26 in Thiruvananthapuram
TV Next News > News > National > അറബ് ലോകത്ത് ആദ്യം: ഒടുവില്‍ ആ ലക്ഷ്യം പൂർത്തിയാക്കി യുഎഇ; പിന്നെ സൗദി അറേബ്യയും വരുന്നു

അറബ് ലോകത്ത് ആദ്യം: ഒടുവില്‍ ആ ലക്ഷ്യം പൂർത്തിയാക്കി യുഎഇ; പിന്നെ സൗദി അറേബ്യയും വരുന്നു

1 week ago
TV Next
12

ദുബായ്: അറബ് ലോകത്തെ ആദ്യത്തെ ആണവ വൈദ്യുതി നിലയത്തിൻ്റെ നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കി യു എ ഇ. ഇത് “സുപ്രധാന ചുവടുവെപ്പ്” എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് യു എ ഇ ആണവ നിലയത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

അബുദാബിയിലെ ബറാക്ക ആണവോർജ്ജ പ്ലാൻ്റിലെ നാലാമത്തെയും അവസാനത്തെയും റിയാക്ടർ പ്രതിവർഷം 40 ടെറാവാട്ട്-മണിക്കൂർ വൈദ്യുതി ഉൽപ്പാദിപ്പിക്കുമെന്നാണ് സർക്കാർ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപ്പറേഷൻ (ഇഎൻഇസി) പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.

വലിയ തോതില്‍ വൈദ്യതി ആവശ്യമുള്ള യു എ ഇയുടെ വൈദ്യുതി ആവശ്യത്തിൻ്റെ 25 ശതമാനം ഉത്പാദിപ്പിക്കാന്‍ ബറാക്ക ആണവോർജ്ജ പ്ലാന്റിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂസിലാൻ്റിൻ്റെ വാർഷിക ഉപഭോഗത്തിന് ഏതാണ്ട് തുല്യമായ നിരക്കിലുള്ള അളവില്‍ വൈദ്യുതിയാണ് ആണവോർജ്ജത്തിലൂടെ യു എ ഇ ഉത്പാദിപ്പിക്കാന്‍ പോകുന്നത്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദകരിൽ ഒന്നായ അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC), എമിറേറ്റ്സ് സ്റ്റീൽ, എമിറേറ്റ്സ് ഗ്ലോബൽ അലൂമിനിയം എന്നിവയുൾപ്പെടെയുള്ള കമ്പനികൾക്ക് ബറാക്ക ആണവോർജ്ജ പ്ലാന്റില്‍ നിന്നും വൈദ്യുതി ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്.

അറബിയിൽ “അനുഗ്രഹം” എന്നർത്ഥം വരുന്ന ബറാക്ക പ്ലാന്റില്‍ 2020 ലാണ് നാല് റിയാക്ടറുകളിൽ ആദ്യത്തേതിന്റെ പ്രവർത്തനം ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യയും ആണവ റിയാക്ടറുകൾ നിർമ്മിക്കാൻ പദ്ധതിയിടുന്നതായി അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ അറബ് ലോകത്തെ രണ്ടാമത്തെ ആണവ വൈദ്യുതി നിലയം സൗദി അറേബ്യയില്‍ ഉയരും.

എമിറാത്തി പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പദ്ധതിയുടെ പൂർത്തീകരണത്തെ “നെറ്റ് സീറോയിലേക്കുള്ള യാത്രയിലെ സുപ്രധാന ചുവടുവയ്പ്പ്” എന്നാണ് വിശേഷിപ്പിച്ചത്. “രാജ്യത്തിൻ്റെയും നമ്മുടെ ജനങ്ങളുടെയും പ്രയോജനത്തിനായി ഇന്നും നാളെയും ഞങ്ങൾ ഊർജ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും മുൻഗണന നൽകുന്നത് തുടരും,” സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു

തങ്ങളുടെ ആണവ ലക്ഷ്യങ്ങള്‍ “സമാധാനപരമായ ആവശ്യങ്ങൾക്ക്” വേണ്ടിയുള്ളതാണെന്ന് യു എ ഇ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും സമ്പുഷ്ടീകരണ പരിപാടിയോ ആണവ പുനഃസംസ്കരണ സാങ്കേതികവിദ്യയോ വികസിപ്പിക്കുന്നത് തങ്ങളുടെ ലക്ഷ്യമല്ലെന്നും യു എ ഇ അധികൃതർ നേരത്തെ പലതവണ അഭിപ്രായപ്പെട്ടു.

വൈദ്യുതി ആവശ്യങ്ങൾക്കായി രാജ്യം ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന പവർ സ്റ്റേഷനുകളേയാണ് പ്രധാനമായും ആശ്രയിക്കുന്നത്. അതോടൊപ്പം തന്നെ അബുദാബിക്ക് പുറത്ത് ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാൻ്റുകളും യു എ ഇക്ക് സ്വന്തമായിട്ടുണ്ട്.

Leave a Reply