ഹേമ കമ്മിറ്റി റിപ്പോർട്ടിനും തുടർ വിവാദങ്ങൾക്കും പിന്നാലെ താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതി പിരിച്ചുവിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സിനിമ മേഖലയെ ‘ഞെട്ടിച്ച’ പ്രഖ്യാപനം സംഘടന അറിയിച്ചത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രാജി അനിവാര്യമാണെന്ന നിലപാട് സംഘടന അധ്യക്ഷൻ മോഹൻലാൽ അറിയിക്കുകയായിരുന്നുവെന്നും ഭരണസമിതിയിലെ മറ്റുള്ളവർ രാജിയെ അനുകൂലിക്കുകയുമായിരുന്നുവെന്നുമാണ് പുറത്തുവന്ന വാർത്തകൾ. എന്നാൽ ഭരണസമിതി പിരിച്ചുവിടാനുള്ള തീരുമാനം ഏകകണ്ഠമായിരുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. രാജിവെയ്ക്കാൻ തയ്യാറല്ലെന്ന നിലപാടാണ് യോഗത്തിൽ അറിയിച്ചതെന്ന് നടി സരയു വ്യക്തമാക്കി.
മോഹൻലാൽ, ജദഗീഷ്, ജയൻ ചേർത്തല, സിദ്ദിഖ്, ബാബുരാജ്, ഉണ്ണിമുകുന്ദൻ, അനന്യ, അൻസിബ ഹസ്സൻ, ജോയ് മാത്യു, ജോമോൾ, കലാഭവൻ ഷാജോൺ, സരയൂ മോഹൻ, സുരാജ് വെഞ്ഞാറമ്മൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹൻ എന്നിവരായിരുന്നു അമ്മയുടെ ഭരണസമിതി അംഗങ്ങൾ.ലൈംഗികാരോപണം ഉയർന്ന പശ്ചാത്തലത്തിൽ സംഘടനയുടെ ജനറൽ സെക്രട്ടറിയായ സിദ്ധിഖിനായിരുന്നു ആദ്യം രാജിവെയ്ക്കേണ്ടി വന്നത്. സിദ്ദിഖിന്റെ രാജിക്ക് പിന്നാലെ ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന നടൻ ബാബു രാജിനെതിരെയും പരാതി ഉയര്‍ന്നിരുന്നു. ഇതോടെ വലിയ പ്രതിസന്ധിയിലൂടെയായിരുന്നു സംഘടന കടന്ന് പോയത്.
വിഷയത്തിൽ സംഘടനയുടെ നിലപാടിനെ ചോദ്യം ചെയ്ത് നടൻമാരായ ജഗദീഷ്, പൃഥ്വിരാജ് എന്നിവർ രംഗത്തെത്തിയത് അമ്മയിലെ ഭിന്നത രൂക്ഷമാക്കി. നടിമാർ നേരിട്ട ദുരനുഭവങ്ങളിൽ അമ്മ അലംഭാവം കാണിച്ചുവെന്ന വിമർശനങ്ങൾ സംഘടനയിൽ ശക്തമാകുന്നതിനിടെയാണ് ഓൺലൈൻ യോഗം ചേർന്ന് ഭരണസമിതി പിരിച്ചുവിട്ടതായി നേതൃത്വം അറിയിച്ചത്.
എന്നാൽ താൻ രാജിക്കൊരുക്കമായിരുന്നില്ലെന്നാണ് ഇപ്പോൾ സരയു പറയുന്നത്. സിദ്ധിഖ് നടത്തിയ വാർത്താസമ്മേളനം തെറ്റിപ്പോയെന്ന അഭിപ്രായം എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അറിയിച്ചിരുന്നുവെന്നും സരയു പറഞ്ഞു. രാജിവെക്കാനുള്ള തീരുമാനം ഒരിക്കലും ഏകകണ്ഠമായിരുന്നില്ലെന്നും നടി ആവർത്തിച്ചു. അതേസമയം സരയുവിനെ കീടെ അനന്യ, ടൊവീനോ തോമസ്, വിനു മോഹൻ എന്നിവരും രാജിവെക്കാൻ തയ്യാറായിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം ഇനി സംഘടനയുടെ തലപ്പത്തേക്ക് ആര് എന്ന ചോദ്യമാണ് ഉയരുന്നത്. വിവാദങ്ങളിൽ ശക്തമായ നിലപാട് സ്വീകരിച്ച പൃഥ്വിരാജ് അമ്മയെ നയിക്കാൻ വരണമെന്ന ആവശ്യം ഒരു വിഭാഗം ഉയർത്തുന്നുണ്ട്. എന്നാൽ പൃഥ്വിരാജ് സിനിമ തിരക്കുകൾ കാരണം പദവി ഏറ്റെടുക്കാൻ തയ്യാറാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ജഗദീഷ് ജനറൽ സെക്രട്ടറി സ്ഥാനത്ത് വേണമെന്ന അഭിപ്രായം ഉയരുന്നുണ്ട്.
യുവാക്കളായ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. രമേശ് പിഷാരടി, അൻസിബ തുടങ്ങിയവരെ പ്രധാന സ്ഥാനങ്ങളിലേക്ക് പരിഗണിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. അതേസമയം വനിതകൾക്ക് പ്രാധാന്യം കൊടുക്കുന്നതായിരിക്കണം പുതിയ നേതൃത്വം എന്നാണ് മറ്റൊരു ആവശ്യം. പ്രസിഡന്റ് സ്ഥാനത്തേക്ക് അടക്കം വനിതകളുടെ പേര് പരിഗണിക്കണമെന്നും നിലവിലെ സാഹചര്യത്തിൽ അതായിരിക്കും ഉചിതമായ തീരുമാനമെന്നും ചർച്ചയുണ്ട്.
യുവാക്കളും വനിതകളും ഉൾപ്പെടെ എത്തിയില്ലെങ്കിൽ വീണ്ടും സംഘടനയിൽ പ്രശ്നങ്ങൾ രൂക്ഷമാകുമെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ ഏറെ വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തിൽ നേതൃത്വം ഏറ്റെടുക്കാൻ ആരൊക്കെ തയ്യാറാകുമെന്ന ചോദ്യവും ശക്തമാണ്.