26 in Thiruvananthapuram
TV Next News > News > Malayalam > ഡിഎംകെ ഷാൾ ചുറ്റി,ചുവപ്പ് തോർത്തും പിടിച്ച് പിവി അൻവർ നിയമസഭയിലേക്ക്; പ്രത്യേക ബ്ലോക്ക് അനുവദിച്ചു

ഡിഎംകെ ഷാൾ ചുറ്റി,ചുവപ്പ് തോർത്തും പിടിച്ച് പിവി അൻവർ നിയമസഭയിലേക്ക്; പ്രത്യേക ബ്ലോക്ക് അനുവദിച്ചു

Posted by: TV Next October 9, 2024 No Comments

നിയമസഭയിൽ പിവി അൻവർ എംഎൽഎ ഇന്ന് പ്രത്യേക ബ്ലോക്കിൽ ഇരിക്കും. അൻവറിന് പ്രത്യേക ബ്ലോക്ക് അനുവദിച്ചതായി ഇന്നലെ സ്പീക്കർ അറിയിച്ചിരുന്നു. പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഇടയിലായി നാലാം നിലയിലാണ് അൻവറിന് സീറ്റ് അനുവദിക്കുക. എൽ ഡി എഫ് വിട്ട അൻവറിന് പ്രതിപക്ഷ നിരയിലായിരുന്നു ആദ്യം സീറ്റ് നൽകിയത്. എന്നാൽ അവിടെ താൻ ഇരിക്കില്ലെന്നും പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്നും അൻവർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സ്പീക്കർ പുതിയ ബ്ലോക്ക് അനുവദിച്ചത്.

 

 

അതേസമയം സമ്മേളനത്തിൽ പങ്കെടുക്കാൻ ഡി എം കെ ഷാൾ അണിഞ്ഞാണ് അൻവർ ഇന്ന് എത്തിയത്. കൈയ്യിൽ ചുവപ്പ് തോർത്തും കരുതിയിട്ടുണ്ട്. ‘പ്രതിപക്ഷ നിരയിലേക്ക് നീക്കി എന്ന് പറഞ്ഞ് സ്പീക്കർ കത്ത് നൽകിയിരുന്നു. അതിന് ഞാൻ തയ്യാറല്ല. സർവ്വതന്ത്ര സ്വതന്ത്രനായി ജയിച്ച എംഎൽഎയാണ് ഞാൻ. അതിനാൽ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. ഇന്നലെ രാത്രി പ്രത്യേക ബ്ലോക്ക് അനുവദിച്ചതായി അറിയിച്ചിട്ടുണ്ട്. എന്നാൽ അവിടെ പോകുമ്പോൾ എന്താണ് അവസ്ഥ എന്ന് അറിയില്ലല്ലോ. അതിനാലാണ് തോർത്ത് കൈയ്യിൽ കരുതിയത്. ചുവന്ന തോർത്ത് സാധാരണക്കാരുടെ തൊഴിലാളികളുടെ ജീവിതത്തിന്റെ ഭാഗമാണല്ലോ. അതിന്റെ പ്രതീകമാണ് ഇത്’, അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

ഗവർണർക്ക് നൽകിയ കത്ത് മാധ്യമങ്ങൾക്ക് നൽകും. ഇനി പോലീസിൽ വിശ്വാസമില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഭരിക്കുന്നിടത്തോളം കാലം നീതി ലഭിക്കുമെന്ന് കരുതുന്നില്ല. ഒരു ജുഡീഷ്യൽ അന്വേഷണമാണ് മുന്നിലുള്ള ഏകമാർഗം. എന്നാൽ എസ്ഐടി അന്വേഷണം നടക്കുമ്പോൾ കോടതിയിൽ പോയാൽ അന്വേഷണം തുടരട്ടെ എന്ന് കോടതി പറയാനുള്ള സാധ്യത ഏറെയാണ്.അതേസമയം എസ്ഐടി അന്വേഷണം സത്യസന്ധമായല്ല നടക്കുന്നത്.

ഡി ജി പി ഈ വിഷയത്തിൽ ശക്തമായ നിലപാട് എടുക്കണം. ഡി ജി പിയോ എ ഡി ജിപി യോ അല്ല അന്വേഷണം നടത്തുന്നത്. അതിന് താഴേക്കുള്ള ഐ പി എസ് ഓഫീസർമാരും ഡി വൈ എസ് പിമാരും സിഐയുമാണ്. ഇവരൊക്കെ അജിത് കുമാറിന്റെ സംഘത്തിലുള്ളവാരണ്. ശരിയായ രീതിയിലുള്ള അന്വേഷണമല്ല നടക്കുന്നത്’, അൻവർ വിമർശിച്ചു.

എൽ ഡി എഫ് വിട്ട അൻവർ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്ന പേരിലാണ് പാർട്ടി രൂപീകരിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ ഡിഎംകെയുമായു ചേർന്ന് പ്രവർത്തിക്കാനുള്ള താത്പര്യം അറിയിച്ച് അദ്ദേഹം ഡിഎംകെ സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകിയിരുന്നു.