27 in Thiruvananthapuram
TV Next News > News > Malayalam > ഹരിയാനയിൽ ജാട്ട് വോട്ടുകൾ ആർക്കൊപ്പം?,നെഞ്ചിടിപ്പോടെ ബിജെപി, കണക്കുകൂട്ടലുകൾ ഇങ്ങനെ

ഹരിയാനയിൽ ജാട്ട് വോട്ടുകൾ ആർക്കൊപ്പം?,നെഞ്ചിടിപ്പോടെ ബിജെപി, കണക്കുകൂട്ടലുകൾ ഇങ്ങനെ

Posted by: TV Next October 1, 2024 No Comments

ചണ്ഡീഗഡ്: ഹരിയാനയിൽ 10 വർഷത്തെ ബി ജെ പി ഭരണം അവസാനിപ്പിച്ച് കോൺഗ്രസ് അധികാരത്തിലേറുമോ അതോ ബി ജെ പിക്ക് ഭരണത്തുടർച്ച ലഭിക്കുമോ? പ്രീപോൾ സർവ്വേകളെല്ലാം സംസ്ഥാനത്ത് കോൺഗ്രസിന് അനുകൂല സാധ്യതയാണ് പ്രവചിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ കണക്കുകളും കോൺഗ്രസിന് അനുകൂലമായിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനെ അപേക്ഷച്ചിച്ച് വോട്ട് വിഹിതം കുത്തനെ ഉയർത്താൻ കോൺഗ്രസിന് സാധിച്ചിട്ടുണ്ട്. ബിജെപി വലിയ തിരിച്ചടിയായിരുന്നു നേരിട്ടത്.

ലോക്സഭ തിരഞ്ഞെടുപ്പിലെ കണക്കുകൾ തന്നെയാണ് കോൺഗ്രസ് പ്രതീക്ഷ. അതേസമയം സംസ്ഥാനത്തെ ജാതി സമവാക്യങ്ങളിലാണ് ബി ജെ പി കണ്ണുവെയ്ക്കുന്നത്. ഭരണവിരുദ്ധ വികാരത്തിനിടയിലും ജാട്ട് ഇതരവോട്ടുകൾ ഏകീകരിക്കാനായാൽ ഭരണം പിടിക്കാമെന്ന് ബി ജെ പി കരുതുന്നു.

 

സംസ്ഥാനത്ത് 27 ശതമാനം ജാട്ട് വിഭാഗക്കാരാണ്. 1966 ൽ സംസ്ഥനം രൂപീകൃതമായത് മുതൽ ഹരിയാന ഭരിക്കുന്ന മുഖ്യൻമാരിൽ ഭൂരിഭാഗവും ജാട്ട് വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. കോൺഗ്രസിന്റെ തലമുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപേന്ദർ സിംഗ് ഹൂഡയും ജാട്ട് വിഭാഗക്കാരനാണ്. ജാട്ട് സമുദായക്കാർക്ക് അധികാരം ലഭിക്കുന്നതിൽ മറ്റ് വിഭാഗക്കാർക്ക് കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് 2014 ൽ അധികാരത്തിലേറിയതിന് പിന്നാലെ ജാട്ട് ഇതര സമുദായങ്ങളുടെ പിന്തുണ അരക്കിട്ട് ഉറപ്പിക്കാൻ പഞ്ചാബിക്കാരനായ മനോഹർലാൽ ഖട്ടറിനെ ബി ജെ പി മുഖ്യമന്ത്രിയായി നിയോഗിച്ചത്. ഭരണത്തുടർച്ച ലഭിച്ചപ്പോഴും അദ്ദേഹം തന്നെയായിരുന്നു മുഖ്യൻ. എന്നാൽ ഭരണവിരുദ്ധ വികാരം തിരിച്ചടിച്ചു. ഇതോടെ മുഖ്യമന്ത്രിയെ മാറ്റി ഒ ബി സി വിഭാഗത്തിൽ നിന്നുള്ള നായബ് സിംഗ് സൈനിയെ മുഖ്യമന്ത്രിയാക്കി.തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു ഈ മാറ്റം.

 

സൈനി തന്നെയാണ് ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. ഭരണവിരുദ്ധ വികാരം മറികടക്കാൻ ഈ മാറ്റം സാധിക്കുമെന്ന് ബിജെപി കരുതുന്നുണ്ട്. ജാട്ട് വിഭാഗക്കാരോടുള്ള മറ്റ് വിഭാഗങ്ങളുടെ അമർഷവും ഗുണകരമാകുമെന്ന് നേതൃത്വം വിലയിരുത്തുന്നത്. കോൺഗ്രസ് അധികാരത്തിലേറിയാൽ വീണ്ടും മനോഹർ ലാൽ ഖട്ടർ മുഖ്യമന്ത്രിയാകുമെന്ന വിലയിരുത്തൽ നിലവിലുണ്ട്. ജാട്ട് വിഭാഗക്കാരൻ വീണ്ടും അധികാരത്തിലേറുന്നതോടെ സംസ്ഥാനത്ത് സമുദായത്തിന്റെ ഗുണ്ടായിസം വീണ്ടും കാണേണ്ടി വരുമെന്നാണ് ചില ബ്രാഹ്മണ സമുദായാംഗങ്ങളുടെ വിമർശനം. ഈ വികാരം ശക്തമാണെന്നും അതുകൊണ്ട് തന്നെ അവസാന നിമിഷം കാര്യങ്ങൾ ബി ജെ പിക്ക് അനുകൂലമായിട്ടുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

 

അതേസമയം ജാട്ട് സമുദായത്തിന്റെ വോട്ടുകളെല്ലാം കോൺഗ്രസിലേക്ക് പോകും എന്ന കരുത‌രുതെന്നാണ് ചില സമുദായാംഗങ്ങൾ പറയുന്നത്.തങ്ങളുടെ കൂട്ടത്തിലും ബിജെപിയെ പിന്തുണയ്ക്കുന്ന നിരവധി പേർ ഉണ്ടെന്നും ഇവർ പറയുന്നു.ഇത് തന്നെയാണ് ബിജെപിയുടേയും പ്രതീക്ഷ. ജാട്ട് വോട്ടുകളിലും ദളിത് വോട്ടുകളിലും ഭിന്നിപ്പ് ഉണ്ടാകുമെന്നും ഇത് തങ്ങൾക്ക് അനുകൂലമാകുമെന്നും നേതൃത്വം കരുതുന്നുണ്ട്. സൈനിയിലൂടെ ഒബിസി വിഭാഗത്തിന്റെ വോട്ടുകൾ ബിജെപി ഉറപ്പാക്കുന്നുണ്ട്. അതൊടൊപ്പം തന്നെ സംസ്ഥാനത്ത് നിലനിൽക്കുന്ന ജാട്ട്-ദളിത് പ്രശ്നങ്ങളെ പരമാവധി മുതലെടുക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്.