ടോക്കിയോ: ജപ്പാനിലെ ദ്വീപുകളില്‍ സുനാമി ഉണ്ടായതായി കാലാവസ്ഥാ ഏജന്‍സി. ചൊവ്വാഴ്ച പുലര്‍ച്ചെ പസഫിക് സമുദ്രത്തിലെ ജനവാസമില്ലാത്ത ദ്വീപില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്നാണ് ജപ്പാനില്‍ ചെറിയ സുനാമിയുണ്ടായത് എന്നാണ് വിവരം. ഭൂകമ്പത്തിന് 40 മിനിറ്റിനുശേഷം 50 സെന്റിമീറ്റര്‍ (1.6 അടി) ഉയരത്തില്‍ സുനാമിത്തിരകള്‍ ഇസു ദ്വീപുകളിലൊന്നായ ഹച്ചിജോജിമ ദ്വീപില്‍ പ്രവേശിച്ചു എന്നാണ് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിക്കുന്നത്.
മറ്റ് മൂന്ന് ദ്വീപുകളായ കൊസുഷിമ, മിയാക്കേജിമ, ഇസു ഒഷിമ എന്നിവിടങ്ങളില്‍ ചെറിയ സുനാമികള്‍ കണ്ടെത്തിയതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. എന്നാല്‍ സുനാമിയോ ഭൂകമ്പമോ മൂലമോ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇസു, ഒഗസവാര ദ്വീപുകളില്‍ ഏകദേശം 1 മീറ്റര്‍ (3.3 അടി) ഉയരത്തില്‍ ഇനിയും സുനാമി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ പിന്നീട് അത് പിന്‍വലിച്ചു. അഗ്‌നിപര്‍വ്വതമായ തോരിഷിമ ദ്വീപിന് 100 കിലോമീറ്റര്‍ വടക്കാണ് 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഹച്ചിജോജിമയില്‍ രേഖപ്പെടുത്തിയ സുനാമിക്ക് പുറമേ 20 സെന്റീമീറ്റര്‍ തിരമാല കോസു ദ്വീപിലെ കോസു തുറമുഖത്തെത്തി, കൂടാതെ മിയാകെ ദ്വീപിലെ സുബോട്ടയിലും അക്കോയിലും ഒകാഡയിലും 10 സെന്റീമീറ്റര്‍ ഉയരത്തിലുള്ള തിരമാലകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഇസു ഗ്രൂപ്പിലെ ദ്വീപുകളില്‍ ഏകദേശം 21,500 പേരും ഒഗസവാര ദ്വീപുകളില്‍ 2,500 പേരും താമസിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ ദി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പസഫിക് സമുദ്രത്തിലെ ഭൂകമ്പ പിഴവുകളുടെ ഒരു നിരയായ പസഫിക് റിംഗ് ഓഫ് ഫയറിലാണ് ജപ്പാന്‍ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഭൂകമ്പവും സുനാമിയും ഉള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍.
ഈ വര്‍ഷം ജനുവരിയില്‍ ജപ്പാനിലെ സുസു, വാജിമ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 300-ലധികം പേര്‍ മരിച്ചിരുന്നു. അതിനിടെ, ശനിയാഴ്ച സെന്‍ട്രല്‍ ജപ്പാനിലെ നോട്ടോ മേഖലയില്‍ റെക്കോര്‍ഡ് അളവിലുള്ള മഴയാണ് പെയ്തത്. മഴക്കെടുതിയില്‍ ഒരാള്‍ മരിക്കുകയും ഏഴിലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാജിമയില്‍ ശനിയാഴ്ച രാവിലെ 121 മില്ലിമീറ്റര്‍ (4.8 ഇഞ്ച്) റെക്കോഡ് മഴ രേഖപ്പെടുത്തി, അയല്‍സംസ്ഥാനമായ സുസുവില്‍ ഒരു മണിക്കൂറിനുള്ളില്‍ 84.5 മില്ലിമീറ്റര്‍ പെയ്തു. ഇത് എക്കാലത്തെയും ഉയര്‍ന്ന മഴയാണ് എന്നാണ് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി പറയുന്നത്. 2004 ല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ സുനാമിയില്‍ ഏറ്റവും അധികം നാശനഷ്ടമുണ്ടായ രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍.
ഇന്തോനേഷ്യയിലെ സുമാത്ര തീരത്ത് കടലിനടിയില്‍ ഉണ്ടായ വന്‍ ഭൂകമ്പത്തെ തുടര്‍ന്ന് രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും മാരകമായ സുനാമികളിലൊന്നായിരുന്നു ഇത്. 100 അടി വരെ ഉയരത്തില്‍ എത്തിയ തിരമാലകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന് ചുറ്റുമുള്ള രാജ്യങ്ങളെ ബാധിക്കുകയും ലക്ഷക്കണക്കിന് ജീവന്‍ അപഹരിക്കുകയും ചെയ്തു. 2011 ല്‍ ജപ്പാന്‍ തീരത്തും മാരകമായ സുനാമിത്തിരകള്‍ ആഞ്ഞടിച്ചിരുന്നു.
ജപ്പാന്‍ തീരത്ത്, 9.0 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂകമ്പം ശക്തമായ സുനാമിയാണ് സൃഷ്ടിച്ചത്. അത് തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാക്കുകയും ഫുകുഷിമ ആണവ ദുരന്തത്തിലേക്ക് നയിക്കുകയും ചെയ്തു. തിരമാലകള്‍ 130 അടിയിലധികം ഉയരത്തിലെത്തി. ഇത് സമീപകാല ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സുനാമികളിലൊന്നായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.