മോസ്‌കോ: റഷ്യയെ വിശ്വസ്‌ത സഖ്യകക്ഷിയെന്നും എത് സാഹചര്യത്തിലും തുണയ്ക്ക് എത്തുന്ന സുഹൃത്തെന്നും വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ രണ്ട് ദിവസത്തെ സന്ദർശനത്തിനായി റഷ്യയിൽ എത്തിയതായിരുന്നു മോദി. യാത്രയും വ്യാപാരവും മെച്ചപ്പെടുത്തുന്നതിനായി കസാനിലും യെക്കാറ്റെറിൻബർഗിലും രണ്ട് പുതിയ ഇന്ത്യൻ കോൺസുലേറ്റുകൾ ആരംഭിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ചോവ്വാഴ്‌ച രാവിലെ മോസ്‌കോയിൽ നടന്ന ഒരു സമ്മേളനത്തിലാണ് മോദിയുടെ പ്രസ്‌താവന. റഷ്യയിലെ ഇന്ത്യൻ സമൂഹത്തിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു മോദി. “റഷ്യ എന്ന വാക്ക് കേൾക്കുമ്പോൾ, ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ ആദ്യം വരുന്ന വാക്ക് ഇന്ത്യയുടെ ഏത് സാഹചര്യത്തിലും ഒപ്പം നിൽക്കുന്ന സുഹൃത്ത് അല്ലെങ്കിൽ വിശ്വസ്‌ത കൂട്ടാളി എന്നിവയാണ്” അദ്ദേഹം പറഞ്ഞു.
“റഷ്യൻ ശൈത്യകാലത്ത് താപനില മൈനസിന് താഴെ (പൂജ്യം ഡിഗ്രി സെൽഷ്യസ്) എത്ര താഴ്ന്നാലും, ഇന്ത്യ-റഷ്യ സൗഹൃദം എല്ലായ്‌പ്പോഴും ‘പ്ലസ്’ ആയി തന്നെ തുടരുന്നു, അത് വളരെ ഊഷ്‌മളമാണ്. പരസ്‌പര വിശ്വാസത്തിന്റെയും പരസ്‌പര ബഹുമാനത്തിന്റെയും ശക്തമായ അടിത്തറയിലാണ് ഈ ബന്ധം ഉണ്ടാക്കിയിരിക്കുന്നത്” അദ്ദേഹം പറഞ്ഞു.
മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇന്ത്യയും റഷ്യയും ചെന്നൈ-വ്ലാഡിവോസ്‌റ്റോക്ക് ഈസ്‌റ്റേൺ മാരിടൈം ഇടനാഴിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും ഗംഗ-വോൾഗ സംഭാഷണത്തിലൂടെ ഇരുരാജ്യങ്ങളും പരസ്‌പരം മനസിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
“രണ്ട് വർഷം മുമ്പ്, ആദ്യത്തെ വാണിജ്യ ചരക്ക് വടക്ക്-തെക്ക് ഗതാഗത ഇടനാഴിയിൽ നിന്ന് ഇവിടെയെത്തിയിരുന്നു. ഇപ്പോൾ ഞങ്ങൾ ചെന്നൈ-വ്ലാഡിവോസ്‌റ്റോക്ക് ഈസ്‌റ്റേൺ മാരിടൈം ഇടനാഴിക്ക് വേണ്ടിയും പ്രവർത്തിക്കുന്നു” 40 മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.