27 in Thiruvananthapuram
TV Next News > News > Malayalam > ഗ്രാമങ്ങളെയും പട്ടണങ്ങളെയും ലക്ഷ്യമിടുന്നു, ലെബനനെ ഇല്ലാതാക്കാന്‍ ഇസ്രായേല്‍ ശ്രമമെന്ന് മിക്കാത്തി

ഗ്രാമങ്ങളെയും പട്ടണങ്ങളെയും ലക്ഷ്യമിടുന്നു, ലെബനനെ ഇല്ലാതാക്കാന്‍ ഇസ്രായേല്‍ ശ്രമമെന്ന് മിക്കാത്തി

Posted by: TV Next September 23, 2024 No Comments

ബെയ്‌റൂട്ട്: ലെബനനെ പൂര്‍ണമായും ഇല്ലാതാക്കാനാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നജീബ് മിക്കാത്തി. ഇസ്രായേലിന്റെ വ്യോമാക്രമണങ്ങള്‍ ലെബനനെയും ജനങ്ങളെയും ഇല്ലാതാക്കുന്നതെന്ന് മിക്കാത്തി തുറന്നടിച്ചു. നേരത്തെ ദക്ഷിണ-കിഴക്കന്‍ ലെബനനില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ 274 എത്തിയെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

 

ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയത്. ക്യാബിനറ്റ് യോഗത്തിലായിരുന്നു മിക്കാത്തി ഇസ്രായേലിനെതിരെ തുറന്നടിച്ചത്. നിലവിലെ കാവല്‍ പ്രധാനമന്ത്രിയാണ് അദ്ദേഹം

 

ലെബനനെതിരെ ഇസ്രായേല്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രണങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും രാജ്യത്തെ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ലെബനീസ് ഗ്രാമങ്ങളെയും, പട്ടണങ്ങളെയും പൂര്‍ണമായും തകര്‍ക്കാനുള്ള പദ്ധതിയാണ് ഇസ്രായേലിനുള്ളതെന്നും മിക്കാത്തി ആരോപിച്ചു.

 

ഐക്യരാഷ്ട്രസഭയും, അവരുടെ ജനറല്‍ അസംബ്ലിയും, സ്വാധീനമുള്ള വന്‍ ശക്തികളായ രാഷ്ട്രങ്ങളും ഇസ്രായേലിന്റെ ഈ ആക്രമണത്തിന് തടയിടണമെന്നും മിക്കാത്തി അഭ്യര്‍ത്ഥിച്ചു. ഇസ്രായേലിന്റെ ഈ യുദ്ധം അവസാനിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ന് രാവിലെ മുതല്‍ ലെബനന്റെ ദക്ഷിണ മേഖലയിലെ ഗ്രാമങ്ങളെയും പട്ടണങ്ങളെയുമാണ് ഇസ്രായേല്‍ ആക്രമിച്ച് കൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേലിനെ ശത്രുക്കളെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.

 


182 പേര്‍ കൊല്ലപ്പെട്ടുവെന്നും, 727 പേര്‍ക്ക് പരുക്കേറ്റുവെന്നുമാണ് ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. സ്ത്രീകള്‍, കുട്ടികള്‍,ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ കൊല്ലപ്പെട്ടവരിലുണ്ടെന്നും മന്ത്രാലയം പറഞ്ഞു. അതേസമയം എഎഫ്പി റിപ്പോര്‍ട്ടില്‍ 274 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പറയുന്നത്. ലെബനന്‍ മന്ത്രി അടക്കം ഇതിലുണ്ട്. 21 കുട്ടികളും കൊല്ലപ്പെട്ടതായി എഎഫ്ബി റിപ്പോര്‍ട്ട് ചെയ്തു.

 


ഇന്ന് ഹിസ്ബുല്ലയുടെ മുന്നൂറില്‍ അധികം കേന്ദ്രങ്ങളെയാണ് ഇസ്രായേല്‍ ലക്ഷ്യമിട്ടത്. തുടര്‍ച്ചയായ ആക്രമണങ്ങളാണ് നടന്നത്. ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ലെബനന്‍ പൗരന്‍മാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.