28 in Thiruvananthapuram
TV Next News > News > Blog > അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും ട്രംപ്..

അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും ട്രംപ്..

Posted by: TV Next November 6, 2024 No Comments

വാഷിംഗ്ടണ്‍:  യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. കേവലഭൂരിപക്ഷമായ 270 ഇലക്ട്രറല്‍ കോളേജ് എന്ന മാന്ത്രിക സംഖ്യ ട്രംപ് തൊട്ടു. ഡെണാള്‍ഡ് ട്രംപ് 23 സംസ്ഥാനങ്ങളിലും കമല ഹാരിസ് 11 ലും വിജയിച്ചു. വിജയിയെ നിര്‍ണ്ണയിക്കുന്ന ഇലക്ടറല്‍ കോളജ് നമ്പറുകളില്‍ ട്രംപ് 270 എണ്ണത്തില്‍ മുന്നിട്ട് നില്‍ക്കുന്നു.

കമല ഹാരിസ് 214 ഇലക്ടറല്‍ കോളജിലും മുന്നിലാണ്. ഏഴ് സ്വിംഗ് സ്റ്റേറ്റുകളിലെ അന്തിമഫലമായിരിക്കും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുക . ഇതില്‍ ട്രംപ് എല്ലാ സ്റ്റേറ്റിലും വിജയിച്ചിരിക്കുകയാണ്. ഇതോടെയാണ് കേവല ഭൂരിപക്ഷത്തിലേക്ക് ട്രംപിന് എത്താന്‍ സാധിച്ചതും. ഫ്‌ളോറിഡയില്‍ റിപ്പബ്ലിക്കന്‍മാര്‍ ട്രംപിന്റെ വിജയാഘോഷം തുടങ്ങി കഴിഞ്ഞു.

അനുയായികളെ അഭിസംബോധന ചെയ്യാന്‍ ഡൊണാള്‍ഡ് ട്രംപ് പാം ബീച്ചിലെ ഫ്‌ലോറിഡ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് എത്തും എന്നാണ് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രംപ് വിജയമുറപ്പിച്ചതോടെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസ് തന്റെ രാത്രി പ്രസംഗം റദ്ദാക്കി. എന്നാല്‍ നാളെ രാവിലെ കമല ഹാരിസ് ജനങ്ങളെ അഭിസംബോധന ചെയ്യും എന്ന് സെഡ്രിക് റിച്ച്മണ്ട് വാഷിംഗ്ടണില്‍ പറഞ്ഞു.

നോര്‍ത്ത് കരോലിനയിലും ജോര്‍ജിയയിലും നേടിയ നിര്‍ണായക വിജയങ്ങളാണ് ട്രംപിന് കരുത്തായത്. രണ്ട് ഡെമോക്രാറ്റിക് സീറ്റുകള്‍ അട്ടിമറിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു. ഇത് ട്രംപിന്റെ രാഷ്ട്രീയ ശക്തി കൂടി തെളിയിക്കുന്നതാണ്. ഡെമോക്രാറ്റുകള്‍ ശക്തമായ അടിത്തറ ഉറപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രധാന പ്രദേശങ്ങളില്‍ കമല ഹാരിസ് മോശം പ്രകടനമാണ് നടത്തുന്നത്.

അതേസമയം നിലവില്‍ പുറത്ത് വരുന്ന സൂചനകള്‍ പോസിറ്റീവാണ് എന്ന് ട്രംപിന്റെ പ്രചാരണ വക്താവ് ജേസണ്‍ മില്ലര്‍ പറഞ്ഞു. പരമ്പരാഗത റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളായ ഫ്‌ലോറിഡയിലും ടെക്സാസിലും ട്രംപ് വിജയിച്ചു. ജനാധിപത്യം, സമ്പദ്വ്യവസ്ഥ, ഗര്‍ഭച്ഛിദ്രം എന്നീ വിഷയങ്ങളിലൂന്നിയാണ് വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തത് എന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ കാണിക്കുന്നത്.

സിബിഎസ് ന്യൂസ് നടത്തിയ ഒരു വോട്ടെടുപ്പ് പ്രകാരം 10-ല്‍ ആറ് പേരും ജനാധിപത്യത്തിന്റെ അവസ്ഥയാണ് തങ്ങളുടെ ഒന്നാമത്തെ പ്രശ്നമായി വിലയിരുത്തിയത്. ഗര്‍ഭഛിദ്രം മുന്‍ഗണനാ വിഷയമായി കണ്ടത് അഞ്ച് ശതമാനം വോട്ടര്‍മാര്‍മാരാണ്. സമ്പദ് വ്യവസ്ഥയെ പത്തിലൊന്ന് മുന്‍ഗണനാ വിഷയമായി തിരഞ്ഞെടുത്തത് ഒരു ശതമാനം പേരാണ്. വോട്ടര്‍മാരില്‍ മുക്കാല്‍ ഭാഗവും ഇന്ന് യുഎസിന്റെ ഇന്നത്തെ അവസ്ഥയില്‍ നിഷേധാത്മക വീക്ഷണമാണ് പ്രകടിപ്പിച്ചത്. നാലിലൊന്ന് പേര്‍ മാത്രമാണ് തങ്ങള്‍ രാജ്യത്തിന്റെ അവസ്ഥയില്‍ തൃപ്തരാണ് എന്ന് അഭിപ്രായപ്പെട്ടത്.