കൊച്ചി: സംസ്ഥാന സ്‌കൂൾ കായികമേളയുടെ സമാപന ചടങ്ങിനിടെ സംഘർഷം. പ്രതിഷേധവുമായി ഒന്നിലധികം സ്‌കൂളുകളിലെ വിദ്യാർത്ഥികൾ രംഗത്ത് വന്നതോടെയാണ് സ്ഥലത്ത് സംഘർഷ സാഹചര്യം ഉണ്ടായത്. സമ്മാനദാനത്തിൽ ഉദ്യോഗസ്ഥ ഇടപെടൽ ആരോപിച്ചുകൊണ്ടാണ് സ്‌കൂളുകൾ രംഗത്ത് വന്നത്. മാർ ബേസിൽ, നാവാമുകുന്ദ സ്‌കൂളുകളാണ് ഈ ആരോപണവുമായി രംഗത്ത് വന്നത്.
ജിവി രാജ സ്‌കൂളിന് മീറ്റിൽ രണ്ടാം സ്ഥാനം നൽകിയതാണ് ഈ സ്‌കൂളുകളെ പ്രകോപിപ്പിച്ചത്. സ്‌പോർട്‌സ് സ്‌കൂളുകളെ പരിഗണിച്ചതിൽ അതൃപ്‌തി അറിയിക്കുകയും ചെയ്‌തുകൊണ്ട് ഇവർ പരിസരത്ത് ഒത്തുകൂടുകയായിരുന്നു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വേദിയിലിരിക്കെയാണ് പ്രതിഷേധം ഉണ്ടായത്. തുടർന്ന് ചടങ്ങുകൾ വെട്ടിച്ചുരുക്കുകയായിരുന്നു.
ആദ്യം പ്രസിദ്ധീകരിച്ച പട്ടികയിൽ അരുവിക്കര ജിവി രാജ സ്‌കൂളിന്റെ പേരില്ലായിരുന്നു എന്നാണ് കോതമംഗലം മാർ ബേസിൽ, തിരുനാവായ നാവാമുകുന്ദ സ്‌കൂളുകൾ ആരോപിക്കുന്നത്. വിഷയത്തിൽ സ്ഥലത്ത് ഇപ്പോഴും സംഘർഷ സാഹചര്യമാണുള്ളത്. വിദ്യാർത്ഥികൾ മാത്രമല്ല, അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ കടുത്ത പ്രതിഷേധമാണ് സംഘാടകരുടെ നടപടിക്കെതിരെ രംഗത്ത് വന്നത്.
പോലീസ് തങ്ങളെ അകാരണമായി മർദിച്ചുവെന്നും വനിതാ താരങ്ങൾക്ക് എതിരെ പോലും അക്രമം അഴിച്ചുവിട്ടുവെന്നുമാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. വിദ്യാർത്ഥികളെ പോലീസ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സ്ഥലത്ത് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒക്കെ തടിച്ചുകൂടിയിരിക്കുകയാണ് .
ഇത്തവണ സംസ്ഥാന സ്‌കൂൾ കായികമേളയിൽ ചരിത്രപരമായ ഫലമാണ് ഉണ്ടായത്. ആദ്യമായി മലപ്പുറം ജില്ല അത്‌ലറ്റിക്‌സിൽ ചാമ്പ്യന്മാരാവുന്ന കാഴ്‌ചക്കാണ് ഇക്കുറി കേരളം സാക്ഷ്യം വഹിച്ചത്. എന്നാൽ തിരുവനന്തപുരം ജില്ലയാണ് ഇത്തവണ മേളയിലെ ഓവറോൾ ചാമ്പ്യൻമാർ എന്ന പട്ടം സ്വന്തമാക്കിയത്.
1926 പോയിന്റുകളുമായാണ് തിരുവനന്തപുരം മേളയിലെ ഓവറോൾ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത്. എന്നാൽ അത്‌ലറ്റിക്‌സിൽ ഇക്കുറി 245 പോയിന്റുമായി മലപ്പുറം ഒന്നാമതെത്തുകയായിരുന്നു. 214 പോയിന്റ് നേടിയ പാലക്കാടാണ് ഇതിൽ രണ്ടാമതെത്തിയത്. കോഴിക്കോട് ജില്ലയുടെ അൽക്ക ഷിനോ നാല് സ്വർണവുമായാണ് മേളയുടെ താരമായത്. സ്‌കൂളുകളിൽ മുന്നിൽ എത്തിയത് ഐഡിയൽ സ്‌കൂളാണ്. 80 പോയിന്റോടെയാണ് അവർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 44 പോയിന്റോടെ തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസ് ആണ് രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. മൂന്നാം സ്ഥാനത്തുളള കോതമംഗലം മാർ ബേസിലിന് ലഭിച്ചിരിക്കുന്നത് 43 പോയിന്റാണ്.
അത്‌ലറ്റിക്‌സിൽ പാലക്കാടിന്റെ കുതിപ്പ് തടഞ്ഞുകൊണ്ടാണ് ഇക്കുറി മലപ്പുറം മുന്നേറിയത്. കഴിഞ്ഞ തവണ പാലക്കാടിനായിരുന്നു ഈ വിഭാഗത്തിൽ കിരീടം. മലപ്പുറം രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടിയിരുന്നു. എന്നാൽ ഇക്കുറി മലപ്പുറം മുന്നേറുകയായിരുന്നു. ഈ വർഷം ഗെയിംസിൽ തിരുവനന്തപുരം തന്നെയാണ് ഒന്നാമത്.