ഓർമയില്ലെന്നാണ് കോവൂർ കുഞ്ഞിമോന്റെ പ്രതികരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
സർക്കാർ രണ്ടര വർഷം പിന്നിട്ട സാഹചര്യത്തിൽ എകെ ശശീന്ദ്രന് പകരം തന്നെ മന്ത്രിയാക്കണമെന്ന ആവശ്യം തോമസ് കെ തോമസ് അടുത്തിടെ ശക്തമാക്കിയിരുന്നു. സംസ്ഥാന നേതൃത്വവും തോമസ് കെ തോമസിന്റെ ആവശ്യത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ദേശീയ നേതൃത്വത്തിൽ നിന്നും അദ്ദേഹത്തിന് ഉറപ്പ് ലഭിച്ചു. എന്നാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം വീണ്ടും മന്ത്രിസ്ഥാനം സംബന്ധിച്ച് തോമസ് കെ തോമസ് സർക്കാരിന് കത്ത് നൽകിയിരുന്നു. അതിനിടയിലാണ് ഇപ്പോൾ കോഴ വാഗ്ദാന റിപ്പോർട്ട് പുറത്തുവരുന്നത്.