27 in Thiruvananthapuram
TV Next News > News > International > ക്രൂഡ് ഓയില്‍ വിലയില്‍ 18 % ഇടിവ്: വരുമാനം 15 ലക്ഷം കോടി: എന്നിട്ടും പെട്രോള്‍ വില കുറയാത്തത് എന്ത്: ഐസക്

ക്രൂഡ് ഓയില്‍ വിലയില്‍ 18 % ഇടിവ്: വരുമാനം 15 ലക്ഷം കോടി: എന്നിട്ടും പെട്രോള്‍ വില കുറയാത്തത് എന്ത്: ഐസക്

1 week ago
TV Next
12

ആഗോള രംഗത്ത് ക്രൂഡ് ഓയില്‍ വിലയില്‍ വലിയ ഇടിവാണ് അടുത്ത കാലത്തുണ്ടായിരിക്കുന്നത്. മൂന്ന് വർഷത്തിന് ശേഷം വില ബാരലിന് 70 ഡോളിറിന് താഴേക്ക് വരികയും ചെയ്തു. പശ്ചിമേഷ്യയില്‍ ഇസ്രായേല്‍-ഹിസ്ബുള്ള സംഘർഷം രൂക്ഷമായെങ്കിലും താരതമ്യേന ഏറ്റവും താഴ്ന്ന നിലയില്‍ തന്നെയാണ് ഇപ്പോഴും ക്രൂഡ് ഓയില്‍ വില തുടരുന്നത്.

 

ക്രൂഡ് ഓയില്‍ വിലയിലെ ഈ ഇടിവ് ഇന്ത്യയിലെ റിഫൈനറികള്‍ക്ക് വലിയ ലാഭമാണ് നല്‍കുന്നത്. എന്നാല്‍ ഇതിന്റെ ഗുണം സാധാരണക്കാരായ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന വിമർശനം മറുവശത്ത് ശക്തമാണ്. ക്രൂഡ് ഓയില്‍ വില വർധിപ്പിക്കുമ്പോള്‍ രാജ്യത്തെ പ്രെട്രോള്‍-ഡീസല്‍ വർധിപ്പിക്കുന്ന കമ്പനികള്‍ എന്തുകൊണ്ടാണ് വില കുറഞ്ഞപ്പോള്‍ വിലയില്‍ കുറവ് വരുത്താന്‍ തയ്യാറാകാത്തത്തത് എന്താണെന്നാണ് വിവിധ പ്രതിപക്ഷ നേതാക്കള്‍ ചോദിക്കുന്നത്.

 

 

വിഷയത്തില്‍ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് സി പി എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ സംസ്ഥാന ധനമന്ത്രിയുമായ തോമസ് ഐസക് നടത്തുന്നത്. മോദിയുടെ പെട്രോൾ കൊള്ള തുടർക്കഥ ആയിക്കൊണ്ടിരിക്കുകയാണെന്നാണ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ തോമസ് ഐസക് വിമർശിക്കുന്നത്. ‘ഏപ്രിൽ മാസം തുടക്കത്തിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 89.4 ഡോളർ ആയിരുന്നു. ഇന്ന് അത് 73.6 ഡോളറായി കുറഞ്ഞിരിക്കുകയാണ്. 18 ശതമാനമാണ് ക്രൂഡ് ഓയിലിന്റെ വില ഇടിഞ്ഞത്. പക്ഷേ, ഇന്ത്യയിലെ പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. ഏപ്രിൽ മാസത്തെ പെട്രോൾ വിലയായ 94.72 രൂപ തന്നെയാണ് ഇപ്പോഴും പെട്രോളിന്റെ വില.’ തോമസ് ഐസക് കുറിക്കുന്നു.

 

സർക്കാർ അല്ല എണ്ണക്കമ്പനികളാണ് വില നിശ്ചയിക്കുന്നതെന്ന സർക്കാർ അനുകൂലികളുടെ വാദത്തേയും നിശിതമായ ഭാഷയില്‍ തോമസ് ഐസക് വിമർശിക്കുന്നുണ്ട്. ‘സർക്കാർ അല്ല എണ്ണക്കമ്പനികളാണ് വില നിശ്ചയിക്കുന്നത് എന്നാണ് മോദിയുടെ തൊടുന്യായം. ഇതല്ല പെട്രോൾ വില ഡീറെഗുലേറ്റ് ചെയ്തപ്പോൾ പറഞ്ഞത്. അന്തർദേശീയ മാർക്കറ്റിൽ വില ഉയരുമ്പോൾ നാട്ടിലെ പെട്രോൾ വിലയും ഉയരും. അന്തർദേശീയ മാർക്കറ്റിൽ വില താഴുമ്പോൾ മറിച്ചും. മോദി ഭരണകാലത്ത് പ്രത്യേകിച്ച് കോവിഡ് കാലത്ത് അന്തർദേശീയ ക്രൂഡ് ഓയിൽ വിലകൾ തകർന്നടിഞ്ഞു. പക്ഷേ, അതിന്റെ ഗുണം ഇന്ത്യയിലെ ജനങ്ങൾക്ക് ലഭിച്ചില്ല. കാരണം ക്രൂഡ് ഓയിൽ വില താഴുന്ന മുറയ്ക്ക് മോദി സർക്കാർ പെട്രോളിനു മേലുള്ള നികുതി കൂട്ടിക്കൊണ്ടിരുന്നു.’ തോമസ് ഐസക് കുറിച്ചു.

 

ബിജെപി കേന്ദ്രത്തില്‍ അധികാരത്തിൽ വരുമ്പോൾ പെട്രോൾ ലിറ്റർ ഒന്നിനു 9.48 രൂപയായിരുന്നു നികുതി. 2020-ൽ 32.98 രൂപയായി നികുതി. കേന്ദ്രം 3.5 മടങ്ങ് പെട്രോൾ നികുതി വർദ്ധിപ്പിച്ചു. ഡീസലിന് ലിറ്ററിന് 3.56 രൂപയായിരുന്നു നികുതി. 2020-ൽ അത് 31.83 രൂപയായി. കേന്ദ്രം 9 മടങ്ങാണ് ഡീസൽ നികുതി വർദ്ധിപ്പിച്ചത്.

 

ബിജെപി അധികാരത്തിൽ വരുമ്പോൾ 78000 കോടി രൂപയായിരുന്നു ഈയിനത്തിലുള്ള നികുതി വരുമാനം. 2020-21-ൽ 2.23 ലക്ഷം കോടി രൂപയാണ് നികുതി വരുമാനം. 2014 മുതൽ 2021 വരെ ബിജെപി സർക്കാർ 15 ലക്ഷം കോടി രൂപയാണ് പെട്രോളിന്റെയും ഡീസലിന്റെയും നികുതിയിലൂടെ ജനങ്ങളെ പിഴിഞ്ഞ് ഉണ്ടാക്കിയിട്ടുള്ളത്.

 


ഇതിന്റെ വിഹിതം സംസ്ഥാനങ്ങൾക്ക് നിഷേധിക്കുന്നതിനു വേണ്ടി സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടുന്ന എക്സൈസ് നികുതിക്കു പകരം സെസും സർചാർജ്ജുമാണ് വർദ്ധിപ്പിച്ചതെന്ന കാര്യവും അദ്ദേഹം തന്റെ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ധനവിലകൾ ഉയർന്ന നിലയിൽ തുടർന്നത് രാജ്യത്ത് വിലക്കയറ്റത്തിന് ആക്കംകൂട്ടി. വലിയ ജനകീയ പ്രതിഷേധം ഉയർന്നു. അങ്ങനെയാണ് വർദ്ധിപ്പിച്ച നികുതി ഏതാണ്ട് പകുതി വേണ്ടെന്നുവയ്ക്കാൻ ബിജെപി സർക്കാർ നിർബന്ധിതരായത്. വർദ്ധിച്ചത് സെസും സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടിയുമാണെന്ന് പറഞ്ഞല്ലോ.

 

പക്ഷേ, വെട്ടിക്കുറച്ചത് സംസ്ഥാനങ്ങളുമായി പങ്കിടാൻ ബാധ്യതയുള്ള അടിസ്ഥാന എക്സൈസ് ഡ്യൂട്ടിയാണ്. അങ്ങനെ സംസ്ഥാനങ്ങൾക്ക് കിട്ടേണ്ട നികുതി വിഹിതം അങ്ങനെ കേന്ദ്ര സർക്കാരിനുണ്ടായ വരുമാന നഷ്ടത്തിന്റെ 42 ശതമാനം സംസ്ഥാനത്തിന്റെ ചെലവിലായി. ഏറ്റവും അവസാനം നികുതി കുറച്ചത് ലോകസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മാർച്ച് മാസത്തിലാണ്. രണ്ട് രൂപ പെട്രോളിന് നികുതി കുറച്ചു. ഇപ്പോൾ ഏപ്രിലിനു ശേഷം 18 ശതമാനം ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടുണ്ട്.

 

എണ്ണക്കമ്പനികൾ പെട്രോൾ വില കുറയ്ക്കുന്നില്ല. കൊള്ളലാഭം അടിച്ചെടുക്കുകയാണ്. ഇത് ലാഭവിഹിതമായി മോദിയുടെ ഖജനാവിലേക്ക് എത്തിച്ചേരുന്നു. പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ ശക്തമായ ജനകീയ പ്രതിഷേധം അനിവാര്യമായിരിക്കുന്നു. എണ്ണക്കമ്പനികളെ ചാരി കേന്ദ്ര സർക്കാർ രക്ഷപ്പെടാൻ നോക്കണ്ട. സർക്കാരാണ് എണ്ണക്കമ്പനികളുടെ ഉടമസ്ഥൻ. അതുകൊണ്ട് പൊതുമേഖലാ എണ്ണക്കമ്പനികൾ വില കുറയ്ക്കാൻ നിർദ്ദേശം നൽകുക. റിലയൻസും കുറച്ചോളുമെന്നും മുന്‍ സംസ്ഥാന ധനകാര്യമന്ത്രി കൂട്ടിച്ചേർക്കുന്നു.

Leave a Reply