കല്‍പ്പറ്റ: വയനാട് ജില്ലയിലെ മേപ്പാടി മുണ്ടക്കൈയില്‍ ഇരട്ട ഉരുള്‍പൊട്ടല്‍. പുലർച്ചെ രണ്ട് മണിയോടെയാണ് ആദ്യ പൊട്ടലുണ്ടായത്. നാലരയോടെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായെന്നാണ് നാട്ടുകാരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് അപകടം. വഴി തടസ്സപ്പെട്ടതിനാല്‍ രക്ഷാപ്രവർത്തകർക്ക് സംഭവ സ്ഥലത്തേക്ക് എത്താന്‍ കഴിയുന്നില്ലെന്നത് സാഹചര്യം ദുഷ്കരമാക്കുന്നു.
7 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മേഖലയില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പല സ്ഥലങ്ങളും ഒറ്റപ്പെട്ട് കിടക്കുകയാണ്. ചൂരല്‍മല-മുണ്ടക്കൈ റോഡ് ഒലിച്ചുപോയി.
പുലർച്ചെ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വീണ്ടും വലിയ രീതിയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ഇതോടെ രക്ഷാപ്രവർത്തകർ ഓടി രക്ഷപ്പെടുകയായിരുന്നു. നിരവധി വാഹനങ്ങള്‍ ഒഴുകിപോയി. വീടുകളിലും വെള്ളവും ചെളിയും കയറി. സമീപത്തെ സ്കൂള്‍ കെട്ടിടം ഏകദേശം പൂർണ്ണമായി തന്നെ മണ്ണിനടിയിലായി. എന്‍ ഡി ആർഎഫിന്റെ രണ്ടാമത്തെ യൂണിറ്റും സംഭവ സ്ഥലത്തേക്ക് തിരിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു. ‘എന്‍ ഡി ആർ എഫിന്റെ രണ്ടാമത്തെ യൂണിറ്റും അങ്ങോട്ട് തിരിച്ചിട്ടുണ്ട്.
ഏതാനും സമയത്തിനുള്ളില്‍ അവർ അവിടെ എത്തിച്ചേരും. വെള്ളാർമലയിലേക്കുള്ള പാലം തകർന്നുവെന്നും, അത് അല്ല മണ്ണ് മൂടി കിടക്കുകയാണെന്നുമുള്ള വാർത്തയുണ്ട്. രണ്ടും പൂർണ്ണമായി സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.’ മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ടി സിദ്ധീഖ് എം എല്‍ എ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. റവന്യൂ മന്ത്രി കെ രാജന്‍, പട്ടികജാതി-പട്ടിക വർഗ്ഗ ക്ഷേമവകുപ്പ് മന്ത്രി ഒആർ കേളു എന്നിവർ സ്ഥലത്തേക്ക് പുറപ്പെട്ടു. പ്രദേശത്ത് നാനൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ട് കിടക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇവരെ പുറത്ത് എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.
വലിയ ശബ്ദത്തോടെ രണ്ട് തവണ ഉരുള്‍ പൊട്ടിയെന്നും നാട്ടുകാർ പറയുന്നു. ചൂരൽമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്ന ഭാഗത്ത് വരെ വൻ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ആളുകള്‍ മണ്ണിനടിയിൽപ്പെട്ടു കിടക്കുന്നതായും സംശയമുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. കനത്ത മഴയുടെ പശ്ചാത്തലത്തിലും മണ്ണിടിച്ചിലിനെ തുടർന്നും ഇന്നലെ പുഞ്ചിരി മട്ടം മുണ്ടക്കൈ ഭാഗത്ത് നിന്ന് കുറച്ച് കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു. 2019 ല്‍ പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ സ്ഥലത്തിനടുത്താണ് മുണ്ടക്കൈ.