കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാർ നിഷ്ക്രിയത്വം കാണിച്ചു എന്നാണ് കോടതി പറഞ്ഞത്. 2021 ൽ റിപ്പോർട്ട് ഡി ജി പിക്ക് കൈമാറിയിട്ടും എന്ത് കൊണ്ടാണ് നടപടി എടുക്കാതിരുന്നത് എന്ന് കോടതി ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറാനും കോടതി നിർദ്ദേശിച്ചു. ബലാത്സംഗത്തിനും പോക്സോ കേസിനും നടപടിയെടുക്കാനുള്ള വസ്തുകൾ റിപ്പോർട്ടിലുണ്ടെന്ന് നിരീക്ഷിച്ച കോടതി, നടപടി എടുത്തില്ലെന്നത് ആശ്ചര്യമാണെന്നും അഭിപ്രായപ്പെട്ടു.
മൂന്ന് വർഷം സർക്കാർ നടപടിയെടുത്തില്ല എന്നുള്ളത് ആശ്ചര്യം ഉളവാക്കുന്നതാണെന്നും ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ അത് പരിശോധിക്കേണ്ടതുണ്ടെന്നത് സാമാന്യ കാര്യമാണെന്നും അതുണ്ടായില്ലെന്നും റിപ്പോർട്ടിലെ ബലാത്സംഗം, പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യാനുള്ള വസ്തുത ഉണ്ട്. കേസെടുക്കാനുള്ള വാദം എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനാണ് കമ്മിറ്റി വെച്ചതെന്നും റിപ്പോർട്ടിൽ പരാതിക്കാരെ കുറിച്ചോ പരാതി എന്തെന്നോ ഇല്ലെന്നായിരുന്നു സർക്കാർ വാദം. റിപ്പോർട്ടിൻമേലുള്ള ശുപാർശകൾ നടപ്പാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു തുടങ്ങിയിരുന്നെന്നും കോടതിയെ അറിയിച്ചു. ഒരു കുറ്റകൃത്യം നടന്നുവെന്ന് അറിഞ്ഞാൽ കണ്ണടച്ചിരിക്കാൻ സർക്കാരിന് കഴിയുമോ? അന്വേഷണത്തിന് തടസ്സമെന്താണെന്നും കോടതി ചോദിച്ചു. സർക്കാരിന് ലഭിച്ച പൂർണമായ റിപ്പോർട്ട് അതേപടി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് കോടതി നിർദ്ദേശിച്ചു. എഫ് ഐ ആർ വേണമോ എന്ന് റിപ്പോർട്ട് പരിശോധിച്ച ശേഷം അന്വേഷണ സംഘം തീരുമാനിക്കണം. സ്വീകരിച്ച നടപടി എന്തെന്ന് അന്വേഷണ സംഘം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം.
പ്രത്യേക ഡിവിൽൻ ബെഞ്ചിന് മുമ്പാകെ മുദ്രവെച്ച കവറിലാണ് സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് കൈമാറിയത്. ജസ്റ്റിസുമാരായ എ കെ ജയശങ്കർ നമ്പ്യാരും സി എസ് സുധയും ഉൾപ്പെടെ രണ്ടംഗ ഡിവിഷൻ ബെഞ്ചാണ് റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പരിശോധിക്കുന്നത്. നാലര വർഷത്തോളം സർക്കാരിന്റെ കയ്യിൽ ആയിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. വ്യക്തികളുടെ സ്വകാര്യത ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.