30 in Thiruvananthapuram

അഫാനെ കാണണമെന്ന് മാതാവ് ഷെമി; ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ട്; സാമ്പത്തികക്കുറ്റം കൂടി ഉള്‍പ്പെടുത്തി പൊലീസ്

Posted by: TV Next March 16, 2025 No Comments

തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ കാണാന്‍ മാതാവ് ഷെമി വീണ്ടും ആഗ്രഹം പ്രകടിപ്പിച്ചതായി ബന്ധുക്കള്‍. തിരുവനന്തപുരത്ത് പ്രത്യേക സംരക്ഷണ കേന്ദ്രത്തിലാണ് ഷെമി കഴിയുന്നത്. മകന്റെ ക്രൂരമായ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇവരുടെ ആരോഗ്യസ്ഥിതി ഇനിയും മെച്ചപ്പെട്ടിട്ടില്ല. ഇന്നലെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ എത്തി പരിശോധിച്ചിരുന്നു. നാളെ വീണ്ടും വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും.

മരണവിവരങ്ങള്‍ അറിഞ്ഞ ശേഷം ആഹാരം കഴിക്കുന്നതിനും മറ്റും ഷെമിക്ക് ഇപ്പോഴും ബുദ്ധിമുട്ട് തുടരുകയാണ്. ഇളയ മകന്റെയും ബന്ധുക്കളുടെയും കൊലപാതകത്തിന് പിന്നില്‍ അഫാനാണെന്ന സത്യം ഇപ്പോഴും ഷെമിക്ക് ഉള്‍ക്കൊള്ളനായാട്ടില്ലെന്ന് കഴിഞ്ഞ ദിവസം അഫാന്റെ പിതാവ് അബ്ദുല്‍ റഹീം പറഞ്ഞിരുന്നു.

അതിനിടെ, കൂട്ടക്കൊലപാതകം സംബന്ധിച്ച അന്വേഷണത്തില്‍ സാമ്പത്തികക്കുറ്റം കൂടി ഉള്‍പ്പെടുത്തി പുതിയ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് നടപടി തുടങ്ങി. പ്രതി അഫാന്റെ കടബാധ്യത, കുടുംബത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് നിലവില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കുടുംബത്തിനു വലിയ സാമ്പത്തിക ബാധ്യയുണ്ടെന്ന റിപ്പോര്‍ട്ടുകളില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് അഫാന്റെ പിതാവ് പൊലീസിനോട് ആവശ്യപ്പെട്ടു. തെളിവെടുപ്പിന്റെ ഭാഗമായി റഹീമിനോട് ഇന്നലെ കിളിമാനൂര്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. അഫാന്റെ കുടുംബം ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള വ്യക്തികളില്‍ നിന്നും വന്‍ തുക കടം വാങ്ങിയതിന്റെ വിവരങ്ങള്‍ പൊലീസിന് ഇതിനകം ലഭിച്ചിട്ടുണ്ട്. കടം കൊടുത്തവര്‍ പലിശ ഇനത്തില്‍ മാത്രം അഫാന്റെ കുടുംബത്തില്‍നിന്ന് വന്‍തുക ഈടാക്കിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പുതിയ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ നീക്കം ആരംഭിച്ചത്.

പ്രതിമാസം വലിയ തുക പലിശ ഇനത്തില്‍ അഫാന്റെ കുടുംബം നല്‍കിയിട്ടുണ്ടെന്ന രേഖകളും പൊലീസിനു ലഭിച്ചിട്ടുണ്ട്. മൂന്നാം ഘട്ട തെളിവെടുപ്പിനായി അഫാനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന വെഞ്ഞാറമൂട് പൊലീസിന്റെ അപേക്ഷയില്‍ നെടുമങ്ങാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി നാളെ വിധി പറയും. അഫാന്റെ സഹോദരന്‍ അഫ്‌സാന്‍, അഫാന്റെ സുഹൃത്ത് ഫര്‍സാന എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 24-നായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരാണ് അഫാന്റെ ക്രൂരതയില്‍ കൊല്ലപ്പെട്ടത്.