ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 8 സംസ്ഥാനങ്ങളിലെ 57 ലോക്‌സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ബീഹാര്‍, ചണ്ഡീഗഢ്, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഒഡീഷ, പഞ്ചാബ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിങ്ങനെയാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ ഒഡീഷ സംസ്ഥാന നിയമസഭയിലെ ബാക്കിയുള്ള 42 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഇതോടൊപ്പം നടക്കും. വോട്ടിംഗ് രാവിലെ 7 മണിക്ക് ആരംഭിക്കും. ലോക്‌സഭാ മണ്ഡലങ്ങള്‍ അനുസരിച്ച് വോട്ടെടുപ്പ് സമയം അവസാനിക്കുന്നത് വ്യത്യാസപ്പെടാം.
കഴിഞ്ഞ മാസം 19 ന് ആരംഭിച്ച് 486 ലോക്‌സഭാ സീറ്റുകളിലേക്ക് 6 ഘട്ടങ്ങളിലായി ഇതിനകം നടന്ന വോട്ടെടുപ്പുകൾ പൂര്‍ത്തിയായി. ഇന്നത്തെ വോട്ടെടുപ്പോടെ ലോകത്തിലെ ഏറ്റവും വലിയ പോളിംഗ് മാരത്തണിന് സമാപനമാകും. 28 സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള, 486 ലോക്‌സഭാമണ്ഡലങ്ങളിലേക്കുള്ള പോളിംഗ് സുഗമമായും സമാധാനപരമായിട്ടാണ് പൂർത്തിയാക്കിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.
ഏഴാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന യുപിയിലെ വാരണാസിയാണ്.ഇത് മൂന്നാം തവണയാണ് നരേന്ദ്ര മോദി വാരണാസിയില്‍ നിന്നും ജനവിധി തേടുന്നത്. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്ന അജയ് റായിയാണ് മോദിയുടെ എതിരാളി. മായാവതിയുടെ ബി എസ് പിക്ക് വേണ്ടി അത്താർ ജമാലും മത്സര രംഗത്തുണ്ട്. 2019 ല്‍ എസ്പിയുടെ ശാലിനി യാദവിനെതിരെ 479505 വോട്ടിനായിരുന്നു നരേന്ദ്ര മോദിയുടെ വിജയം.
ഉത്തരേന്ത്യയിലെ കനത്ത ചൂട് വോട്ടിങ്ങിനെ ബാധിക്കുമോയെന്ന ആശങ്ക ശക്തമാണ്. ഈ സാഹചര്യത്തില്‍ സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷത്തില്‍ പോളിംഗ് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനോടൊപ്പം തണല്‍, കുടിവെള്ളം, റാമ്പുകള്‍, ശൗച്യാലയങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും തയ്യാറാക്കണമെന്ന് ഉദ്യോഗസ്ഥരോടായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
1.09 ലക്ഷം പോളിംഗ് സ്‌റ്റേഷനുകളിലായി 10.06 കോടിയിലധികം വോട്ടര്‍മാരാണ് ഇന്ന് ജനവിധി എഴുതുന്നത്. ഇവർക്കായി ഏകദേശം 10.9 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥരേയും വിന്യസിച്ച് കഴിഞ്ഞു. 5.24 കോടി പുരുഷന്മാരും; 4.82 കോടി സ്ത്രീകളും 3574 ട്രാൻസ്ജെൻഡർ വോട്ടര്‍മാരും ഉള്‍പ്പെടെയാണ് 10.06 കോടി വോട്ടര്‍മാരുള്ളത്. പോളിംഗിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സഞ്ചരിക്കുന്നതിനായി 13 പ്രത്യേക ട്രെയിനുകളും 8 ഹെലികോപ്റ്ററുകളും (ഹിമാചല്‍ പ്രദേശിനായി) വിന്യസിച്ചിട്ടുണ്ട്.