26 in Thiruvananthapuram
TV Next News > News > Kerala > Local > എഡിജിപി അജിത് കുമാറിനെ നീക്കില്ല; ആരോപണങ്ങള്‍ ഡിജിപി നേരിട്ട് അന്വേഷിക്കും

എഡിജിപി അജിത് കുമാറിനെ നീക്കില്ല; ആരോപണങ്ങള്‍ ഡിജിപി നേരിട്ട് അന്വേഷിക്കും

Posted by: TV Next September 3, 2024 No Comments

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ആഭ്യന്തര വകുപ്പ് ആണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ എഡിജിപിയെ സ്ഥാനത്ത് നിന്ന് മാറ്റാതെയാണ് അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

 

പ്രത്യേക അന്വേഷണസംഘത്തെ ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബാണ് നയിക്കുന്നത്. ഐജി സ്പര്‍ജന്‍ കുമാര്‍, ഡിഐജി തോംസണ്‍ ജോസ്, എസ് പിമാരായ മധുസൂദന്‍, ഷാനവാസ് എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിലുള്ളത്. എഡിജിപി അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

 

ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് അജിത് കുമാര്‍. പിവി അന്‍വര്‍ എംഎല്‍എ ആരോപണം ഉന്നയിച്ച മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും സ്ഥാനത്ത് നിന്ന് മാറ്റില്ല. അജിത് കുമാറിനെ മാറ്റിയാല്‍ ശശിയെയും മാറ്റേണ്ടി വരും എന്നതിനാലാണ് ഇരുവരെയും നിലനിര്‍ത്തിക്കൊണ്ട് അന്വേഷണം നടത്താനുള്ള തീരുമാനത്തിന് കാരണം. പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം ഉണ്ടാകും എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

 

ഗുരുതരമായ ആരോപണമാണ് പിവി അന്‍വര്‍ പി ശശി-അജിത് കുമാര്‍ കൂട്ടുകെട്ടിനെതിരെ ഉന്നയിച്ചത്. തൃശൂര്‍ പൂരം കലക്കി ബിജെപിക്ക് അനുകൂലമായ നീക്കം പൊലീസ് നടത്തിയെന്ന ഗുരുതര സ്വഭാവമുള്ള ആരോപണങ്ങളാണ് അന്‍വര്‍ ഈ ദ്വന്ദത്തിനെതിരെ ഉന്നയിച്ചിരിക്കുന്നത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ എഡിജിപിക്ക് പങ്കുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനം നടക്കുന്നുണ്ട് എന്നും അന്‍വര്‍ ആരോപിച്ചു.

 

അതിനിടെ പത്തനംതിട്ട എസ്പി എസ്. സുജിത്ത് ദാസിനെ സ്ഥാനത്തുനിന്ന് നീക്കി. എംഎസ്പി ക്യാംപിലെ മരംമുറിയുമായി ബന്ധപ്പെട്ട അന്‍വര്‍ നല്‍കിയ പരാതി പിന്‍വലിക്കാനാവശ്യപ്പെട്ട് സുജിത്ത് ദാസ് എംഎല്‍എയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. വിജി വിനോദ് കുമാറാണ് പുതിയ പത്തനംതിട്ട എസ്പി.