ഡൽഹി:അപ്രതീക്ഷിത തിരിച്ചടിയുടെ ആഘാതത്തിലാണ് ഇപ്പോഴും ഹരിയാന കോൺഗ്രസ്. എക്സിറ്റ് പോളുകൾ ഒന്നടങ്കം കൂറ്റൻ വിജയം പ്രവചിച്ചിട്ടും കനത്ത പരാജയം രുചിച്ചത് ഉൾക്കൊള്ളാൻ ഇപ്പോഴും നേതൃത്വത്തിന് സാധിച്ചിട്ടില്ല. വിജയം ഉറപ്പിച്ചിടത്താണ് കപ്പിനും ചുണ്ടിനും ഇടയിൽ അധികാരം നഷ്ടമാകുന്നത്. ഇതോടെ വോട്ടിങ് യന്ത്രത്തിൽ തിരിമറി നടന്നോയെന്ന സംശയമാണ് കോൺഗ്രസ് ഉയർത്തിയത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ പരിശോധന ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് കോൺഗ്രസ്.
കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാൽ, അശോക് ഗെഹ്ലോട്ട്, ജയ്റാം രമേശ്, അജയ് മാക്കൻ, ഭൂപീന്ദർ സിംഗ് ഹൂഡ എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. 20 പരാതികളാണ് നേതാക്കൾ കമ്മീഷനെ അറിയിച്ചിരിക്കുന്നത്. ഇതിൽ ഏഴെണ്ണം എഴുതി നൽകിയവയാണ്. കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിച്ച വോട്ടിംഗ് മെഷീനുകളിൽ ചാർജ് 60 മുതൽ 70 ശതമാനം വരെയായിരുന്നുവെന്നും എന്നാൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ച ഇവിഎമ്മിലെ ചാർജ് 99 ശതമാനം ആയിരുന്നുവെന്നും പരാതിയിൽ പറയുന്നു. അതേസമയം അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ ഉറപ്പ് നൽകിയതായി കോൺഗ്രസ് അറിയിച്ചു.
ഓരോ മണ്ഡലത്തിലേയും റിട്ടേണിങ് ഓഫീസറുമായി ബന്ധപ്പെട്ട് വിഷയം പരിശോധിക്കുമെന്നും ഉടൻ മറുപടി അറിയിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് നൽകിയിട്ടുണ്ട്. 20 മണ്ഡലങ്ങളിൽ നിന്നാണ് പരാതിയുള്ളത്. പരാതികൾ കമ്മീഷന് നൽകിയിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ബാക്കി 13 മണ്ഡലങ്ങളിൽ നിന്നുള്ള പരാതികൾ ഇലക്ഷൻ കമ്മീഷന് സമർപ്പിക്കും’, കോൺഗ്രസ് വക്താവ് പവൻ ഖേര വ്യക്തമാക്കി.
സാധാരണ മെഷീനുകളിൽ 60 മുതൽ 70 വരെ ശതമാനം ചർജ് മാത്രം ഉണ്ടായിരുന്നപ്പോൾ ചില മെഷീനുകളിൽ 90 ശതമാനമാണ് ചാർജുണ്ടായിരുന്നത്. ഇത്തരം മെഷീനുകൾ സീൽ ചെയ്ത് അന്വേഷണവിധേയമാക്കണം’, പവൻ ഖേര കൂട്ടിച്ചേർത്തു. അതിനിടെ കോൺഗ്രസ് ആരോപണത്തിൽ അതിരൂക്ഷമായി പ്രതികരിച്ച് ഇലക്ഷൻ കമ്മീഷൻ രംഗത്തെത്തി.
അതിനിടെ കോൺഗ്രസ് ആരോപണത്തിൽ അതിരൂക്ഷമായി പ്രതികരിച്ച് ഇലക്ഷൻ കമ്മീഷൻ രംഗത്തെത്തി. ആരോപണം അടിസ്ഥാനരഹിതമാണെന്നും രാജ്യത്തിന്റെ ശക്തമായ ജനാധിപത്യ സംവിധാനങ്ങളുമായി പെരുത്തപ്പെടാത്തതാണെന്നും ഇസി കമ്മീഷൻ വിമർശിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ കത്തയച്ചു.