32 in Thiruvananthapuram
TV Next News > News > Kerala > Local > എന്റെ സെറ്റില്‍ ആര്‍ക്കെങ്കിലും ചൂഷണം നേരിട്ടതായി എനിക്കറിയില്ല’കുറ്റക്കാര്‍ക്ക് ശിക്ഷ വേണമെന്ന് ഹണി റോസ്

എന്റെ സെറ്റില്‍ ആര്‍ക്കെങ്കിലും ചൂഷണം നേരിട്ടതായി എനിക്കറിയില്ല’കുറ്റക്കാര്‍ക്ക് ശിക്ഷ വേണമെന്ന് ഹണി റോസ്

Posted by: TV Next September 6, 2024 No Comments

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും പിന്നാലെ പുറത്തുവന്ന ലൈംഗികാതിക്രമ വെളിപ്പെടുത്തലുകളിലും പ്രതികരണവുമായി നടി ഹണി റോസ്. സിനിമയില്‍ ലൈംഗിക ചൂഷണം നടത്തിയവര്‍ ശിക്ഷിക്കപ്പെടണം എന്നും അതാണ് തന്റെ നിലപാട് എന്നും ഹണി റോസ് പറഞ്ഞു. സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഹണി റോസ്. കുറ്റക്കാര്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കണം എന്നും അവര്‍ പറഞ്ഞു.

മലയാള സിനിമയില്‍ ലൈംഗിക ചൂഷണം നടത്തിയവര്‍ ശിക്ഷിക്കപ്പെടണം. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ അവര്‍ക്ക് ലഭിക്കണം. അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണല്ലോ. ഞാന്‍ അഭിനയിച്ച സെറ്റുകളില്‍ ഒന്നും ആരും ചൂഷണം നേരിട്ടതായി അറിയില്ല, ഹണി റോസ് കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളിലും ഹണി റോസ് പ്രതികരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പുറത്തുവന്ന വെളിപ്പെടുത്തലുകളില്‍ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം. നിവിന്‍ പോളി, മുകേഷ്, സിദ്ദീഖ്, ഇടവേള ബാബു, മണിയന്‍പിള്ള രാജു, ബാബുരാജ്, രഞ്ജിത്ത്, സുധീഷ് തുടങ്ങിയവര്‍ക്കെതിരെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കേസെടുത്തിട്ടുണ്ട്. ഈ കേസുകളെല്ലാം സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്.

അതിനിടെ കഴിഞ്ഞ ദിവസം ഇടവേള ബാബുവിനും മുകേഷിനും ലൈംഗികാതിക്ര കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളോടെയാണ് എറണാകുളം സെഷന്‍സ് കോടതി ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കിയത്. സിദ്ദീഖിന്റെ ജാമ്യഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. അതേസമയം നിവിന്‍ പോളിക്കെതിരായ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ തനിക്കെതിരായ പരാതി വ്യാജമാണ് എന്ന് ചൂണ്ടിക്കാട്ടി നിവിന്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉണ്ടായിരുന്നത്. ജനറല്‍ സെക്രട്ടറിയായ സിദ്ദീഖിനും ജോ. സെക്രട്ടറി ബാബുരാജിനും എതിരെ ആരോപണങ്ങള്‍ വന്നതോടെ സംഘടന വലിയ പ്രതിസന്ധിയിലായി. ഇതിന് പിന്നാലെ സംഘടനയിലെ ഭിന്നത കൂടി മറനീക്കി വന്നതോടെയാണ് ഭരണസമിതി പിരിച്ചുവിടുന്ന് എന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്.