മോസ്കോ: റഷ്യയിലെ മോസ്‌കോയിൽ സംഗീത നിശയ്ക്കിടെ ഉണ്ടായ വെടിവെപ്പിൽ 60 പേർ കൊല്ലപ്പെട്ടു. മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിലാണ് അഞ്ച് ആക്രമികൾ ദുരന്തം വിതച്ചത്. വെടിവെപ്പിന് പിന്നാലെ ഇവിടെ സ്ഫോടനവും ഉണ്ടായത് അപകടത്തിന്റെ വ്യാപ്‌തി കൂട്ടി. രണ്ട് തവണയാണ് സ്ഫോടനം നടന്നത്. ഇതോടെ പരിപാടി നടക്കുന്ന ഹാളിന്റെ മേൽക്കൂര തകർന്നു വീണു. 145 പേർക്കോളം ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു, ടെലിഗ്രാമിലെ ഒരു പോസ്‌റ്റിൽ തങ്ങളുടെ തോക്കുധാരികൾ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി ഐഎസ് അവകാശപ്പെട്ടു. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ അവകാശവാദം സ്ഥിരീകരിക്കുന്ന രഹസ്യവിവരം ലഭിച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കുകയും ചെയ്‌തതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്‌തു.
അക്രമികൾ യന്ത്രത്തോക്കുകൾ ഉപയോഗിച്ച് ജനങ്ങൾക്ക് നേരെ തുടരെ വെടിവെക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പടെ പുറത്തുവന്നിട്ടുണ്ട്. ആക്രമണം നടന്നതിന് പിന്നാലെ ഓടിരക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും പെട്ടാണു പലരും മരിച്ചത്. സൈനികരുടെ യൂണിഫോമിന് സമാനമായ വസ്ത്രം ധരിച്ചാണ് അക്രമികൾ എത്തിയത്.
ഇതിന് പിന്നാലെ ആക്രമണത്തിന് നേതൃത്വം നൽകിയവർക്കായി വൻ തിരക്കിലാണ് റഷ്യയിൽ നടക്കുന്നത്, മോസ്കോയിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും താമസിക്കുന്നവർക്ക് ആക്രമണകാരികളെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകി. എന്നാൽ ഇതിൽ പങ്കെടുത്തുവെന്ന് സംശയിക്കപ്പെടുന്ന ആരെയും അധികൃതർക്ക് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അപ്രതീക്ഷിതമായി നടന്ന ആക്രമണത്തെ തുടർന്ന് വാരാന്ത്യത്തിൽ നടക്കാനിരിക്കുന്ന എല്ലാ സാംസ്‌കാരിക, കായിക, മറ്റ് ബഹുജന പരിപാടികളും റദ്ദാക്കുമെന്ന് മോസ്കോ മേയർ സെർജി സോബിയാനിൻ പറഞ്ഞു. കൂടാതെ റഷ്യൻ റെയിൽവേയും മറ്റ് പ്രധാന യൂട്ടിലിറ്റികളും സുരക്ഷ വർദ്ധിപ്പിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്.
ഈ മാസം ആദ്യം, യുഎസിന്റെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങൾ ഭീകരവാദ പ്രവർത്തന മുന്നറിയിപ്പ് നൽകുകയും റഷ്യയിൽ പൊതുയോഗങ്ങളിൽ പങ്കെടുക്കരുതെന്ന് തങ്ങളുടെ പൗരന്മാരോട് നിർദ്ദേശിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഐഎസിന്റെ ആക്രണം ഉണ്ടായിരിക്കുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. സമീപകാലത്ത് റഷ്യയിൽ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണങ്ങളിൽ ഒന്ന് കൂടിയാണ് ഇത്. കൂടാതെ 2015 നവംബറിൽ പാരീസിലെ ബറ്റാക്ലാൻ ആക്രമണം പോലെയുള്ള യൂറോപ്പിലെ തന്നെ ഏറ്റവും കടുത്ത ഭീകരാക്രമണത്തെ അനുസ്‌മരിപ്പിക്കുന്നതായിരുന്നു കൺസേർട്ട് ഹാളിലെ വെടിവയ്പ്പ് സംഭവം. ആക്രമികൾക്കായി തിരച്ചിൽ ഊർജിതമാക്കാനാണ് പോലീസ് ഉൾപ്പെടെ അന്വേഷണ ഏജൻസികളുടെ ശ്രമം.