ചെന്നൈ: തമിഴ്‌നാട്ടിലെ ഈറോഡ് മണ്ഡലത്തിൽ നിന്നുള്ള സിറ്റിംഗ് എംപിയായ എംഡിഎംകെയുടെ എ ഗണേശമൂർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീടനാശിനി കലർത്തിയ വെള്ളം കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് സംശയം. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ട ഗണേശമൂർത്തിയെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബാംഗങ്ങൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്നലെ രാവിലെ 9.30നാണ് ഗണേശമൂർത്തിയെ റൂമിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് പിന്നീട് വിദഗ്‌ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് മാറ്റുകയായിരുന്നു. കീടനാശിനി വെള്ളത്തിൽ കലക്കിയതായി റൂമിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ആത്മഹത്യാശ്രമം ആണെന്നാണ് സൂചന. സംഭവത്തിൽ ഈറോഡ് ശൂരംപട്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിലവിലെ റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് സൂചന. ഗണേശമൂർത്തിയെ ആശുപത്രിയിൽ സന്ദർശിച്ച എംഡിഎംകെ നേതാവ് ദുരൈ വൈകോ ഈറോഡ് എംപി ഇസിഎംഒ ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും പറഞ്ഞിരുന്നു.
ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈറോഡ് സീറ്റിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായ ഡിഎംകെയാണ് മത്സരിക്കുന്നത്. പകരം വിരുതുനഗർ സീറ്റ് ഘടകകക്ഷിയായ എംഡിഎംകെയ്ക്ക് വിട്ടുനൽകുകയും ചെയ്‌തിരുന്നു. എംഡിഎംകെ നേതാവ് വൈക്കോയുടെ മകനാണ് ഇവിടെ സ്ഥാനാർഥി. ഇപ്രാവശ്യവും പാർട്ടി തനിക്കു സീറ്റ് നൽകുമെന്ന് ഗണേശമൂർത്തി എല്ലാവരോടും പറഞ്ഞിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ പാർട്ടിയിലെ മുതിർന്ന നേതാവ് കൂടിയായ അദ്ദേഹത്തോട് കൂടിയാലോചിക്കാതെയാണ് ഈ സീറ്റിൽ സ്ഥാനാർത്ഥിയെ നിശ്ചയിച്ചതെന്നും ഇത് അദ്ദേഹത്തിന്റെ വലിയ മനോവിഷമം ഉണ്ടാക്കിയെന്നുമാണ് സൂചന. പാർട്ടിക്ക് വേണ്ടി നിരവധി തവണ ജയിൽവാസം അനുഭവിച്ച നേതാവാണ് ഗണേശമൂർത്തി. രണ്ട് തവണ എംപിയും, എംഎൽഎയുമായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം ഈറോഡിൽ വച്ച് നടന്ന ഇന്ത്യ മുന്നണിയുടെ കൺവൻഷനിൽ ഗണേശമൂർത്തിയും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു സംഭവം ഉണ്ടാവുന്നത്. അദ്ദേഹത്തെ ഡിഎംകെ, ഇടത് പാർട്ടി നേതാക്കൾ എന്നിവർ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. സംസ്ഥാന നഗരവികസന, ഭവന, എക്സൈസ്, നിരോധന വകുപ്പ് മന്ത്രി എസ്.മുത്തുസാമി, മൊടക്കുറിച്ചിയിലെ ബിജെപി എംഎൽഎ ഡോ.സി.സരസ്വതി, എഐഎഡിഎംകെ നേതാവ് കെവി രാമലിംഗം തുടങ്ങിയ വിവിധ കക്ഷികളിലെ നേതാക്കളും ആശുപത്രിയിലെത്തി ഗണേശമൂർത്തിയുടെ ആരോഗ്യവിവരം തേടിയിരുന്നു. സംഭവത്തിൽ വിശദമായി അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.