ന്യൂഡല്‍ഹി: 75 വയസായാല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം രാജി വെക്കുമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നേതൃത്വത്തിന്റെ പിന്തുടര്‍ച്ച സംബന്ധിച്ച് ബി ജെ പിയില്‍ ഒരു ആശയക്കുഴപ്പവും ഇല്ലെന്ന് അമിത് ഷാ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നരേന്ദ്ര മോദിക്ക് ശേഷം താന്‍ പ്രധാനമന്ത്രിയാകുമെന്ന അരവിന്ദ് കെജ്രിവാളിന്റെ വാദവും അമിത് ഷാ തള്ളി. പ്രധാനമന്ത്രി മോദി ഈ ഭരണകാലം പൂര്‍ത്തിയാക്കാന്‍ പോകുകയാണ് എന്നും ഭാവിയിലും മോദി തന്നെ രാജ്യത്തെ നയിക്കും എന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ ഭരണഘടനയില്‍ 75 വയസിന് ശേഷം വിരമിക്കണം എന്നൊന്നും പരാമര്‍ശിച്ചിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
‘ഈ രാജ്യത്തെ ജനങ്ങള്‍ മോദിക്കൊപ്പമാണ് നില്‍ക്കുന്നത്. ഞങ്ങള്‍ 400 സീറ്റ് എന്ന മാന്ത്രിക സംഖ്യ മറികടക്കാന്‍ പോകുകയാണെന്ന് ഇന്ത്യന്‍ സഖ്യത്തിന്റെ എല്ലാ നേതാക്കള്‍ക്കും അറിയാം. മോദി ജി മൂന്നാം തവണയും ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും, അതുകൊണ്ട്് ബിജെപിയുടെ ഭരണഘടനയില്‍ അത്തരമൊരു വ്യവസ്ഥ ഇല്ലെന്നും 2029 വരെ മോദിജി രാജ്യത്തെ നയിക്കുമെന്നും ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മോദിയെ മാറ്റി അമിത് ഷായെ നിയമിക്കാനാണ് ബി ജെ പിയുടെ പദ്ധതികളെന്ന് ആരോപിച്ച് കെജ്രിവാള്‍ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശം. കെജ്രിവാളിന്റെ ജാമ്യം ക്ലീന്‍ ചിറ്റാണ് എന്ന വ്യാഖ്യാനം നല്‍കുന്നതിനേയും അദ്ദേഹം വിമര്‍ശിച്ചു. ഇത് നിയമ നടപടികളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ജാമ്യം താല്‍ക്കാലികമാണെന്നും കെജ്രിവാള്‍ ജൂണ്‍ 2 ന് കീഴടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയും കെജ്രിവാളിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. ബിജെപിയുടെ നേതൃമാറ്റത്തെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ നിരസിച്ച നദ്ദ, ‘മോദി ജി ഞങ്ങളുടെ നേതാവാണ്, ഭാവിയിലും ഞങ്ങളെ നയിക്കും’ എന്നും കൂട്ടിച്ചേര്‍ത്തു. നേരത്തെ ആം ആദ്മി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കെജ്രിവാളിന്റെ പരാമര്‍ശം.
മോദിയുടെ പ്രായം കണക്കിലെടുത്ത് അദ്ദേഹത്തെ മാറ്റിനിര്‍ത്താനാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കെജ്രിവാള്‍ അവകാശപ്പെട്ടിരുന്നു. 75 വയസുള്ള നേതാക്കളെ ബി ജെ പി അനൗദ്യോഗികമായി വിരമിപ്പിക്കാറുണ്ട് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ലക്ഷ്യമിട്ട് ബിജെപി സംസ്ഥാന നേതൃത്വത്തില്‍ മാറ്റങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്നും കെജ്രിവാള്‍ ആരോപിച്ചിരുന്നു. ‘സെപ്തംബര്‍ 17 ന് മോദിക്ക് 75 വയസ് തികയുകയാണ്. പാര്‍ട്ടിയിലെ നേതാക്കള്‍ 75 വര്‍ഷത്തിന് ശേഷം വിരമിക്കുമെന്ന് അദ്ദേഹം ചട്ടം സ്ഥാപിച്ചിരുന്നു. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, സുമിത്ര മഹാജന്‍, യശ്വന്ത് സിന്‍ഹ എന്നിവര്‍ ഇത് പ്രകാരം വിരമിച്ചു, ഇപ്പോള്‍ പ്രധാനമന്ത്രി മോദി സെപ്റ്റംബര്‍ 17 ന് വിരമിക്കാന്‍ പോകുന്നു,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.