27 in Thiruvananthapuram
TV Next News > News > Kerala > Local > ബെയ്‌ലി പാലം അവസാനഘട്ടത്തിലേക്ക്, ഉറക്കമില്ലാതെ രക്ഷാപ്രവര്‍ത്തകര്‍; സമാനതകളില്ലാത്ത അതിജീവനം

ബെയ്‌ലി പാലം അവസാനഘട്ടത്തിലേക്ക്, ഉറക്കമില്ലാതെ രക്ഷാപ്രവര്‍ത്തകര്‍; സമാനതകളില്ലാത്ത അതിജീവനം

Posted by: TV Next August 1, 2024 No Comments

വയനാട്: മുണ്ടക്കൈ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ണായകമായ ബെയ്‌ലി പാലത്തിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. ഇന്നലെ രാവിലെ മുതലാണ് ബെയ്‌ലി പാലം നിര്‍മാണം ആരംഭിച്ചത്. രാത്രിയിലും വിശ്രമമില്ലാതെ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട ജോലികള്‍ സൈന്യം തുടര്‍ന്നിരുന്നു. ഇന്ന് ഉച്ചയോടെ തന്നെ പാലം നിര്‍മാണം പൂര്‍ത്തിയാക്കാനാകും എന്നാണ് പ്രതീക്ഷ.

 


അങ്ങനെ വന്നാല്‍ അതിവേഗത്തില്‍ രക്ഷാപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനാകും. പാലം സജ്ജമായാല്‍ ജെസിബിയും ഹിറ്റാച്ചിയും ആംബുലന്‍സുമെല്ലാം ഇത് വഴി കടന്ന് പോകും. അത്രയും ശേഷിയുള്ള കരുത്തുറ്റ പാലമാണ് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് മുണ്ടക്കൈയിലേക്കും അട്ടമലയിലേക്കും എത്താനുള്ള പ്രധാന പ്രതിസന്ധി പാലം ഒലിച്ച് പോയതായിരുന്നു.

 

അതിനാല്‍ ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഇതിന് പരിഹാരമാകും. കണ്ണൂര്‍ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാവതിന്റെ നേതൃത്വത്തില്‍ ആണ് പാലം നിര്‍മാണം പുരോഗമിക്കുന്നത്. ദുരന്ത ദിവസം രാത്രിയോടെ തന്നെ 20 ട്രക്കുകളിലായി പാലം നിര്‍മ്മാണത്തിന്റെ സാമഗ്രികള്‍ വയനാട്ടിലേക്ക് എത്തിച്ചിരുന്നു.

 

 

പുഴയില്‍ പ്ലാറ്റ്ഫോം നിര്‍മ്മിച്ച് പാലത്തിന്റെ ബലമുറപ്പിക്കാനുള്ള തൂണ്‍ സ്ഥാപിച്ചിട്ടുണ്ട്. വലിയ ചെരിവുള്ള ദുര്‍ഘടമായ പ്രദേശങ്ങളില്‍ അടിയന്തരമായി പണിയുന്ന പാലമാണ് ബെയ്ലി പാലം. ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങള്‍ക്കുമാണ് ഇത് നിര്‍മ്മിക്കുന്നത്. പാലത്തിന്റെ ഭാഗങ്ങള്‍ പെട്ടെന്ന് തന്നെ സ്ഥലത്തെത്തിച്ച് ഇത് കൂട്ടിച്ചേര്‍ത്താണ് നിര്‍മ്മിക്കുന്നത്. അതേസമയം പ്രധാന പാലത്തിന് സമാന്തരമായി മറ്റൊരു പാലം കൂടി നിര്‍മ്മിക്കുന്നുണ്ട്.

 


രക്ഷാപ്രവര്‍ത്തകര്‍ക്ക് നടന്നു പോകാന്‍ സഹായകമാകുന്ന നിലയിലാണ് ഇത് നിര്‍മിക്കുന്നത്. കേരളം എക്കാലത്തേയും വലിയ പ്രകൃതി ദുരന്തത്തില്‍ ഇതുവരെ 270 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനിയും നിരവധി പേര്‍ മണ്ണിനടിയില്‍ ഉണ്ട് എന്നാണ് വിവരം. മുണ്ടക്കൈ എന്ന ഗ്രാമം തന്നെ തുടച്ചുമാറ്റപ്പെട്ട നിലയിലാണ്. തകര്‍ന്ന വീടുകള്‍ക്കുള്ളില്‍ നിരവധി പേരുണ്ടാകാം എന്നാണ് നിഗമനം.

 


എന്നാല്‍ വലിയ പാറക്കല്ലുകളും മരങ്ങളും ചെളിയും വന്ന് നിറഞ്ഞതിനാലും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയാണ്. കര, നാവിക, ദുരന്തനിവാരണ സേനകളും അഗ്നിരക്ഷാസേനയും പൊലീസും സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരുമാണ് ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മരിച്ചവരില്‍ 112 പേരെയാണ് തിരിച്ചറിഞ്ഞത്. 52 മൃതദേഹങ്ങള്‍ കിട്ടിയത് മലപ്പുറം ജില്ലയിലെ ചാലിയാര്‍ പുഴയില്‍ നിന്നാണ്.
219 പേരെയാണ് ആശുപത്രികളിലെത്തിച്ചത്. 142 പേരെ ചികിത്സയ്ക്കുശേഷം ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ വൈകീട്ട് വരെ 1592 പേരെ രക്ഷിച്ചു.