നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ജയിൽ മോചിതനായിരിക്കുകയാണ്. ഇന്ന് വൈകീട്ടോടെയാണ് ഇയാൾ ജയിലിൽ നിന്നും ഇറങ്ങിയത്. പൂമാലയിട്ടായിരുന്നു സുനിയെ ആള്‍ കേരള മെന്‍സ് അസോസിയേഷന്‍ നേതാക്കൾ സ്വീകരിച്ചത്. ജയ് വിളികളും ഇവർ നടത്തി. ഇപ്പോഴിതാ തങ്ങളുടെ പ്രവൃത്തിയെ ന്യായീകരിക്കുകയാണ് മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ.
പൾസർ സുനിയെ മാലയിട്ട് സ്വീകരിച്ചതിന് കാരണം ഏഴര വർഷം വിചാരണ തടവുകാരനായാണ് അയാളെ സബ് ജയിലിൽ പാർപ്പിച്ചത്. അയാൾ തെറ്റുകാരനാണോ അല്ലയോ എന്ന് പൊതുജനത്തിന് ഇതുവരെ ബോധ്യം വന്നിട്ടില്ല. അയാൾ തെറ്റുകാരനാണെങ്കിൽ അയാളെ ശിക്ഷിക്കണം. എന്നാൽ ആരോപണത്തിന്റെ പേരിൽ ഏഴര വർഷമാണ് റിമാന്റ് പ്രതിയായി സബ് ജയിലിൽ ഇട്ടത്. അതുമാത്രമല്ല ഈ അടുത്ത കാലത്ത് ഒരുപാട് കുറ്റക്കാരായ സ്ത്രീകൾക്ക് ജാമ്യം കൊടുത്തിട്ടുണ്ട്
ഷാരോണിനെ പ്രണയം നടിച്ച് നിഷ്ടൂരമായി കൊന്നിട്ട് എത്ര ദിവസം ആ പെൺകുട്ടിക്ക് ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ട്. അവളെ കുറ്റവിമുക്തയാക്കിയ മട്ടിലാണ് പുറത്തേക്ക് വിട്ടത്. ഇവിടെ പുരുഷനൊരു നീതിയും സ്ത്രീക്ക് ഒരു നീതിയും പാടില്ല. തുല്യ നീതി നടപ്പിലാകണം. ആണായത് കൊണ്ട് ഏഴും എട്ടും വർഷവുമൊന്നും ജയിലിലിടാൻ സാധിക്കില്ല. ആ കേസ് തീർക്കാൻ ഇതുവരേയും കഴിഞ്ഞിട്ടില്ല. പല തവണ കോടതിയിൽ പോയെങ്കിലും സുപ്രീം കോടതിയിൽ നിന്നാണ് അനുകൂല ഉത്തരവ് ഉണ്ടായത്. സ്ത്രീകൾ എത്ര കുറ്റം ചെയ്താലും കേരളത്തിൽ ഒരു നിയമം അവർക്ക് വെച്ചിട്ടുണ്ട്. എത്ര കുറ്റം ചെയ്താലും മിടുക്കിയാണെന്നൊക്കെ പറഞ്ഞ് കേട്ടിട്ടില്ലേ. കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ അമ്മയ്ക്കും മകൾക്കും ജാമ്യം കിട്ടി. അച്ഛന് ജാമ്യം കിട്ടിയില്ല. അമ്മയും മകളുമാണ് പ്ലാൻ ചെയ്തത്. എന്നിട്ടും അവർക്ക് ജാമ്യം കിട്ടി. ഇത് ഇരട്ടത്താപ്പാണ്. പ്രസവിച്ച ഉടനെ കുട്ടികളെ കൊലപ്പെടുത്തിയ അമ്മമാരൊക്കെ ജാമ്യം നേടി ജയിലിന് പുറത്താണ്
പൾസർ സുനി ആരെയെങ്കിലും ഇവിടെ കൊലപ്പെടുത്തിയോ. പൾസർ സുനിയെ അറസ്റ്റ് ചെയ്ത കാലത്ത് അയാളെ ചീത്തവിളിച്ച ആളാണ് ഞാൻ. എന്നാൽ ഏഴരവർഷമായി അയാൾ കുറ്റക്കാരനാണോയെന്ന് അറിയാൻ പൊതുജനത്തിന് സാധിച്ചിട്ടില്ല. കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കട്ടെ. കൊലപാതകത്തെക്കാൾ വലിയ കുറ്റമാണോ അയാൾ ചെയ്തത്. എന്ത് പീഡനമാണ് നടന്നത്. പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്ന സ്ത്രീ പിറ്റേ ദിവസം ജോലിക്ക് പോയ ആളാണ്.എന്താണ് അവിടെ നടന്നത് എന്ന് ജനത്തിന് അറിയണ്ടേ’, അജിത് കുമാർ പറഞ്ഞു.
കർശന വ്യവസ്ഥകളോടെയാണ് വിചാരണ കോടതിയായ എറണാകുളം സെഷൻസ് കോടതി സുനിക്ക് ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളോട് സംസാരിക്കരുത്, പ്രതികളെയോ സാക്ഷികളെയോ ബന്ധപ്പെടരുത്, ഒരു സിം കാർഡ് മാത്രമേ ഉപയോഗിക്കാവൂ, നമ്പർ കോടതിയെ അറിയിക്കണം രണ്ട് ആൾ ജാമ്യം വേണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് നൽകണം, എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുത് എന്നിങ്ങനെയാണ് ജാമ്യ വ്യവസ്ഥ.