പാലക്കാട്: ബി ജെ പിയുടെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാലക്കാട് എത്തും. മണ്ഡലത്തില്‍ റോഡ് ഷോ ഉള്‍പ്പെടേയുള്ള പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. നേരത്തെ പത്തനംതിട്ടയിലും തൃശൂരിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നെങ്കിലും ഔദ്യോഗികമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇത് ആദ്യമായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.
രാവിലെ മേഴ്സി കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് റോഡ് മാർഗം കോട്ടമൈതാനത്ത് എത്തും. തുടർന്ന് രാവിലെ 9.30ഓടെ അഞ്ചുവിളക്കു പരിസരത്തു നിന്ന് സുൽത്താൻപേട്ട വഴി പാലക്കാട് ഹെഡ്പോസ്റ്റ് ഓഫിസ് പരിസരം വരെയായിരിക്കും റോഡ് ഷോ. ഇവിടെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പ്രധാനമന്ത്രി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യും.
പ്രധാനമന്ത്രിയെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ പാർട്ടി നേതാക്കളും സാമൂഹിക, സംഘടനാ മേഖലയിലെ പ്രമുഖരും അടങ്ങുന്ന സംഘം സ്വീകരിക്കും. അര ലക്ഷത്തിലധികം പേർ പ്രധാനമന്ത്രിയുടെ റോഡ് ഷോ കാണാനെത്തുമെന്നും ഒരുക്കങ്ങളെല്ലാം പൂർത്തിയായതായും പാലക്കാട് സംഘടിപ്പിച്ച വാർത്താസമ്മേളത്തിൽ സംസാരിക്കവെ കെ സുരേന്ദ്രന്‍ പറഞ്ഞു.
പാലക്കാട് മണ്ഡലത്തേതിന് പുറമെ മലപ്പുറം പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും റോഡ് ഷോയുടെ ഭാഗമാകും. പാലക്കാട് ഉള്‍പ്പെടെ എല്ലാ മണ്ഡലങ്ങളിലും പാർട്ടിക്ക് മികച്ച വിജയ പ്രതീക്ഷയാണുള്ളത്. കേരളത്തില്‍ ഇത്തവണ ബി ജെ പി ചരിത്രം തിരുത്തുമെന്നും കെ സുരേന്ദ്രന്‍ അവകാശപ്പെട്ടു. മോദിയുടെ ഗ്യാരണ്ടി എന്നത് ഭാവിയിൽ ചെയ്യാനുള്ള കാര്യങ്ങൾ മാത്രമല്ല കേന്ദ്രസർക്കാർ നടപ്പിലാക്കിയ കാര്യങ്ങൾ കൂടിയാണ്. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടനയുള്ള രാജ്യമായി ഇന്ത്യ മാറി. ഒരു എംപി പോലും ഇല്ലാതിരുന്നിട്ടും കേരളത്തിന് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സഹായം നൽകിയത് മോദി സർക്കാരാണ്.
കാസർകോട്-തിരുവനന്തപുരം 6 വരി പാത, കൊച്ചി മെട്രോയും കൊച്ചി കപ്പൽശാലയും വികസിപ്പിക്കൽ, മാഹി- തലശ്ശേരി, കൊല്ലം- ആലപ്പുഴ ബൈപ്പാസുകൾ, തിരുവനന്തപുരം, കൊച്ചി സ്‌മാർട്ട് സിറ്റി പദ്ധതികൾ, അമൃത് പദ്ധതി, കേരളത്തിലെ റെയിൽവെ സ്റ്റേഷനുകളുടെ ആധുനികവത്ക്കരണം തുടങ്ങി അടിസ്ഥാന വികസനരംഗത്ത് വലിയ മാറ്റമാണ് സംസ്ഥാനത്ത് കേന്ദ്രസർക്കാർ സൃഷ്ടിച്ചതെന്നും കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞു.