25 കോടിയുടെ ഒന്നാം സമ്മാനം നല്‍കുന്ന കേരള ലോട്ടറി വകുപ്പിന്റെ തിരുവോണം ബംപർ നറുക്കെടുത്ത് കഴിഞ്ഞു. TG 434222 എന്ന നമ്പറിനാണ് ഇത്തവണത്തെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. പനമരത്തെ പ്രധാന ഏജന്‍സിയായ എസ് ജെ സെന്ററില്‍ നിന്നും ടിറ്റക്ക് എടുത്ത സബ് ഏജന്റായ സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ ജി ആർ ലോട്ടറി ഏജന്‍സി ഉടമ നാഗരാജാണ് 25 കോടിയുടെ ടിക്കറ്റ് വില്‍പ്പന നടത്തിയിരിക്കുന്നത്.
ഒരു മാസം മുമ്പാണ് ടിക്കറ്റ് വില്‍പ്പന നടത്തിയതെന്നാണ് നാഗരാജ് വ്യക്തമാക്കുന്നത്. ആദ്യ ഘട്ടത്തിലെ ടിക്കറ്റ് വന്നപ്പോള്‍ തന്നെ വിറ്റുപോയ ടിക്കറ്റാണ്. എന്നാല്‍ ആർക്കാണ് ടിക്കറ്റ് വിറ്റതെന്ന് ഓർമ്മയില്ല. വിജയിച്ച ആള്‍ എന്തായാലും തന്നെ വിളിക്കുമെന്നാണ് കരുതുന്നത്. എന്തായാലും വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു. കർണാടക മൈസൂർ സ്വദേശിയായ നാഗരാജു കൂലിപ്പണിക്ക് വേണ്ടിയാണ് വയനാട്ടിലേക്ക് എത്തുന്നത്.
പതിനഞ്ച് വർഷത്തോളമായി ലോട്ടറി വിപണന മേഖലയില്‍ പ്രവർത്തിക്കുന്ന വ്യക്തിയാണ് നാഗരാജ്. തുടക്കത്തില്‍ കുറച്ച് വർഷം മറ്റൊരു ഏജന്റിന് കീഴിലെ ലോട്ടറി വില്‍പ്പന തൊഴിലാളിയായിരുന്നു. പിന്നീടാണ് സ്വന്തമായി ഏജന്‍സി തുടങ്ങിയത്. നിലവില്‍ സുല്‍ത്താന്‍ ബത്തേരിയിലെ എംജി റോഡിലാണ് നഗാരാജിന്റെ ലോട്ടറി ഏജന്‍സി പ്രവർത്തിക്കുന്നത്.
ബംപർ സമ്മാനത്തിന് മുമ്പ് തന്നെ മറ്റൊരു ഒന്നാം സമ്മാനവും നാഗരാജിനെ തേടിയെത്തിയിരുന്നു. അടുത്തിടെയാണ് വിന്‍-വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം നാഗരാജ് വിറ്റ ലോട്ടറിക്ക് ലഭിച്ചത്. സമ്മാന വിവരം അറിഞ്ഞ് നിരവധി ആളുകളാണ് തന്റെ കടയ്ക്ക് മുന്നില്‍ എത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
25 കോടിയുടെ ഒന്നാം സമ്മാനത്തിന് അർഹമാകുന്ന ടിക്കറ്റ് വില്‍ക്കുന്ന ലോട്ടറി ഏജന്റും കോടിപതിയാകും എന്നതാണ് തിരുവോണം ബംപറിന്റെ പ്രത്യേകത. മൊത്തം തുകയുടെ 10 ശതമാനമാണ് ഏജന്റ് കമ്മീഷനായി ലഭിക്കുക.
തിരുവനന്തപുരത്തെ ലോട്ടറി ആസ്ഥാനമായ ഗോർഖി ഭവനിൽ വെച്ച് ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് നറുക്കെടുത്തത്. കഴിഞ്ഞ തവണ പാലക്കാട് നിന്നും ടിക്കെറ്റ് എടുത്ത തമിഴ്നാട് സ്വദേശിക്കായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. 25 കോടിയുടെ ഒന്നാം സമ്മാനത്തിന് പുറമെ 20 പേർക്ക് രണ്ടാം സമ്മാനമായി ഒരു കോടി രൂപ ലഭിക്കും. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്പരകൾക്കും രണ്ടു വീതം സമ്മാനമെന്ന കണക്കിലും 20 പേർക്ക് ലഭിക്കുന്ന തരത്തിലാണ് ഓണം ബംപറിന്റെ സമ്മാന ഘടന.