28 in Thiruvananthapuram
TV Next News > News > Kerala > ലഹരിക്കേസ്; നടി പ്രയാഗ മാർട്ടിനെ പോലീസ് ചോദ്യം ചെയ്യും, നാളെ മരട് സ്‌റ്റേഷനിൽ ഹാജരാവാൻ നിർദ്ദേശം

ലഹരിക്കേസ്; നടി പ്രയാഗ മാർട്ടിനെ പോലീസ് ചോദ്യം ചെയ്യും, നാളെ മരട് സ്‌റ്റേഷനിൽ ഹാജരാവാൻ നിർദ്ദേശം

Posted by: TV Next October 9, 2024 No Comments

കൊച്ചി: ലഹരിക്കേസുമായി ബന്ധപ്പെട്ട് പ്രമുഖ നടി പ്രയാഗ മാർട്ടിനെ പോലീസ് ചോദ്യം ചെയ്യും. നാളെ രാവിലെ മരട് പോലീസ് സ്‌റ്റേഷനിൽ ഹാജരാവാനാണ് നിർദ്ദേശം. രാവിലെ പത്ത് മണിക്ക് സ്‌റ്റേഷനിൽ എത്താനാണ് താരത്തോട് അറിയിച്ചിരിക്കുന്നത്. ലഹരിക്കേസിൽ കസ്‌റ്റഡിയിലുള്ള കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിന്റെ മുറിയിൽ എത്തിയ സംഭവത്തിലാണ് നടിക്കെതിരെ പോലീസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്.

 

സംഭവത്തിൽ പ്രമുഖ നടൻ ശ്രീനാഥ് ഭാസിയേയും പോലീസ് ചോദ്യം ചെയ്‌തേക്കും എന്നാണ് സൂചന. ഇത് സംബന്ധിച്ച സൂചന ഡിസിപിയാണ് നൽകിയത്. ഓം പ്രകാശിന്റെ റിമാൻഡ് റിപ്പോർട്ടിൽ ശ്രീനാഥ് ഭാസിയുടേയും പ്രയാഗ മാർട്ടിന്റെയും പേരുകൾ ഉണ്ടായിരുന്നു. ഇത് വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയായിരുന്നു.

 

നേരത്തെ ഓം പ്രകാശിനെ കാണാനാണ് മുറിയിൽ എത്തിയതെന്ന ആരോപണങ്ങളിൽ പ്രയാഗ പ്രതികരണം അറിയിച്ചിരുന്നു. ആരോപണം തള്ളിയ നടി ഓം പ്രകാശിനെ അറിയില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇയാളെ മുൻപ് കണ്ടിട്ടില്ലെന്നും പ്രയാഗ പറഞ്ഞിരുന്നു.

 

താൻ ലഹരിമരുന്നുകൾ ഒന്നും തന്നെ ഉപയോഗിക്കാറില്ലെന്നും പ്രയാഗ പറഞ്ഞിരുന്നു. ലഹരിമരുന്ന് കച്ചവടവും പാർട്ടിയും നടത്തിയെന്നതിന്റെ പേരിൽ കഴിഞ്ഞദിവസമാണ് ഗുണ്ടാനേതാവ് ഓം പ്രകാശിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കൊച്ചി കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലിൽ വച്ചാണ് ഓം പ്രകാശിനെ പിടികൂടിയത്. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറിയിൽ എത്തിയെന്ന കാര്യം കണ്ടെത്തിയത്.

 

ഇരുവരെയും ഇവിടെ എത്തിച്ചത് ബിനു ജോസഫ് എന്നയാളാണ്. ഇയാളിൽ നിന്നും പോലീസിന് ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് താരങ്ങളെ ചോദ്യം ചെയ്യാനുള്ള നീക്കം അന്വേഷണ സംഘം ആരംഭിച്ചത്. ആദ്യം പ്രയാഗയെ വിളിപ്പിക്കാനാണ് തീരുമാനം. വൈകാതെ ശ്രീനാഥ് ഭാസിയോടും ഹാജരാകാൻ ആവശ്യപ്പെടും

അതേസമയം, മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് അടുത്തിടെ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് ഗുരുതര പരാമർശങ്ങൾ ഉണ്ടെന്നായിരുന്നു പ്രധാനമായും ഉയർന്ന വിമർശനം. എന്നാൽ റിപ്പോർട്ട് പൂർണമായും പുറത്തുവിടാൻ സർക്കാർ തയ്യാറായിരുന്നില്ല.

അതിനിടയിലാണ് മുൻനിര താരങ്ങളിൽ രണ്ട് പേർക്ക് എതിരെ ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്. ഇതോടെ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് പറയുന്ന ഭാഗങ്ങൾ റിപ്പോർട്ടിൽ പുറത്തുവിടണമെന്ന ആവശ്യവും ശക്തമാണ്