കൊച്ചി: മലയാള സിനിമയിലെ എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ച നിലയില്‍. 43 വയസായിരുന്നു. കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ളാറ്റില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. അടുത്ത കാലത്ത് പുറത്തിറങ്ങിയ ശ്രദ്ധേയമായ പല മലയാള സിനിമകളിലും എഡിറ്റിംഗ് നിര്‍വഹിച്ചത് നിഷാദ് യൂസഫ് ആയിരുന്നു. 2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിംഗിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
ഓപ്പറേഷന്‍ ജാവ, വണ്‍, ചാവേര്‍, രാമചന്ദ്ര ബോസ്സ് & കോ, ഉടല്‍, ആളങ്കം, ഉണ്ട, സൗദി വെള്ളക്ക, ആയിരത്തൊന്ന് നുണകള്‍, അഡിയോസ് അമിഗോ, എക്‌സിറ്റ് എന്നീ ചിത്രങ്ങളില്‍ എഡിറ്ററായി പ്രവര്‍ത്തിച്ചു. പുറത്തിറങ്ങാനിരിക്കുന്ന സൂപ്പര്‍താര ചിത്രങ്ങളുടേയും എഡിറ്റിംഗ് നിര്‍വഹിച്ചു. മമ്മൂട്ടി ചിത്രം ബസൂക്ക, മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം, എന്നീ ചിത്രങ്ങളുടെ എഡിറ്ററായിരുന്നു.
പൊലീസ് പനമ്പള്ളി നഗറിലെ ഫ്‌ളാറ്റില്‍ എത്തി പരിശോധന നടത്തി. നേരത്തെ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നിവിടങ്ങളില്‍ വീഡിയോ എഡിറ്ററായി ജോലി ചെയ്തിരുന്നു. അതിന് ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. നിഷാദിന്റെ മരണത്തില്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ അനുശോചിച്ചു. ഹരിപ്പാട് സ്വദേശിയാണ് നിഷാദ് യൂസഫ്.