എമ്പുരാന്‍ വിവാദത്തില്‍ ഇതാദ്യമായി പരസ്യമായി പ്രതികരിച്ച് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ആന്റണി പെരുമ്പാവൂര്‍. എമ്പുരാന്‍ വിവാദം അവസാനിച്ചെന്നും സിനിമയില്‍ വളരെ ചെറിയ മാറ്റങ്ങളാണ് വരുത്തിയതെന്നും ആന്റണി പെരുമ്പാവൂര്‍ പ്രതികരിച്ചു. പൃഥ്വിരാജിനെ ആരും ഒറ്റപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എമ്പുരാന്റെ കഥ മോഹന്‍ലാലിന് പൂര്‍ണമായും അറിയാം എന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കേണ്ട എന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയിലെ ചിലഭാഗങ്ങളില്‍ ചിലര്‍ക്ക് വിഷമമുണ്ടായതില്‍ ഖേദമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലിന്റെ മാപ്പ് മുരളി ഗോപി ഷെയര്‍ ചെയ്യാത്തത് വലിയ കാര്യമല്ല എന്നും എല്ലാവരും കൂട്ടായാണ് തീരുമാനം കൈക്കൊണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി.
സ്വന്തം ഇഷ്ട്ടപ്രകാരമാണ് സിനിമയില്‍ മാറ്റം വരുത്തിയതെന്നും ഭയമല്ല കാരണമെന്നും ആന്റണി പറഞ്ഞു. വളരെ ചെറിയ മാറ്റമാണ് എമ്പുരാനില്‍ വരുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണക്കാരനൊരു വിഷമമുണ്ടായാല്‍ പോലും അതിനെ കണക്ട് ചെയ്യണം എന്ന് ചിന്തിക്കുന്ന ആള്‍ക്കാരാണ് ഞങ്ങള്‍. ഞങ്ങള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഞാന്‍ നിര്‍മിക്കുന്ന സിനിമയില്‍ സഹകരിക്കുന്ന എല്ലാവരേയുമാണ്.
മുരളി ഗോപി പോസ്റ്റ് ഷെയര്‍ ചെയ്യാത്തത് വിയോജിപ്പുകള്‍ കൊണ്ടാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനൊരു വിയോജിപ്പ് ഒരാള്‍ക്ക് ഉണ്ടായാല്‍ ഇങ്ങനെ ചെയ്യാന്‍ പറ്റില്ലല്ലോ. എല്ലാവരുടേയും സമ്മതം അതിന് ആവശ്യമാണ്. ആ സമ്മതത്തോടെ തന്നെ ചെയ്യുന്ന കാര്യമാണത്. മോഹന്‍ലാല്‍ സാറിന് ഈ കഥയറിയാം. എനിക്കറിയാം, ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. അത് അറിയില്ല എന്ന് പറയുന്നത് ഞങ്ങള്‍ പറഞ്ഞിട്ടല്ല.
അതിനെ കുറിച്ച് സംസാരിക്കാന്‍ എനിക്ക് പറ്റാത്ത കാര്യമാണ്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല. ഞങ്ങള്‍ എത്രയോ വര്‍ഷമായിട്ട് അറിയാവുന്നതാണ്. ഞങ്ങള്‍ ഒന്നിച്ചെടുത്ത തീരുമാനമാണ് ഈ സിനിമ നിര്‍മിക്കണം എന്നുള്ളത്. ഈ സിനിമയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങള്‍ ഉണ്ടാകാന്‍ പാടില്ല എന്ന് വിശ്വസിക്കുന്ന പൃഥ്വിരാജ് ഉള്‍പ്പടെയുള്ള ആള്‍ക്കാര്‍ ഈ സമൂഹത്തില്‍ ജീവിക്കുന്നവരല്ലേ.
തെറ്റ് ചെയ്യാന്‍ വേണ്ടി ഞങ്ങള്‍ മുന്‍കാലങ്ങളിലൊന്നും സിനിമയെടുത്തിട്ടില്ല. ഞങ്ങള്‍ക്ക് ശരി എന്ന് തോന്നുന്നത് കൊണ്ടാണ് ഞങ്ങള്‍ ഈ സിനിമയെടുത്തത്. ആരുടേയും ഭീഷണിയുടെ പേരില്‍ അല്ല മാറ്റം വരുത്തിയത്. ഞങ്ങള്‍ ഈ സമൂഹത്തില്‍ എല്ലാവരുടേയും കൂടെ സന്തോഷമായിട്ട് ജീവിച്ച് പോകുന്നവരാണ്. എമ്പുരാന്‍ മൂന്നാം ഭാഗം എന്തായാലും ഉണ്ടാകും എന്നും ആന്റണി വ്യക്തമാക്കി.