28 in Thiruvananthapuram
TV Next News > News > Kerala > Local > കുവൈത്തില്‍ നിന്ന് ആശ്വാസവാര്‍ത്ത; പരിക്കേറ്റ 14 മലയാളികളും അപകടനില തരണം ചെയ്തു

കുവൈത്തില്‍ നിന്ന് ആശ്വാസവാര്‍ത്ത; പരിക്കേറ്റ 14 മലയാളികളും അപകടനില തരണം ചെയ്തു

5 months ago
TV Next
92

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗള്‍ഫിലുണ്ടായ തീപിടിത്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നത്. ചികിത്സയിലുള്ള 14 മലയാളികളില്‍ 13 പേരും നിലവില്‍ വാര്‍ഡുകളിലാണ് ചികിത്സയിലുള്ളത് എന്നാണ് പുറത്ത് വരുന്ന വിവരം.

ഒരാള്‍ ഐസിയുവിലാണ്. എന്നാല്‍ ഇവരില്‍ ആരുടേയും നില ഗുരുതരമല്ല. അല്‍ അദാന്‍, മുബാറക് അല്‍ കബീര്‍, അല്‍ ജാബര്‍, ജഹ്‌റ ഹോസ്പിറ്റല്‍, ഫര്‍വാനിയ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്നത്. സുരേഷ് കുമാര്‍ നാരായണന്‍ എന്നയാളാണ് ഐസിയുവില്‍ ഉളളത്. അല്‍ ജാബര്‍ ആശുപത്രിയിലാണ് ഇദ്ദേഹം.

നളിനാക്ഷന്‍, സബീര്‍ പണിക്കശേരി അമീര്‍, അലക്‌സ് ജേക്കബ് വണ്ടാനത്തുവയലില്‍, ജോയല്‍ ചക്കാലയില്‍, തോമസ് ചാക്കോ ജോസഫ്, അനന്ദു വിക്രമന്‍, അനില്‍ കുമാര്‍ കൃഷ്ണസദനം, റോജന്‍ മടയില്‍, ഫൈസല്‍ മുഹമ്മദ്, ഗോപു പുതുക്കേരില്‍, റെജി ഐസക്ക്, അനില്‍ മത്തായി, ശരത് മേപ്പറമ്പില്‍ എന്നിവരാണ് വാര്‍ഡില്‍ ഉള്ളത്. അതേസമയം തീപിടിത്തത്തില്‍ മരിച്ച മലയാളികളില്‍ നാല് പേരുടെ സംസ്‌കാരം ഇന്ന് നടക്കും.

ഇന്നലെയാണ് അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിച്ചത്. 23 മലയാളികളാണ് അപകടത്തില്‍ മരിച്ചത്. 12 പേരുടെ സംസ്‌കാരം ഇന്നലെ തന്നെ പൂര്‍ത്തിയായിരുന്നു. കൊല്ലം പുനലൂര്‍ സ്വദേശി സാജന്‍ ജോര്‍ജിന്റെ സംസ്‌കാരം ഇന്ന് നരിക്കല്‍ മാര്‍ത്തോമാ ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും. വിളച്ചിക്കാല സ്വദേശി ലൂക്കോസിന്റെ സംസ്‌കാരം വിളച്ചിക്കാല ഐപിസി സെമിത്തേരിയിലാണ്.

വിദേശത്തുള്ള ബന്ധുക്കള്‍ എത്താനുള്ളതിനാല്‍ ആണ് ചടങ്ങുകള്‍ ഇന്നത്തേക്ക് മാറ്റിയത്. മൃതദേഹങ്ങള്‍ നിലവില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരന്റെ സംസ്‌കാരവും ഇന്ന് നടക്കും. കണ്ണൂര്‍ കുറുവ സ്വദേശി അനീഷ് കുമാറിന്റെ സംസ്‌കാരവും ഇന്നാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആണ് അനീഷ് കുമാറിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

രാവിലെ എട്ട് മണിയോടെ നാട്ടിലേക്ക് കൊണ്ടുവരുന്ന മൃതദേഹം കുറുവയിലെ പൊതുദര്‍ശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുവരും. പതിനൊന്ന് വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു അനീഷ്. പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ സ്ഥിരതാമസമാക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം തട്ടിയെടുത്തത്. മേയ് 16 നാണ് നാട്ടില്‍ നിന്ന് തിരിച്ചുപോയത്. കുവൈത്തില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സൂപ്പര്‍വൈസറായിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെയാണ് മംഗഫ് ലേബര്‍ ക്യാംപില്‍ 50 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണം. ആറ് നില കെട്ടിടത്തില്‍ 24 ഫ്ളാറ്റുകളാണ് ഉള്ളത്. ഇവിടങ്ങളിലെ 72 മുറികളിലായി 196 പേരെയാണ് പാര്‍പ്പിച്ചിരുന്നത്. 176 പേരായിരുന്നു അപകടം നടക്കുമ്പോള്‍ ഫ്‌ളാറ്റിലുണ്ടായിരുന്നത്. അപകടത്തില്‍ മരിച്ചവരും ഭൂരിഭാഗവും മലയാളികളാണ്.

ഇന്നലെ രാവിലെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കെവി സിംഗ് മൃതദേഹങ്ങളെ അനുഗമിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്. തമിഴ്‌നാട് ന്യൂനപക്ഷ വുകുപ്പ് മന്ത്രി മസ്താനും കൊച്ചിയിലെത്തിയിരുന്നു.

Leave a Reply