മുഖ്യമന്ത്രി പിണറായി വിജയും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ തുറന്നടിച്ച് പിവി അൻവർ എംഎൽഎ. പിണറായി എന്ന സര്യൻ കെട്ട് പോയെന്നും പി ശശി കാട്ടുകള്ളനാണെന്നും അദ്ദേഹം വിമർശിച്ചു. ആഭ്യന്തര വകുപ്പ് ഭരിക്കാനുള്ള യോഗ്യത അദ്ദേഹത്തിന് ഇല്ലെന്നും പിണറായി വിജയൻ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം വിമർശിച്ചു.
‘അഞ്ചുമിനിറ്റാണ് കൂടിക്കാഴ്ചയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അരമണിക്കൂര്‍ കണ്ടെന്ന് ഞാന്‍ തള്ളാന്‍ ഉദ്ദേശിച്ചതല്ല. മുഖ്യമന്ത്രി എങ്ങനെയൊക്കെ എന്നെ ചതിച്ചതെന്ന് കേരളത്തിലെ സഖാക്കൾ അറിയണം. പോലീസിന്റെ ഏകപക്ഷീയവും വർഗീയവുമായ നിലപാടിനെതിരെ നിരവധി പരാതികൾ കൊടുത്തിട്ടുണ്ട്. ഈ കേരളത്തിൽ നീതി കിട്ടാത്തവർ സഖാക്കൻമാരാണ്, രണ്ട് ന്യൂനപക്ഷങ്ങളും. തന്റെ പരാതികളിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. സാജൻസ് കറിയ വിഷയത്തെ തുടർന്ന് പി ശശിയുമായി ഞാൻ പാടെ അകന്നു. നവകേരള വിഷയവുമായി ബന്ധപ്പെട്ട് പി ശശിയേയും എഡിജിപിയേയും പല തവണ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല.
എന്റെ പത്രസമ്മേളനത്തിന് പിന്നാലെ സ്പെഷ്യൽ ടീമിനെ നിയോഗിച്ച് അന്വേഷണം പ്രഖ്യാപിച്ചപ്പോൾ ഞാൻ ആശ്വസിച്ചിരുന്നു. അടുത്ത ദിവസം പോലീസ് അസോസിയേഷൻ സമ്മേളന വേദിയിൽ പോലീസിലെ പുഴുക്കുത്തുകളെ അങ്ങട്ടാക്കും ഇങ്ങട്ടാക്കും എന്നൊക്കെ പറഞ്ഞപ്പോഴും തരക്കേടില്ലെന്ന് തോന്നി. പിറ്റേദിവസം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചു. നേരിട്ട് കാണാൻ ഞാൻ പോയി. 11 പേജ് പരാതി മുഖ്യമന്ത്രിയുടെ കൈയ്യിൽ കൊടുത്തു. പരാതിയിൽ പറഞ്ഞ സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ എന്നോട് ചോദ്യം ചോദിച്ചു. ഞാൻ എന്റെ പിതാവിനെ പോലെ കണ്ട് അദ്ദേഹത്തോട് എന്റയുള്ളിലെ എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞു. അദ്ദേഹം എന്റെ ഉള്ളിലുള്ളത് എടുക്കാനാണ് ഇത് ചോദിക്കുന്നതെന്ന് മനസിലായില്ല.
പി ശശിയും എഡിജിപിയും ചതിക്കും ഇവർ കള്ളൻമാരാണെന്ന് ഞാൻ നേരത്തേ പറഞ്ഞതല്ലേ എന്ന് അദ്ദേഹത്തോട് സംസാരിച്ചു. സാജൻസ് കറിയയെ രക്ഷിപ്പെടുത്താൻ നടന്ന കളികൾ ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. ഇതൊക്കെ കേട്ടപ്പോൾ അദ്ദേഹം തിരിച്ച് ചോദിച്ചത് ഇങ്ങനെയൊക്കെ ആയാൽ എന്താണ് ചെയ്യുകയെന്നാണ്. അപ്പോൾ മനസിലായത് അദ്ദേഹം എന്തോ നിസാഹായവസ്ഥയിലാണെന്നാണ്. കാട്ടുകള്ളനായ പി ശശി തന്നെയാണ് മുഖ്യമന്ത്രിയെ മോശക്കാരനാക്കുന്നതെന്ന് അതോടെ മനസിലായി.പോലീസുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും ശശി മുഖ്യമന്ത്രിയെ അറിയിക്കുന്നില്ല.
2021 ൽ രണ്ടാമതും അധികാരം കിട്ടിയത് മുഖ്യമന്ത്രിയുടെ വ്യക്തിപ്രഭാവത്തിലായിരുന്നു.അദ്ദേഹം അപ്പോൾ കത്തിജ്വലിച്ച് നിൽക്കുന്നൊരു സൂര്യനായിരുന്നു. ഇഷ്ടമായിരുന്നു അദ്ദേഹത്തെ ജനങ്ങൾക്ക്. എന്നാൽ ആ സൂര്യൻ കെട്ട് പോയി. നെഞ്ച് തട്ടിയാണ് ഇത് പറയുന്നത്. മുഖ്യമന്ത്രിയുടെ ഗ്രാഫ് 100 ൽ നിന്ന് 0 ത്തിലേക്ക് പോയി. വലിയ വിഭാഗം ജനങ്ങൾക്ക് മുഖ്യമന്ത്രിയോട് വെറുപ്പാണ്. ഇതൊക്കെ ഞാൻ മുഖ്യമന്ത്രിയോട് തന്നെ പറഞ്ഞതാണ്. ഇനിയും പി ശശിയെ വിശ്വസിക്കരുതെന്ന് ഞാൻ പറഞ്ഞു. ഇതൊക്കെ പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. കാരണം കഴിഞ്ഞ 8 വർഷം അദ്ദേഹത്തെ സ്നേഹിച്ചത് അദ്ദേഹം നല്ല മതേതരവാദിയും ഉറച്ച കമ്മ്യൂണിസ്റ്റും അഴിമതി തൊട്ടുതീണ്ടാത്ത നേതാവുമാണെന്ന വിശ്വാസത്തിലാണ്.
അജിത് കുമാറിനെ മാറ്റി നിർത്തണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം പറഞ്ഞത് ഡിജിപി ഉണ്ടല്ലോ മേൽനോട്ടത്തിന് എന്നാണ്. എന്തായാലും അദ്ദേഹം എന്നോട് സംസാരിച്ചതിൽ ഞാൻ ആത്മവിശ്വാസത്തിലാണ്. അതിന് പിന്നാലെയാണ് സുജിത് കുമാറിനെ സസ്പെന്റ് ചെയ്തത്. പിന്നീട് പോലീസ് തലപ്പത്തും പല മാറ്റങ്ങൾ വരുത്തി. ഇതൊക്കെ വലിയ ആശ്വാസം നൽകുന്നതായിരുന്നു. എന്നാൽ പോലീസിനെതിരായ അന്വേഷണങ്ങൾ സംശയാസ്പദമായിരുന്നു. എന്നെ സൈസ് ആക്കാനാണ് പോകുന്നതെന്ന് മനസിലായി. അതുകൊണ്ടാണ് ഞാൻ നിരന്തരം പത്രസമ്മേളനം നടത്തിയത്.
പാർട്ടിയുടെ അടിസ്ഥാനപരമായ നയം പാവങ്ങളെ ചേർത്ത് നിർത്തുകയെന്നതാണ്. വർഗീയതയ്ക്കെതിരെ ശക്തമായി എതിർക്കുന്ന മറ്റൊരു പാർട്ടി രാജ്യത്ത് ഇല്ല. ഇത്തരത്തിലുള്ള ആദർശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പാർട്ടി നിൽക്കന്നത്. എന്നാൽ അതൊന്നുമല്ല നടക്കുന്നത്. ഇപ്പോൾ പാർട്ടിയിൽ നേതാക്കൾക്ക് പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഗോവിന്ദൻമാഷിന് പോലും സംസാരിക്കാൻ സാധിക്കുന്നില്ല. പാർട്ടി സഖാക്കൾക്ക് മിണ്ടാൻ പറ്റുന്നില്ല. ഉന്നതരായ ആളുകൾക്ക് എന്ത് കൊള്ളരുതായ്മയും നടത്താം. ആരും അത് ചോദ്യം ചെയ്യരുത്. ഇതായിരുന്നോ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയം. ഞാൻ പ്രതികരിച്ച് കൊണ്ടേയിരിക്കും.
ജനാധിപത്യത്തിൽ സ്വജനപക്ഷപാതം ഉണ്ടാകും. പക്ഷെ അവിടെ നീതി നടപ്പാവണ്ടേ.വേട്ടയാടുകയാണ് കമ്മ്യൂണിസ്റ്റുകാരെ. കേരളം ഇന്ന് നേരിടുന്ന രാഷ്ട്രീയപരമായ ഏറ്റവും പ്രധാന വിഷയം കേരളത്തിലെ എല്ലാ രാഷ്ട്രീയക്കാര്യം ഒന്നാണ്, ഒറ്റക്കെട്ടാണ്. പ്രമുഖ നേതാക്കളുമായി ബന്ധപ്പെട്ട കേസുകളിൽ പരിഹാരം ഉണ്ടാകില്ല. പ്രതിപക്ഷം ഈ വിഷയം ഏറ്റെടുത്തോ? പൂരം കലക്കി ബിജെപിക്ക് സീറ്റ് ഉണ്ടാക്കി കൊടുത്തിട്ട് ഇവിടെ ആരെങ്കിലും മിണ്ടിയോ?, ജനങ്ങൾ വിഡ്ഢികൾ. ഉദ്യോഗസ്ഥ പ്രമാണിത്തമാണ് ഈ സർക്കാരിന്റെ എട്ട് വർഷത്തെ സംഭവാന.പൊതുവിഷയത്തിൽ സംസാരിക്കാൻ അനുവദിക്കാതെ പൊതുപ്രവർത്തകർക്ക് മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടു. ഞാൻ ഈ സമൂഹത്തെ വഞ്ചിക്കാൻ തയ്യാറല്ല. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് ഭരിക്കാനുള്ള യാതൊരു അർഹതയുമില്ല.
എന്തിനാണ് മുഖ്യമന്ത്രി എഡിജിപിയെ കെട്ടിപിടിച്ച് നിൽക്കുന്നത്. അദ്ദേഹത്തിന്റെ മറ്റൊരു മകനാണോ എഡിജിപി. ഈയൊരു മനുഷ്യന് വേണ്ടി പാർട്ടി സംവിധാനം അപ്പാടെ തകർക്കാനാണോ പാർട്ടി നേതൃത്വം കൂട്ടുനിൽക്കുന്നത്. ഈ പോക്കാണ് പോകുന്നതെങ്കിൽ പിണറായി ആയിരിക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവാസ മുഖ്യമന്ത്രി.
പാര്‍ട്ടി ഇവിടെ നില്‍ക്കണം. ഒരു റിയാസ് മാത്രം നിലനിന്നതുകൊണ്ട് കാര്യമില്ല. ഒരു റിയാസിനെ ഉണ്ടാക്കാനല്ല പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. റിയാസിനേയും ബാക്കിയുള്ളവരേയും താങ്ങി നിര്‍ത്താനല്ല പാര്‍ട്ടി. അങ്ങനെ ആരെങ്കിലും ധരിക്കുകയും അതിനുവേണ്ടി പിവി അന്‍വറിന്റെ നെഞ്ചത്ത് കേറാൻ വരികയും വേണ്ട’, അൻവർ പറഞ്ഞു. .