നല്ല കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ് ദൈവത്തെ പ്രാർത്ഥിക്കുന്നത് സാധാരണമാണ്. എന്നാൽ മോഷണത്തിന് മുൻപ് മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്ന മോഷ്ടാവിനെ കണ്ടിട്ടുണ്ടോ? പ്രാർത്ഥനയും കഴിഞ്ഞ് വൻതുക തട്ടിയെടുത്താണ് കള്ളൻ കടന്നുകളഞ്ഞത്.മധ്യപ്രേദശിലെ രാജ്ഗഡിലെ പെട്രോൾ പമ്പിലാണ് ഈ സംഭവം. മുഖംമൂടി ധരിച്ച കള്ളൻ പെട്രോൾ പമ്പിന്റെ അകത്തേക്ക് കയറിയ ശേഷം വാതിൽ അടയ്ക്കാനായി തിരിയുമ്പോഴാണ് ഓഫീസിന്റെ ഒരു മൂലയിൽ ദൈവങ്ങളുടെ വിഗ്രഹം കണ്ടത്.
ഒരു നിമിഷം മോഷ്ടാവ് ഭക്തിയിലേക്ക് പോയി. തലകുനിച്ച് വിഗ്രഹത്തെ പ്രാർത്ഥിച്ച ശേഷമാണ് മോഷണം ആരംഭിച്ചത്. മോഷണം വിജയിക്കാനാണോ അതോ താൻ ചെയ്യാൻ പോകുന്ന തെറ്റിന് മാപ്പ് നൽകാനാണോ, എന്തിനായിരുന്നു മോഷ്ടാവിന്റെ ആ പ്രാർത്ഥന എന്ന് അദ്ദേഹത്തിന് മാത്രമെ അറിയൂ
പ്രാർത്ഥിച്ച ശേഷം പണം എവിടെയാണ് എന്ന് കണ്ടെത്താനായി മോഷ്ടാവ് ആ മുറി മൊത്തതിൽ തിരിയുന്നു. കള്ളന്റെ ഓരോ നീക്കവും സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ സി സി ടി വി തകർക്കാനും മോഷ്ടാവ് ശ്രമിക്കുന്നുണ്ട്. പക്ഷേ സി സി ടി വി തകർന്നതുമില്ല, എല്ലാ കാര്യങ്ങളും കൃത്യമായി ക്യാമറിയിൽ പതിയുകയും ചെയ്തു. മേശയുടെ ചില ഡ്രോയറുകൾ തകർക്കാൻ ശ്രമിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. 1.6000 രൂപ മോഷ്ടിച്ചാണ് കള്ളൻ പമ്പിൽ നിന്നും കടന്നത്. മോഷണം നടക്കുമ്പോൾ പെട്രോൾ പമ്പിലെ ജീവനക്കാർ സോയത് കലൻ സുജൻപൂർ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന ഇന്ധന ബാങ്കിൽ ഉറങ്ങുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
ഓഫീസനകത്ത് നിന്ന് ഇരുമ്പുവടി കണ്ടെടുത്തു. പ്രതിക്കായി ഉള്ള തിരച്ചിൽ പോലീസ് ആരംഭിച്ചു. എന്തായാലും ഇതുവരെ കള്ളന് പിടിവീണിട്ടില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. ചെയ്യുന്നത് തെറ്റാണെങ്കിലും പ്രാർത്ഥിക്കാനുള്ള കള്ളന്റെ മനസ്സിനെക്കുറിച്ചാണ് ആളുകൾ കമന്റിടുന്നത്.