ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറിക്കി ബി ജെ പി. സ്ത്രീകളുടെയും ദരിദ്രരുടെയും യുവാക്കളുടെയും കർഷകരുടേയും ഉന്നമനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രകടനപത്രികയാണ് ബി ജെ പി പുറത്തിറക്കിയിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവർ ചേർന്ന് ഡൽഹിയിലെ ബി ജെ പി ആസ്ഥാനത്ത് വെച്ചാണ് പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്.
സ്ത്രീശക്തി, യുവശക്തി, കർഷകർ, പാവപ്പെട്ടവർ എന്നിങ്ങനെ വികസിത് ഭാരതിൻ്റെ നാല് തൂണുകളിലാണ് പ്രകടനപത്രിക ഊന്നൽ നൽകുന്നതെന്ന് പ്രകടന പത്രിക അവതരിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. “ജീവിതത്തിൻ്റെ അന്തസ്സും, ജീവിതത്തിൻ്റെ ഗുണനിലവാരവും, അവസരങ്ങളുടെ അളവിലും അവസരങ്ങളുടെ ഗുണനിലവാരത്തിലും പ്രകടന പത്രിക ശ്രദ്ധ കേന്ദ്രീകരിക്കുന്നു” അദ്ദേഹം പറഞ്ഞു. എല്ലാ വീടുകളിലും പൈപ്പ് വഴി ഗ്യാസ് എത്തിക്കുന്നതിലും സൗജന്യ വൈദ്യുതി നൽകുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ബി ജെ പിയുടെ പ്രധാന തിരഞ്ഞെടുപ്പ് മുദ്രാവാക്യമായ ‘മോദി കി ഗ്യാരണ്ടി’ എന്നത് എല്ലാ ഉറപ്പുകളും നിറവേറ്റപ്പെടുമെന്ന ഉറപ്പാണെന്നായിരുന്നു പാർട്ടിയുടെ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ പ്രതികരണം. വികസിത രാജ്യങ്ങൾ സമ്പദ്‌വ്യവസ്ഥയ്ക്കും പൗരന്മാരുടെ ആരോഗ്യത്തിനും മുൻഗണന നൽകുമ്പോൾ, നരേന്ദ്ര മോദി സർക്കാരിൻ്റെ നിർണായക നടപടികൾ ഇന്ത്യയെ കൊവിഡിൻ്റെ ആഘാതത്തിൽ നിന്ന് കരകയറാൻ സഹായിച്ചതായും ബിജെപി മേധാവി പറഞ്ഞു.
ഴിഞ്ഞ പത്ത് വർഷത്തെ നരേന്ദ്രമോദിയുടെ ഭരണം രാജ്യത്തെ അടിമുടി മാറ്റിയതായും ജെപി നദ്ദ പറഞ്ഞു.ഉജ്ജ്വല പദ്ധതിക്ക് കീഴിൽ ഇന്ന് രാജ്യത്ത് 10 കോടിയിലധികം ഗ്യാസ് സിലിണ്ടറുകൾ വിതരണം ചെയ്തു. രാജ്യത്തുടനീളം 11 കോടിയിലധികം ഇസത് ഘർ നിർമ്മിച്ചു. ഡോ. അംബേദ്കറുടെ പാത പിന്തുടർന്ന്, ഭാരതീയ ജനസംഘത്തിൽ നിന്ന് ഭാരതീയ ജനതാ പാർട്ടിയിലേക്കുള്ള ഞങ്ങളുടെ യാത്രയിലൂടെ ഭാരതത്തിൽ സാമൂഹ്യനീതി ഉറപ്പാക്കാൻ ഞങ്ങൾ എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നും ജെപി നദ്ദ കൂട്ടിച്ചേർത്തു.