ഡൽഹി: ഒന്നാം ഘട്ട ലോക്സഭ തിരഞ്ഞെടുപ്പിന്‌റെ പരസ്യ പ്രചരണം അവസാനിച്ചു. ഇന്ന് നിശബ്ദ പ്രചരണമാണ്. രാജ്യത്തെ 102 സീറ്റുകളിലേക്കാണ് 19 ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.തമിഴ്നാട് (39 സീറ്റുകൾ), ഉത്തരാഖണ്ഡ് (5), അരുണാചൽ പ്രദേശ് (2), രാജസ്ഥാൻ (12) മണിപ്പൂർ (2), മേഘാലയ (2), മിസോറാം (1), നാഗാലാൻഡ് (1), സിക്കിം (1), ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും സീറ്റുകളും. 1625 സ്ഥാനാർത്ഥികളാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഈ സീറ്റുകളിൽ എൻ ഡി എയ്ക്ക് 51 സീറ്റുകളാണ് ലഭച്ചത്. ഇന്ത്യ സഖ്യത്തിലുള്ള പാർട്ടികൾക്ക് 48 സീറ്റുകളും. എന്നാൽ ഇത്തവണ രാഷ്ട്രീയ അന്തരീക്ഷത്തിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ് പല മണ്ഡലങ്ങളിലും നടക്കുക.
നാളെ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും നിർണായകം തമിഴ്നാടും രാജസ്ഥാനുമാണ്. തമിഴ്നാട്ടിൽ മുഴുവൻ സീറ്റുകളിലും നാളെയാണ് തിരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ 38 സീറ്റുകളും ഡി എം കെ സഖ്യമായിരുന്നു തൂത്തുവാരിയത്. ഇത്തവണയും വലിയ പ്രതീക്ഷയിലാണ് സഖ്യം. ഡി എം കെയ്ക്കൊപ്പം കോൺഗ്രസും ഇടതുപക്ഷവും മുസ്ലീം ലീഗും ചേർന്നാണ് പോരിന് ഇറങ്ങുന്നത്. എന്നാൽ ഇക്കുറി തമിഴ്നാട്ടിൽ വലിയ വിജയം ഉണ്ടാകുമെന്നാണ് ബി ജെ പി പ്രതീക്ഷ പുലർത്തുന്നത്. 6 മണ്ഡലങ്ങളിലായിരുന്നു ബി ജെ പി ശ്രദ്ധ പുലർത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി തവണ സംസ്ഥാനത്ത് എത്തിയിരുന്നു. ബി ജെ പിയുടെ ദേശീയ നേതാക്കളെയല്ലാം അണിനിരത്തി വമ്പൻ പ്രചരണ റാലികളാണ് ബി ജെ പി കാഴ്ചവെച്ചത്.
അതേസമയം അധികാരമുള്ള രാജസ്ഥാനിൽ ഇത്തവണ കൂടുതൽ സീറ്റുകൾ പിടിക്കാനാകുമെന്നാണ് ബി ജെ പി കണക്ക് കൂട്ടൽ. നഗൗർ, സീക്കർ മണ്ഡലങ്ങളിലാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷ. ബി ജെ പി വിട്ടെത്തിയ ആർഎൽടിപി നേതാവ് ഹനുമാൻ ബനിവാൾ ആണ് നഗൗറിലെ സഖ്യത്തിന്റെ സ്ഥാനാർത്ഥി. സീക്കറിൽ സിപിഎമ്മാണ് മത്സരിക്കുന്നത്. ഇത് കൂടാതെ ചുരു,ജുൻജുനു പോലുള്ള സീറ്റുകളിലും കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്നുണ്ട്.
ശിവസേന-ബി ജെ പി സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയിൽ 5 സീറ്റിലാണ് തിരഞ്ഞെടുപ്പ്. ഇവിടെ വിദർഭ മേഖലയിലെ സീറ്റുകളിലാണ് ഇന്ത്യ സഖ്യത്തിൻറെ പ്രതീക്ഷ. ഉത്തരാഖണ്ഡിൽ ആദ്യഘത്തിലെ മുഴുവൻ സീറ്റുകളും തൂത്തുവാരുമെന്ന് ബി ജെ പി പറയുന്നു. മധ്യപ്രദേശിലും ബി ജെ പിയുടെ പ്രതീക്ഷ ഉയർന്ന നിലയിലാണ്. മണിപ്പൂരിൽ ബി ജെ പി വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഇവിടെ രണ്ട് സീറ്റുകളിലും ശക്തമായ മത്സരമാണ് നടക്കുന്നത്. മണിപ്പൂർ കലാപം ബിജെപിക്ക് തിരിച്ചടിയാകുമോയെന്ന് കാത്തിരുന്ന് കാണാം. അസമിലെ ജോർഹട്ട് മണ്ഡലത്തിലാണ് മത്സരം. ബി ജെ പി തുടർച്ചയായി രണ്ട് തവണ വിജയിച്ച മണ്ഡലമാണ് ഇത്.
ഇത് കൂടാതെ ബംഗാളിലെ മൂന്ന് സീറ്റിലും ബിഹാറിലെ മൂന്ന് സീറ്റിലും അതിശക്തമായ മത്സരമാണ് നടക്കുന്നത്. ഉത്തർപ്രദേശിൽ, സഹാറൻപൂർ, കൈരാന, മുസാഫർനഗർ, ബിജ്‌നോർ, നാഗിന, മൊറാദാബാദ്, രാംപൂർ, പിലിഭിത് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ലോക്സ തിരഞ്ഞെടുപ്പിൽ ബി ജെ പി കൂറ്റൻ വിജയം നേടിയ സംസ്ഥാനമാണ് യുപി.