28 in Thiruvananthapuram
TV Next News > News > Kerala > Local > ഇന്നും നാളെയും ശക്തമായ മഴ തുടരും: 3 ജില്ലകളില്‍ റെഡ് അലർട്ട്, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

ഇന്നും നാളെയും ശക്തമായ മഴ തുടരും: 3 ജില്ലകളില്‍ റെഡ് അലർട്ട്, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

6 months ago
TV Next
134

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ഒഴികെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് (19-05-2024) രാത്രി 11.30 വരെ 0.4 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 12 cm നും 52 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

 


പത്തനംതിട്ട ജില്ലയിൽ ഇന്നലെ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് രാത്രി 8 മണിയോടെയാണ് റെഡ് അലർട്ട് ആയി പുതുക്കുന്നത്. രണ്ടു ദിവസമായി ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയും നിരോധിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.

 

തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും മെയ് 23 വരെ നിരോധിച്ചു. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല.

 

അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ നിലനില്‍ക്കുന്നതിനാലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും മറ്റു അനുബന്ധ പ്രവര്‍ത്തനളും സുഗമമായും സമയബന്ധിതമായും നിര്‍വഹിക്കുന്നതിനും ഇന്ന് മുതല്‍ മേയ് 23 വരെ ജില്ലയിലെ എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസില്‍ ഹാജരക്കേണ്ടതാണെന്നും കളക്ടർ അറിയിച്ചു.

 

തങ്ങളുടെ പരിധിയിലുള്ള എല്ലാ വകുപ്പുകളുടെയും, പ്രാദേശിക അതോറിറ്റികളുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവന്‍ ജീവനക്കാരും തൊഴിലാളികളും ഓഫീസുകളില്‍ കൃത്യമായി ഹാജരാകാന്‍ നിര്‍ദേശിക്കേണ്ടതും, ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അവരുടെ സേവനം അതാതിടങ്ങളില്‍ ലഭ്യമാക്കേണ്ടതുമാണെന്നും കളക്ടർ അറിയിച്ചു.

Leave a Reply