28 in Thiruvananthapuram
TV Next News > News > Kerala > ജലീൽ നിൽക്കുന്നത് മറ്റാരുടെയോ കാലിലെന്ന് അൻവർ; ‘മിസ്റ്റർ അൻവർ…’; മറുപടി നൽകി ജലീലും

ജലീൽ നിൽക്കുന്നത് മറ്റാരുടെയോ കാലിലെന്ന് അൻവർ; ‘മിസ്റ്റർ അൻവർ…’; മറുപടി നൽകി ജലീലും

Posted by: TV Next October 3, 2024 No Comments

മലപ്പുറം: കെടി ജലീൽ മറ്റാരുടെയോ കാലിലാണ് നിൽക്കുന്നതെന്നും സ്വയം നിൽക്കാൻ ശേഷി ഇല്ലാത്തതിനാലാണ് ധൈര്യത്തോടെ പ്രതികരിക്കാത്തതെന്നും പിവി അൻവർ എംഎൽഎ. തന്നെ വെടിവെച്ചു കൊന്നാലും മുഖ്യമന്ത്രിക്കെതിര പറയില്ല എന്നാണ് കെടി ജലീൽ പറഞ്ഞത്. അപ്പോള്‍ ആരെങ്കിലും വെടിവെക്കും എന്ന് പറഞ്ഞത് കൊണ്ടായിരിക്കാം അദ്ദേഹം മാറി നിൽക്കുന്നതെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കെടി ജലീലിനെയൊക്കെ കുറ്റം പറയാൻ ഞാൻ ആളല്ല. അവരുടെയൊക്കെ പ്രശ്നം എന്താണെന്ന് വെച്ചാൽ അവരൊക്കെ മറ്റാരുടേയോ കാലില്‍ ആണ് നില്‍ക്കുന്നത്. ഞാന്‍ എന്റെ സ്വന്തം കാല്, ജനങ്ങളുടെ കാലില്‍ കയറ്റി വെച്ചാണ് നില്‍ക്കുന്നത്. അവര്‍ക്കൊന്നും സ്വയം നില്‍ക്കാന്‍ ശേഷി ഇല്ലാത്തതിന് അല്ലെങ്കിൽ ജനകീയ വിഷയങ്ങള്‍ സത്യസന്ധമായി ധീരമായി ഏറ്റെടുക്കാന്‍ അവർക്ക് ശേഷി ഇല്ലാത്തതിന് നമ്മുക്ക് കുറ്റം പറയാന്‍ പറ്റില്ല, ഓരോരുത്തരുടെ ശേഷിയുടെ പ്രശ്‌നമാണ്. അദ്ദേഹത്തിനെ സംബന്ധിച്ച് അദ്ദേഹത്തിനെയൊക്കെ സംബന്ധിച്ച് അത്രയേ പറയാൻ പറ്റുള്ളൂ, അതുകൊണ്ട് അദ്ദേഹം അത്തരമൊരു തീരുമാനം എടുത്തിട്ടുണ്ടാകും.

 

എന്നെ വെടിവെച്ചു കൊന്നാലും മുഖ്യമന്ത്രിക്കെതിര പറയില്ല എന്നല്ലേ കെടി ജലീൽ പറഞ്ഞത്. അപ്പോള്‍ ആരെങ്കിലും വെടിവെക്കും എന്ന് പറഞ്ഞിട്ടാണ്ടാകും. അതുകൊണ്ട് മാറിയതാകും. മനുഷ്യന് ജീവനിൽ പേടി ഉണ്ടാവില്ലേ, അത് നമ്മുക്ക് തടുക്കാൻ കഴിയില്ലല്ലോ’, അൻവർ പറഞ്ഞു

 

അതേസമയം അൻവറിന് മറുപടിയുമായി കെടി ജലീലും രംഗത്തെത്തി. ആരാൻ്റെ കാലിൽ നിൽക്കേണ്ട ഗതികേട് തനിക്കില്ലെന്നും താൻ എന്നും സ്വന്തം കാലിൽ മാത്രമേ നിന്നിട്ടൂള്ളൂവെന്നും ജലീൽ പറഞ്ഞു. വമ്പൻമാരായ നാല് കേന്ദ്ര അന്വേഷണ ഏജൻസികൾ കൊമ്പുകുലുക്കി വേട്ടക്കിറങ്ങി പരിശോധിച്ചിട്ടും തൻ്റെ രോമത്തിൽ തൊടാൻ പറ്റിയിട്ടില്ല. മേൽപ്പോട്ട് നോക്കിയാൽ ആകാശവും കീഴ്പോട്ട് നോക്കിയാൽ ഭൂമിയും മാത്രമുള്ള ചനിക്ക് പടച്ച തമ്പുരാനെയും ഉപ്പാനെയും ഉമ്മനെയുമല്ലാതെ മറ്റാരെയും ഭയപ്പെടേണ്ട കാര്യമില്ല. പിണറായി വിജയനെ പിതൃതുല്യനായി കണ്ടിട്ടുണ്ട്. ഇപ്പോഴും കാണുന്നു. മരണം വരെ അങ്ങിനെത്തന്നെയാകും. അത് ഭയം കൊണ്ടല്ല. സ്നേഹം കൊണ്ടാണ്’, കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

 

ജലീലിന്റെ വാക്കുകൾ- ‘മിസ്റ്റർ പി.വി അൻവർ, ആരാൻ്റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല. കെ.ടി ജലീൽ ഒരാളുടെയും കാലിലല്ല നിൽക്കുന്നത്. എന്നും സ്വന്തം കാലിലേ നിന്നിട്ടുള്ളൂ. 2006-ലെ തെരഞ്ഞെടുപ്പ് കാലത്ത് അതിസമ്പന്നനായ മഞ്ഞളാംകുഴി അലി എൻ്റെ തൊട്ട അടുത്ത മണ്ഡലമായ മങ്കടയിലാണ് മൽസരിച്ചത്. ഒരു “വാൾപോസ്റ്റർ” പോലും അദ്ദേഹത്തോട് സംഭാവന ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല

 

2016-ൽ അബ്ദുറഹിമാനും അൻവറും മൽസരിച്ച ഘട്ടത്തിലും ഒരു സാമ്പത്തിക സഹായം അവരോടും അഭ്യർത്ഥിച്ചിട്ടില്ല. അബ്ദുറഹ്മാനും അൻവറും ലോകസഭയിലേക്ക് പൊന്നാനിയിൽ നിന്ന് മൽസരിച്ച ഘട്ടങ്ങളിൽ, നിരവധി പൊതുയോഗങ്ങളിൽ ഞാൻ തൊണ്ടകീറി പ്രസംഗിച്ചിട്ടുണ്ട്. ആ സന്ദർഭത്തിലും സ്ഥാനാർത്ഥികളിൽ നിന്നോ തെരഞ്ഞെടുപ്പ് കമ്മിറ്റികളിൽ നിന്നോ കാറിന് എണ്ണയടിക്കാനോ വഴിച്ചെലവിനോ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല.

 

സ്വന്തം കീശയിൽ നിന്ന് ഇല്ലാത്ത കാശെടുത്താണ് യോഗസ്ഥലങ്ങളിൽ ഓടിയെത്തിയത്. ഒരു പ്രമാണിയുടെയും ഊരമ്മേൽ, ഇന്നോളം ജലീൽ കൂരകെട്ടി താമസിച്ചിട്ടില്ല. സ്വന്തം കുടുംബ സ്വത്ത് പോലും വേണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ച ഒരാൾക്ക് ആരെപ്പേടിക്കാൻ. ഇനി ഒരു തെരഞ്ഞെടുപ്പ് അങ്കത്തിനില്ലെന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം വെക്തമാക്കിയ ഒരാൾക്ക് നിൽക്കാൻ അപരൻ്റെ കാലുകൾ എന്തിന്? ലീഗിലായിരുന്ന കാലത്ത് സാക്ഷാൽ കുഞ്ഞാലിക്കുട്ടിയെ പേടിച്ചിട്ടില്ല. എന്നിട്ടല്ലേ ഇപ്പോൾ!

പിണറായി വിജയനെ പിതൃതുല്യനായി കണ്ടിട്ടുണ്ട്. ഇപ്പോഴും കാണുന്നു. മരണം വരെ അങ്ങിനെത്തന്നെയാകും. അത് ഭയം കൊണ്ടല്ല. സ്നേഹം കൊണ്ടാണ്. വമ്പൻമാരായ നാല് കേന്ദ്ര അന്വേഷണ ഏജൻസികൾ കൊമ്പുകുലുക്കി വേട്ടക്കിറങ്ങി പരിശോധിച്ചിട്ടും എൻ്റെ രോമത്തിൽ തൊടാൻ പറ്റിയിട്ടില്ല. മേൽപ്പോട്ട് നോക്കിയാൽ ആകാശവും കീഴ്പോട്ട് നോക്കിയാൽ ഭൂമിയും മാത്രമുള്ള എനിക്ക് പടച്ച തമ്പുരാനെയും എൻ്റെ ഉപ്പാനെയും ഉമ്മനെയുമല്ലാതെ മറ്റാരെയും ഭയപ്പെടേണ്ട കാര്യമില്ല. തെറ്റ് ചെയ്യുന്നവർക്കല്ലേ നാട്ടുകാരെപ്പോലും പേടിക്കേണ്ടതുള്ളൂ.