23 in Thiruvananthapuram

തമിഴ്‌നാട്ടില്‍ ഇന്ത്യ സഖ്യത്തിന്റെ തേരോട്ടം, കര്‍ണാടക, രാജസ്ഥാന്‍, ബീഹാര്‍ കൈവിടുമെന്ന് സര്‍വേ

7 months ago
TV Next
86

തമിഴ്‌നാട്ടില്‍ ഇന്ത്യ സഖ്യത്തിന് മുന്‍തൂക്കം പ്രവചിച്ച് മാതൃഭൂമി ന്യൂസ് പി മാര്‍ക് സര്‍വേ. ഡിഎംകെ, കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നാണ് തമിഴ്‌നാട്ടില്‍ മത്സരിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 36 മുതല്‍ 39 സീറ്റ് വരെ ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. അതേസമയം എന്‍ഡിഎ സഖ്യത്തിന് പരമാവധി രണ്ട് സീറ്റ് വരെയാണ് സര്‍വേ പ്രവചിക്കുന്നത്.

മറ്റുള്ളവര്‍ക്ക് പരമാവധി രണ്ട് സീറ്റ് ലഭിക്കാമെന്നും സര്‍വേ പറയുന്നു. ഇത്തവണ ബിജെപി അണ്ണാഡിഎംകെ സഖ്യമില്ലാതെയാണ് തമിഴ്‌നാട്ടില്‍ മ്ത്സരിക്കുന്നത്. ഇത് തിരിച്ചടിയാവുമെന്ന സൂചനയാണ് സര്‍വേ നല്‍കുന്നത്.

 

അതേസമയം സുപ്രധാനപ്പെട്ട മൂന്ന് സംസ്ഥാനങ്ങളില്‍ പ്രതിപക്ഷം തകര്‍ന്നടിയുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ബീഹാര്‍, രാജസ്ഥാന്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് പ്രതിപക്ഷത്തിന് തിരിച്ചടി നല്‍കുക. ബീഹാറില്‍ എന്‍ഡിഎ 32 മുതല്‍ പരമാവധി 38 സീറ്റ് വരെ നേടും. 40 സീറ്റാണ് ഇവിടെയുള്ളത്. ഇന്ത്യ സഖ്യത്തിന് രണ്ട് മുതല്‍ പരമാവധി പത്ത് സീറ്റ് വരെയാണ് ലഭിക്കുകയെന്നും സര്‍വേ പ്രവചിക്കുന്നു. ഇവിടെ നിതീഷ് കുമാര്‍ പോയത് തിരിച്ചടിയാവുമെന്നാണ് വ്യക്തമാവുന്നത്. നിലവില്‍ ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ ചേര്‍ന്നാണ് ഇവിടെ സഖ്യമായി മത്സരിക്കുന്നത്. 2019ല്‍ ഒരു സീറ്റ് മാത്രമാണ് ഇവിടെ പ്രതിപക്ഷത്തിന് ലഭിച്ചത്.കര്‍ണാടകയില്‍ എന്‍ഡിഎയ്ക്ക് 24 മുതല്‍ 27 സീറ്റ് വരെ ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ഇവിടെ ബിജെപിയും ജെഡിഎസ്സും സഖ്യമായിട്ടാണ് മത്സരിക്കുന്നത്.

 

 

അതേസമയം ഇന്ത്യ സഖ്യത്തിന് ഒന്ന് മുതല്‍ പരമാവധി നാല് സീറ്റ് വരെ ലഭിച്ചേക്കാമെന്നും സര്‍വേ പറയുന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസും ജെഡിഎസ്സും സഖ്യമായിട്ടായിരുന്നു കര്‍ണാടകയില്‍ മത്സരിച്ചത്. എന്നാല്‍ രണ്ട് പേര്‍ക്കും സഖ്യം കൊണ്ട് നേട്ടമുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് ഇത്തവണ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ വമ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതേസമയം രാജസ്ഥാനില്‍ വീണ്ടും മോദി തരംഗം ആവര്‍ത്തിക്കുമെന്നാണ് സര്‍വേ പറയുന്നത്. എന്‍ഡിഎ സഖ്യം 23 സീറ്റ് നേടുമെന്നാണ് പ്രവചനം. പരമാവധി 25 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. രാജസ്ഥാനില്‍ ആകെ 25 സീറ്റുകളാണ് ഉള്ളത്. ഇന്ത്യ സഖ്യത്തിന് പരമാവധി രണ്ട് സീറ്റുകള്‍ വരെ ലഭിക്കാനേ സാധ്യതയുള്ളൂ.

എന്നാല്‍ കഴിഞ്ഞ രണ്ട് തവണയും രാജസ്ഥാനിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസിന് സീറ്റുകളൊന്നും ലഭിച്ചിരുന്നില്ല. ബിജെപി 25 സീറ്റുകളും തൂത്തുവാരിയിരുന്നു. നിലവില്‍ സംസ്ഥാനത്ത് അധികാരവും കോണ്‍ഗ്രസിന് നഷ്ടപ്പെട്ടിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി ആവര്‍ത്തിക്കുമെന്നാണ് സര്‍വേയും പ്രവചിക്കുന്നത്..

 

Leave a Reply