30 in Thiruvananthapuram
TV Next News > News > International > 3 മാസത്തിനുള്ളില്‍: കൊച്ചി ടു ദുബായ് സർവ്വീസ് കപ്പല്‍ ഉടനെത്തും;

3 മാസത്തിനുള്ളില്‍: കൊച്ചി ടു ദുബായ് സർവ്വീസ് കപ്പല്‍ ഉടനെത്തും;

Posted by: TV Next October 21, 2024 No Comments

കൊച്ചി:കപ്പല്‍ യാത്രയെന്ന ഗള്‍ഫ് പ്രവാസികളുടെ സ്വപ്നം ഉടന്‍ തന്നെ യാഥാർത്ഥ്യമാകുമെന്നാണ് ഏറ്റവും അവസാനമായി പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കൊച്ചിയില്‍ നിന്നും ദുബായിലേക്ക് സർവീസ് നടത്തുന്നതിനായി ഒരു സ്വകാര്യ കമ്പനിയെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. സർവ്വീസിനായി അനുയോജ്യമായ കപ്പല്‍ കണ്ടെത്താനുള്ള അന്വേഷണം സ്വകാര്യ കമ്പനി തുടങ്ങി കഴിഞ്ഞു

വിമാനടിക്കറ്റ് നിരക്കിലെ വർധനവ് പ്രവാസികളെ സംബന്ധിച്ച് എക്കാലത്തും ആശങ്കയ്ക്ക് ഇടയാക്കുന്ന കാര്യമാണ്. സീസണില്‍ രണ്ടും മൂന്നും മടങ്ങുമൊക്കെയാണ് ടിക്കറ്റിലെ വർധനവ്. ടിക്കറ്റ് നിരക്കിലെ ഈ വർധനവ് സാധാരണക്കാരായ ഗള്‍ഫ് പ്രവാസികളെയാണ് ഏറ്റവും കൂടുതല്‍ വലയ്ക്കാറുള്ളത്. യാത്രക്കായി മറ്റ് മാർഗ്ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ഈ ഉയർന്ന നിരക്കില്‍ തന്നെ പ്രവാസികള്‍ക്ക് യാത്ര ചെയ്യേണ്ടി വരുന്നു. ഈ സാഹചര്യത്തിലാണ് പുതുതായി ആരംഭിക്കാന്‍ പോകുന്ന കൊച്ചി ടു ദുബായ് കപ്പല്‍ സർവ്വീസ് പ്രവാസി മലയാളികള്‍ക്ക് പ്രതീക്ഷയായി മാറുന്നത്.


സാങ്കേതിക വിദ്യ വർധിച്ചതോടെ യാത്ര പിന്നീട് കപ്പലുകളിലായി. വിമാന സർവ്വീസ് വ്യാപകമായതോടെ പതിയെ കപ്പല്‍ സർവ്വീസുകളും അവസാനിക്കുകയായിരുന്നു. വർഷങ്ങള്‍ക്ക് മുമ്പേ നിന്നുപോയ ഈ കപ്പല്‍ സർവ്വീസാണ് ഇപ്പോള്‍ മറ്റൊരു രൂപത്തില്‍ പുനഃരാരംഭിക്കാന്‍ പോകുന്നത്.

കപ്പല്‍ കണ്ടെത്തി  സുരക്ഷ പരിശോധനങ്ങള്‍  പൂർത്തിയാക്കും.  കേന്ദ്രാനുമതിയും ലഭിച്ച് കഴിഞ്ഞാല്‍ ഉടന്‍ തന്നെ സർവ്വീസ് ആരംഭിക്കും. മൂന്ന് മാസത്തിനുള്ളില്‍ തന്നെ സർവ്വീസ് നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സർവ്വീസ് നടത്തുന്നതിനായി നാല് കമ്പനികളായിരുന്നു കേരള മാരിടൈം ബോർഡിനു മുന്നിൽ സന്നദ്ധത അറിയിച്ച് എത്തിയത്. നാല് കമ്പനികളില്‍ രണ്ടുപേരെ കമ്പനികളെ സർവ്വീസ് നടത്താന്‍ യോഗ്യരായി കണ്ടെത്തുകയായിരുന്നു.

ഇതില്‍ ഒരു കമ്പനിയോടാണ് ഇപ്പോള്‍ സർവ്വീസ് നടത്താന്‍ അനുയോജ്യമായ കപ്പല്‍ കണ്ടെത്താനുള്ള നിർദേശം നല്‍കിയിരിക്കുന്നത്. ഇൻഡൊനീഷ്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും കപ്പല്‍ കണ്ടെത്താനാണ് നീക്കം. കപ്പല്‍ കണ്ടെത്തി കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് കേന്ദ്രാനുമതി ലഭിക്കാനുള്ള പ്രവർത്തനങ്ങള്‍ മാരിടൈം ബോർഡ് സ്വീകരിക്കും.

പ്രവാസികളുടെ കൂടെ താല്‍പര്യം പരിഗണിച്ചാല്‍ ദുബായ് സർവ്വീസ് തിരഞ്ഞെടുത്തത്. തുടക്കത്തില്‍ ബേപ്പൂരില്‍ നിന്നും സർവ്വീസ് ആരംഭിക്കാനായിരുന്നു ആലോചനയെങ്കിലും വലിയ കപ്പലുകള്‍ക്ക് ബേപ്പൂർ തുറമുഖത്തോട് അടുക്കാന്‍ കഴിയില്ലെന്നത് തിരിച്ചടിയായി. ഇതോടെയാണ് കൊച്ചി – ദുബായ് സർവ്വീസ് എന്നതിലേക്ക് മാത്രമാക്കി മാറ്റിയത്. കപ്പല്‍ സർവ്വീസിന് യാത്രാ സമയം വിമാനത്തേക്കാള്‍ അധികമായിരിക്കുമെങ്കിലും മറ്റ് നിരവധി കാര്യങ്ങളില്‍ പ്രവാസികള്‍ക്ക് നേട്ടമായിരിക്കും. കൂടുതല്‍ അളവില്‍ ലഗേജ് കൊണ്ടുപോകാം എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള മൂന്ന് ദിവസത്തെ യാത്രക്ക് പതിനായിരം രൂപയോളമായിരിക്കും ടിക്കറ്റ് നിരക്ക്.

പതിനായിരം രൂപ എന്നത് ആശ്ചര്യപ്പെടുത്തുന്ന നിരക്കാണെങ്കിലും കാര്‍ഗോ കമ്പനികളുമായി ചേര്‍ന്നാണ് സര്‍വീസ് ഏര്‍പ്പെടുത്തുക എന്നതിനാല്‍ ഇത് സാധ്യമാകും. ഒരു ട്രിപ്പില്‍ പരമാവധി 1250 പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന കപ്പലാണ് കണ്ടെത്തുന്നത്. മികച്ച ഭക്ഷണത്തോടൊപ്പം തന്നെ വിനോദപരിപാടികളും യാത്രക്കാർക്കായി ഒരുക്കും.