30 in Thiruvananthapuram
TV Next News > News > Kerala > Local > കിരീടം ചൂടി ഇന്ത്യ; ദക്ഷിണാഫ്രിക്കയെ 7 റണ്‍സിന് വീഴ്ത്തി

കിരീടം ചൂടി ഇന്ത്യ; ദക്ഷിണാഫ്രിക്കയെ 7 റണ്‍സിന് വീഴ്ത്തി

Posted by: TV Next June 30, 2024 No Comments

ബാര്‍ബഡോസ്: 11 വര്‍ഷത്തിന് ശേഷം ഒരു ഐസിസി ട്രോഫിയെന്ന ഇന്ത്യയുടെ മോഹം പൂവണിഞ്ഞു. ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 7 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യക്ക് കിരീടം. ജയിച്ചുവെന്ന് ഉറപ്പിച്ച മത്സരമാണ് ദക്ഷിണാഫ്രിക്ക കളഞ്ഞുകുളിച്ചത്. അവസാന മൂന്നോവറിലെ ഗംഭീര ബൗളിംഗാണ് ഇന്ത്യക്ക് മത്സരം സമ്മാനിച്ചത്.

 

ജസ്പ്രീത് ബുംറ,  അര്‍ഷ്ദീപ് സിംഗ് എന്നിവരുടെ ഓവറുകളായിരുന്നു ഇത്. അവസാന ഓവര്‍ എറിഞ്ഞ ഹര്‍ദിക് പാണ്ഡ്യ ഗംഭീര പ്രകടനവും പുറത്തെടുത്തു. മൂന്ന് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അവസാന ഓവറില്‍ ഞെട്ടിച്ച ക്യാച്ചെടുത്താണ് സൂര്യകുമാര്‍ മത്സരം ഇന്ത്യക്ക് ഉറപ്പിച്ച് തന്നത്.

 

177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക രണ്ടിന് 12 എന്ന നിലയില്‍ പ്രതിരോധത്തിലായിരുന്നു. റീസ ഹെന്‌റിക്‌സ്(4) എയ്ഡന്‍ മാക്രം(4) എന്നിവരാണ് തുടക്കത്തില്‍ തന്നെ പുറത്തായത്. എന്നാല്‍ ക്വിന്റണ്‍ ഡികോക്ക്(39) ട്രിസ്റ്റാന്‍ സ്റ്റബ്‌സ്(31) എന്നിവര്‍ ചേര്‍ന്ന് കൗണ്ടര്‍ അറ്റാക്കിലൂടെ ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് കൊണ്ടുവരികയായിരുന്നു. 58 റണ്‍സിന്റെ ഈ കൂട്ടുകെട്ടാണ് മത്സരത്തില്‍ ബാക്കിയുള്ളവര്‍ക്ക് തകര്‍ത്തടിക്കാന്‍ അവസരം ഒരുക്കിയത്.

 

ഡികോക്ക് 31 പന്തില്‍ നാല് ബൗണ്ടറിയുടെയും ഒരു സിക്‌സറിന്റെ അകമ്പടിയോടെയാണ് 39 റണ്‍സടിച്ചത്. സ്റ്റബ്‌സ് 21 പന്തിലാണ് 31 റണ്‍സടിച്ചത്. മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും താരം അടിച്ചു. അതേസമയം ക്ലാസന്‍ 27 പന്തിലാണ് 52 റണ്‍സടിച്ച് കളിമാറ്റിയത്. 5 സിക്‌സറുകളും രണ്ട് ബൗണ്ടറികളുമാണ് താരം അടിച്ചത്. അക്ഷര്‍ പട്ടേലിന്റെ ഒരോവറില്‍ 24 റണ്‍സാണ് ക്ലാനസന്‍ അടിച്ചത്.

 

അവസാന മുപ്പത് പന്തില്‍ മുപ്പത് റണ്‍സ് മാത്രം മതിയായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍. എന്നാല്‍ ക്ലാസന്‍ പുറത്തായതോടെ മത്സരമാകെ മാറുകയായിരുന്നു. ബുംറയുടെ ഓവറാണ് ദക്ഷിണാഫ്രിക്കയെ ശരിക്കും സമ്മര്‍ദത്തിലേക്ക് തള്ളിയത്. നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

 

അതുപോലെ അര്‍ഷ്ദീപ് സിംഗ് നാലോവറില്‍ ഇരുപത് റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ഹര്‍ദിക് മൂന്നോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റെടുത്തത്. ഹര്‍ദിക്കിന്റെ അവസാന ഓവര്‍ മത്സരത്തില്‍ ഏറെ നിര്‍ണായകമായിരുന്നു. 17 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ടി20 ലോകകപ്പില്‍ ജേതാക്കളാവുന്നത്.

 

നേരത്തെ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കൗണ്ടര്‍ അറ്റാക്കിലൂടെ ദക്ഷിണാഫ്രിക്കയെ ഞെട്ടിക്കാനായിരുന്നു തുടക്കം മുതല്‍ ഇന്ത്യയുടെ പ്ലാന്‍. എന്നാല്‍ ഇത് ആദ്യ ഓവറില്‍ തന്നെ ഇന്ത്യ വിജയിപ്പിച്ചെങ്കിലും പിന്നീട് ദക്ഷിണാഫ്രിക്ക കളിമാറ്റുകയായിരുന്നു. രണ്ടാം ഓവര്‍ മുതല്‍ ഇന്ത്യക്ക് വിക്കറ്റുകള്‍ വീഴാന്‍ തുടങ്ങി. കൂടുതല്‍ ആക്രമണ സ്വഭാവം കാണിച്ചതാണ് വിക്കറ്റുകള്‍ അനവസരത്തില്‍ നഷ്ടപ്പെടാന്‍ കാരണമായത്. വിരാട് കോലിയാണ്(76) ഫൈനലില്‍ നിറഞ്ഞ് നിന്ന് പോരാടിയത്. കോലിയുടെ ഇന്നിംഗ്‌സ് തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. ആദ്യ ഒന്‍പത് പന്തുകളില്‍ ഇന്ത്യ 23 റണ്‍സടിച്ചിരുന്നു. മാര്‍ക്കോ യാന്‍സന്റെ ആദ്യ ഓവറില്‍ തന്നെ ബൗണ്ടറികള്‍ അടിച്ചാണ് കോലി ഫോം കണ്ടെത്തിയത്. അനായാസം റണ്‍സ് അടിക്കുന്ന കോലിയെയാണ് ആദ്യ ഓവറില്‍ തന്നെ കാണാന്‍ കഴിഞ്ഞത്. പക്ഷേ രണ്ടാം ഓവറില്‍ സ്പിന്നര്‍ കേശവ് മഹാരാജിനെ കൊണ്ടുവന്ന ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ കളി മാറ്റുകയായിരുന്നു. ഫോമിലുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മ(9) റിഷഭ് പന്ത്(0) എന്നിവരെ ആ ഓവറില്‍ മഹാരാജ് മടക്കി. ഇതോടെ ഇന്ത്യ അപകടം മണത്തു. സൂര്യകുമാര്‍ യാദവ്(3) കൂടി പുറത്തായതോടെ ഇന്ത്യ ചെറിയ സ്‌കോറില്‍ ഒതുങ്ങുമെന്നാണ് കരുതിയത്. അക്ഷര്‍ പട്ടേല്‍(47) ചേര്‍ന്നതോടെ കോലി പതിയെ ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. 31 പന്തിലാണ് അക്ഷര്‍ 47 റണ്‍സടിച്ചത്. നാല് സിക്‌സറും ഒരു ബൗണ്ടറിയും താരം അടിച്ചു. കോലിയുടെ ഇന്നിംഗ്‌സില്‍ ആറ് ബൗണ്ടറിയും രണ്ട് സിക്‌സറുകളുമുണ്ടായിരുന്നു. ശിവം ദുബെ(16 പന്തില്‍ 27) ഇന്ത്യക്കായി തിളങ്ങി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കേശവ് മഹാരാജ്, നോര്‍ക്കിയ എന്നിവര്‍ രണ്ടുവിക്കറ്റെടുത്തു. യാന്‍സനും റബാദയും ശേഷിച്ച വിക്കറ്റുകളെടുത്തു.