ഷിംല: സോണിയ ഗാന്ധിയ്‌ക്കെതിരെ ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത് നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ്. കങ്കണയുടേത് വിഡ്ഢിത്തം നിറഞ്ഞ പ്രസ്താവനയാണ് എന്നും തന്റെ ആരോപണം തെളിയിക്കാനുള്ള ബാധ്യത അവര്‍ക്കുണ്ട് എന്നും കോണ്‍ഗ്രസ് പറഞ്ഞു. അല്ലെങ്കില്‍ അവരുടെ പരാമര്‍ശങ്ങളില്‍ നിയമനടപടി നേരിടേണ്ടിവരും എന്നും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.
കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ സംസ്ഥാന സര്‍ക്കാര്‍ വായ്പയെടുത്ത് പണം സോണിയ ഗാന്ധിക്ക് വകമാറ്റി എന്നായിരുന്നു കങ്കണ റണാവത്തിന്റെ ആരോപണം. സോണിയാ ഗാന്ധിയെക്കുറിച്ചുള്ള കങ്കണ റണാവത്തിന്റെ പരാമര്‍ശം മാണ്ഡി എംപിയുടെ ‘ബൗദ്ധിക പാപ്പരത്തം’ കാണിക്കുന്നുവെന്ന് ഹിമാചല്‍ പ്രദേശ് മന്ത്രി വിക്രമാദിത്യ സിംഗ് പറഞ്ഞു. തന്റെ പ്രസ്താവനകള്‍ക്ക് തെളിവ് നല്‍കിയില്ലെങ്കില്‍ കങ്കണയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു
വികസനത്തിന് കേന്ദ്രത്തില്‍ നിന്നോ സംസ്ഥാനത്തിന്റെ ഫണ്ടില്‍ നിന്നോ വരുന്ന ഫണ്ട് സോണിയാ ഗാന്ധിക്ക് നല്‍കുന്നുവെന്ന് പറയുന്നതിലും വലിയ വിഡ്ഢിത്തം വേറെയില്ലെന്നും വിക്രമാദിത്യ സിംഗ് പരിഹസിച്ചു. ‘ഒരു രൂപയെങ്കിലും വകമാറ്റിയതിന്റെ തെളിവ് കാണിക്കാന്‍ ബിജെപി എംപി കങ്കണ റണാവത്തിനെ ഞാന്‍ പരസ്യമായി വെല്ലുവിളിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
അല്ലെങ്കില്‍ അടിസ്ഥാനരഹിതവും അനാവശ്യവുമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് സോണിയ ഗാന്ധിയോട് മാപ്പ് പറയണം എന്നും അല്ലാത്തപക്ഷം അവര്‍ക്കെതിരെ കോണ്‍ഗ്രസ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും എന്നും മന്ത്രി പറഞ്ഞു. ഹിമാചല്‍ ഗവണ്‍മെന്റ് തങ്ങളുടെ ഖജനാവ് പൊള്ളയാക്കിയെന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ദുരന്തനിവാരണ വായ്പ എടുത്തെന്നും ഫണ്ട് സോണിയാ ഗാന്ധിക്ക് വകമാറ്റിയെന്നുമായിരുന്നു കങ്കണയുടെ അവകാശവാദം.
അവര്‍ വായ്പ എടുത്ത് സോണിയാ ഗാന്ധിക്ക് കൊടുക്കുന്നു, ഇത് കാരണം സംസ്ഥാനത്തിന്റെ ഖജനാവ് പൊള്ളയായിരിക്കുന്നു. ഞങ്ങള്‍ (കേന്ദ്രം) ദുരന്തനിവാരണ ഫണ്ട് നല്‍കിയാല്‍ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പോകുന്നത്, എന്നാല്‍ അത് അവിടെ നിന്ന് സോണിയാ ദുരിതാശ്വാസ നിധിയിലേക്കാണ് പോകുന്നതെന്ന് എല്ലാവര്‍ക്കും അറിയാം, ”ഞായറാഴ്ച മണാലിയില്‍ നടന്ന ഒരു പൊതുയോഗത്തിനിടെ കങ്കണ പറഞ്ഞു.
എന്നാല്‍ തന്റെ ചിത്രമായ ”എമര്‍ജന്‍സി’ റിലീസിന് യഥാസമയം സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാത്തതില്‍ മനംനൊന്താണ് ബിജെപി നേതാവ് അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് വിക്രമാദിത്യ സിംഗ് പരിഹസിച്ചു. കങ്കണ ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കാറില്ല എന്നും സെന്‍സര്‍ ബോര്‍ഡ് തന്റെ സിനിമ തടഞ്ഞതിനാല്‍ മണാലിയിലെ വീട്ടില്‍ നിന്ന് അവര്‍ ദു:ഖിക്കുകയും അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ നടത്തുകയും ചെയ്തിരിക്കാം എന്നും അദ്ദേഹം പറഞ്ഞു.