28 in Thiruvananthapuram
TV Next News > News > Kerala > ചേലക്കര അതിര്‍ത്തിയില്‍ നിന്ന് രേഖകളില്ലാത്ത പണം ; വാഹനത്തില്‍ 25 ലക്ഷം രൂപ !

ചേലക്കര അതിര്‍ത്തിയില്‍ നിന്ന് രേഖകളില്ലാത്ത പണം ; വാഹനത്തില്‍ 25 ലക്ഷം രൂപ !

Posted by: TV Next November 12, 2024 No Comments

ചേലക്കര: ചേലക്കര അതിര്‍ത്തിയില്‍ നിന്ന് മതിയായ രേഖകളില്ലാത്ത 25 ലക്ഷം രൂപ പിടികൂടി. കലാമണ്ഡലത്തിന്റെ സമീപത്ത് നിന്നാണ് പണം പിടിച്ചത്. കുളപ്പുള്ളി സ്വദേശികളില്‍ നിന്ന് പൊലീസാണ് പണം പിടിച്ചെടുത്തത്. വാഹനത്തില്‍ കടത്തിയ പണമാണ് പിടികൂടിയത്. പണത്തിന്റെ ഉറവിടം വ്യക്തമല്ല എന്നാണ് പൊലീസും ഇന്‍കം ടാക്‌സും പറയുന്നത്.

 

ബാങ്കില്‍ നിന്ന് പിന്‍വലിച്ച പണമാണ് ഇത് എന്നും കൃത്യമായ രേഖകളുണ്ടെന്നും കുളപ്പുള്ളി സ്വദേശികള്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്. വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് പരിശോധന നടക്കുന്നുണ്ട്. കണക്കില്‍പ്പെടാത്ത പണം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന പരാതികള്‍ക്കിടെയാണ് സംഭവം

ചെറുതുരുത്തിയില്‍ നിന്ന് തൃശൂരിലേക്ക് വരുന്ന വഴിക്കാണ് പണം പിടിച്ചെടുത്തത്. നാളെയാണ് ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതിരഞ്ഞെടുപ്പിന് തൃശൂര്‍ ജില്ല സജ്ജമായതായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ വ്യക്തമാക്കി. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിംഗ്. വോട്ടെടുപ്പിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്.

ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. ആകെ 2,13,103 വോട്ടര്‍മാരാണ് ചേലക്കര നിയമസഭാ മണ്ഡലത്തില്‍ ഉള്ളത്. ഇതില്‍ 1,01,903 പുരുഷന്മാരും, 1,11,197 സ്ത്രീകളും, മൂന്ന് ട്രാന്‍സ്ജെന്‍ഡേഴ്‌സും ഉള്‍പ്പെടുന്നു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിനുശേഷം 10143 പേരാണ് പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത്. മണ്ഡലത്തില്‍ 14 പ്രശ്നബാധിത ബൂത്തുകളാണുള്ളത് എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.