ന്യൂഡല്‍ഹി: അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ നിര്‍ണായക കരാറുകളില്‍ ഒപ്പിട്ട് ഇന്ത്യയും യുഎഇയും. ഭാവിയെ മുന്നില്‍ കണ്ടുള്ള നിര്‍ണായക കരാറുകളാണിത്. ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ് അഥവാ എല്‍എന്‍ജി വിതരണത്തിലുള്ള ദീര്‍ഘകാല പദ്ധതിയാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ടത്.
ഇന്ത്യ-യുഎഇ സഹകരണത്തില്‍ നിര്‍ണായക പ്രഖ്യാപനം എല്‍എന്‍ജി തന്നെയാണ്. അബുദാബി നാഷണല്‍ ഓയില്‍ കോര്‍പ്പറേഷനും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും തമ്മില്‍ എല്‍എന്‍ജി വിതരണത്തിനുള്ള കരാറാണിത്. ഒരു മില്യണ്‍ മെട്രിക് ടണ്ണാണ് വര്‍ഷത്തില്‍ ഇന്ത്യയിലേക്ക് എത്തുക. ഒരു വര്‍ഷത്തിനിടെ ഈ മേഖലയിലെ മൂന്നാമത്തെ കരാറാണിത്
ആണവോര്‍ജ സഹകരണത്തിനും ഇന്ത്യയും യുഎഇയും തമ്മില്‍ ധാരണയായിട്ടുണ്ട്. നിര്‍മിത ബുദ്ധി, ധാതു മേഖലകളിലും സഹകരണം വര്‍ധിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. ഇന്ധന മേഖലCardയിലെ സഹകരണം അടക്കം യുഎഇയും ഇന്ത്യയും തമ്മില്‍ ധാരണയായിട്ടുണ്ട്.
നേരത്തെ ഇന്ത്യ ഓയില്‍ കോര്‍പ്പറേഷനും, ഗെയിലുമെല്ലാം കരാറുകള്‍ ഒപ്പിട്ടിരുന്നു. ഇന്ത്യയുടെ ഊര്‍ജ സുരക്ഷയെ വൈവിധ്യവത്കരിക്കാന്‍ എല്‍എന്‍ജിയിലൂടെ സാധിക്കും. 15 വര്‍ഷത്തെ കരാറിലാണ് അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും ഐഒസിയും തമ്മില്‍ ഒപ്പുവെച്ചത്. അഡ്‌നോക്കിന്റെ ലോവര്‍ കാര്‍ബണ്‍ പദ്ധതി വഴിയാണ് ഇവ ലഭ്യമാക്കുക.
ആണവ മേഖലയിലെ സഹകരണത്തിനായി ധാരണാപത്രവും ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ടിട്ടുണ്ട്. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനും, എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പ്പറേഷനും തമ്മിലാണ് കരാറൊപ്പിട്ടത്.
ആണവ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരണം ഇതിലൂടെ സാധ്യമാകും. പര്യവേഷണത്തിനും നിക്ഷേപത്തിനും ഇത് വാതില്‍തുറക്കും. ആണവോര്‍ജ വികസനത്തിന്റെ എല്ലാ മേഖലയിലും അറിവും വൈദഗ്ധ്യവും പരസ്പരം പങ്കുവെക്കും.
അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും ഇന്ത്യ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് ലിമിറ്റഡും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഇതുവഴി യുഎഇയ്ക്ക് ഇന്ത്യയിലെ ക്രൂഡ് സ്റ്റോറേജ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനാവും. നിലവിലെ സ്റ്റോറേജ് തുടര്‍ന്നും പ്രവര്‍ത്തിപ്പിക്കാനും ഈ കരാര്‍ വഴി സാധ്യമാകും. ഐഎസ്പിആര്‍എല്ലിന്റെ മംഗളൂരുവിലുള്ള സ്റ്റോറേജില്‍ അഡ്‌നോക്കിന്റെ സഹായം ലഭ്യമാകുന്നുണ്ട്.
2004ല്‍ ഇന്ത്യന്‍ പെട്രോളിയം റിസര്‍വുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. ഊര്‍ജ സുരക്ഷ ഉറപ്പാക്കാനായിരുന്നു ഇത്. ഐഎസ്പിആര്‍എല്‍ ക്രൂഡോയില്‍ ശേഖരിക്കുന്നുണ്ട്. മൂന്ന് ഇടങ്ങളിലായിട്ടാണിത്. അടിയന്തര സാഹചര്യങ്ങളിലാണ് ഈ ശേഖരം ഉപയോഗിക്കുക. അഡ്‌നോക്കും ഊര്‍ജ ഭാരതും തമ്മിലുള്ള കരാര്‍ പ്രകാരം ക്രൂഡോയില്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലെത്തിക്കാനാവും.
അബുദാബി ഡെവലെപ്‌മെന്റ് ഹോള്‍ഡിങ് കമ്പനി ഗുജറാത്തില്‍ ഫുഡ് പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കും. അഹമ്മദാബാദ് ജില്ലയില്‍ ഗുന്തന്‍പാറയിലാണ് ഭക്ഷ്യ-കാര്‍ഷിക പാര്‍ക്ക് നിര്‍മിക്കുന്നത്. 2025ലെ രണ്ടാം പാദത്തില്‍ ഇത് യാഥാര്‍ത്ഥ്യമായേക്കും. ഗ്രീന്‍ ഹൈഡ്രജന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ധാതുക്കള്‍,. നൂതന സാങ്കേതിക വിദ്യകള്‍ എന്നിവയില്‍ അടക്കം സഹകരണം ഇരുരാജ്യങ്ങളും തമ്മിലുണ്ടാവും. ഇന്ത്യ-യുഎഇ വിര്‍ച്വല്‍ വ്യാപാര ഇടനാഴിയും സാധ്യമാക്കും. ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ ഭാഗമാണ് വിര്‍ച്വല്‍ വ്യാപാര ഇടനാഴി.